Kerala
ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
പുത്തന്‍വേലിക്കരയ്ക്ക് സമീപത്ത് താമസിക്കുന്ന പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.
കൊച്ചി | പറവൂര്‍ പുത്തന്‍വേലിക്കര ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ മൂന്നു പേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. ഇതിനിടെ ഒരു കുട്ടി പുഴയിലെ കുഴിയിലേക്ക് വീണു.കുഴിയിലേക്ക് വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ മറ്റ് രണ്ട് പേർ കൂടി അപകടത്തിൽപ്പെടുകയായിരുന്നു.
സമീപത്തുണ്ടായിരുന്ന മറ്റ് രണ്ടുകുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഒഴുക്കില്‍പ്പെട്ട കുട്ടികളെ രക്ഷപ്പെടുത്തിയത്.തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് പേർ മരണത്തിന് കീഴടങ്ങുകയായിരുന്നു.
വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപമാണ് അപകടം നടന്നത്. .മുത്തച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് മരിച്ചത്.