National
5 വർഷം, ₹300 കോടി, 5,000 വിസകൾ; ഡൽഹിയിൽ വൻ വ്യാജ വിസ റാക്കറ്റ് പിടിയിൽ
സംഘം പ്രതിമാസം 30 മുതൽ 60 വരെ വ്യാജ വിസകൾ ഉണ്ടാക്കുന്നുണ്ടെന്നും വെറും 20 മിനിറ്റിനുള്ളിൽ വിസ സ്റ്റിക്കർ തയ്യാറാക്കാൻ കഴിയുമെന്നും പോലീസ്

ന്യൂഡൽഹി | സെപ്റ്റംബർ രണ്ടിന് ഡൽഹി വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ ഹരിയാന സ്വദേശിയായ സന്ദീപ് എന്നയാൾ വ്യാജ സ്വീഡിഷ് വിസയിൽ ഇറ്റലിയിലേക്ക് പറക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. ചോദ്യം ചെയ്യലിൽ, തൻ്റെ ഗ്രാമത്തിൽ നിന്ന് നിരവധി ആളുകൾ ഇതേ വ്യാജ വിസ ഉപയോഗിച്ച് വിദേശത്ത് സന്ദർശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. സന്ദീപിൻ്റെ വെളിപ്പെടുത്തലുകൾ കഴിഞ്ഞ അഞ്ച് വർഷമായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു വ്യാജ വിസ റാക്കറ്റിനെ തകർക്കുന്നതിലേക്കാണ് നയിച്ചത്. ഇതുവരെ നാലായിരം മുതൽ അയ്യായിരം വരെ വ്യാജ വിസകൾ നിർമ്മിച്ച് 300 കോടി രൂപ സമ്പാദിച്ച വൻ റാക്കറ്റിലെ കണ്ണികളാണ് ഡൽഹി പോലീസിന്റെ പിടിയിലായത്.
ആസിഫ് അലി എന്ന ഏജൻ്റ് വഴി 10 ലക്ഷം രൂപ നൽകിയാണ് വ്യാജ വിസ നേടിയതെന്ന് സന്ദീപ് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് ആസിഫ് അലിയെയും കൂട്ടാളികളായ ശിവ ഗൗതം, നവീൻ റാണ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ, സംഘവുമായി ബന്ധമുള്ള രണ്ട് ഏജൻ്റുമാരുടെ പേരുകൾ കൂടി ശിവ ഗൗതം വെളിപ്പെടുത്തി – ബൽബീർ സിംഗും, ജസ്വീന്ദർ സിംഗും. ഇവരെയും അറസ്റ്റ് ചെയ്തു. ഡൽഹിയിലെ തിലക് നഗർ ഏരിയയിലെ മനോജ് മോംഗ എന്നയാൾ നടത്തിയിരുന്ന ഫാക്ടറിയിൽ നിന്നാണ് പല രാജ്യങ്ങളിലേക്കുള്ള വ്യാജ വിസകൾ നിർമ്മിച്ചതെന്ന് അവർ പിന്നീട് വെളിപ്പെടുത്തി.
തുടർന്ന് പോലീസ് തിലക് നഗറിലെ ഫാക്ടറി റെയ്ഡ് ചെയ്യുകയും ഗ്രാഫിക് ഡിസൈനിൽ ഡിപ്ലോമയുള്ള മനോജ് മോംഗയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏകദേശം അഞ്ച് വർഷം മുമ്പാണ്, ജയ്ദീപ് സിംഗ് എന്ന വ്യക്തിയെ മനോജ് കണ്ടുമുട്ടിയത്. അദ്ദേഹം തൻ്റെ ഗ്രാഫിക് ഡിസൈനിംഗ് കഴിവുകൾ ഉപയോഗിച്ച് വ്യാജ വിസ ഉണ്ടാക്കാൻ മനോജിനെ പ്രോത്സാഹിപ്പിച്ചു. മനോജിന് ആവശ്യമായ ഉപകരണങ്ങളും ഇയാൾ വാങ്ങിനൽകി.
സംഘം പ്രതിമാസം 30 മുതൽ 60 വരെ വ്യാജ വിസകൾ ഉണ്ടാക്കുന്നുണ്ടെന്നും വെറും 20 മിനിറ്റിനുള്ളിൽ വിസ സ്റ്റിക്കർ തയ്യാറാക്കാൻ കഴിയുമെന്നും പോലീസ് പറയുന്നു. 8-10 ലക്ഷം രൂപയ്ക്കാണ് ഓരോ വ്യാജ വിസയും വിറ്റത് . ആശയവിനിമയത്തിനായി ടെലിഗ്രാം, സിഗ്നൽ, വാട്ട്‌സ്ആപ്പ് എന്നിവയാണ് റാക്കറ്റ് ഉപയോഗിച്ചിരുന്നത്.
ഇതുവരെ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 16 നേപ്പാളി പാസ്‌പോർട്ടുകൾ, രണ്ട് ഇന്ത്യൻ പാസ്‌പോർട്ടുകൾ, 30 വിസ സ്റ്റിക്കറുകൾ, 23 വിസ സ്റ്റാമ്പുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ടെന്നും ഐജിഐ എയർപോർട്ട് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉഷാ രംഗ്‌രാണി പറഞ്ഞു. ഡൈ മെഷീനുകൾ, പ്രിൻ്ററുകൾ, ലാമിനേറ്റിംഗ് ഷീറ്റുകൾ, ലാപ്‌ടോപ്പുകൾ, യുവി മെഷീനുകൾ തുടങ്ങി വ്യാജ വിസകൾ നിർമ്മിക്കാൻ ഉപയോഗിച്ച നിരവധി ഉപകരണങ്ങളും റെയ്ഡിൽ കണ്ടെടുത്തിട്ടുണ്ട്.