Connect with us

National

5ജി സ്പെക്ട്രം: ലേല നടപടികൾ തുടങ്ങി; കൂടുതൽ പണം മുടക്കി റിലയൻസ് ജിയോ

റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ ലേലത്തിൽ പങ്കെടുക്കുന്നു.

Published

|

Last Updated

ന്യൂഡൽഹി | 5ജി ടെലികോം സ്പെക്‌ട്രത്തിന്റെ ലേല നടപടികൾ ഓൺലെെനിൽ തുടങ്ങി. രാവിലെ 10 മണിക്ക് തുടങ്ങിയ ലേല നടപടികൾ വൈകുന്നേരം 6 മണി വരെ തുടരും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഡാറ്റ നെറ്റ്‌വർക്കുകൾ ലേലത്തിൽ പങ്കെടുക്കുന്നുണ്ട്.

റേഡിയോ തരംഗങ്ങളുടെ യഥാർത്ഥ ആവശ്യകതയെയും വ്യക്തിഗത ലേലക്കാരുടെ തന്ത്രത്തെയും ആശ്രയിച്ചിരിക്കും ലേല ദിവസങ്ങളുടെ എണ്ണം എന്ന് ടെലികോം ഡിപ്പാർട്ട്മെന്റ് വൃത്തങ്ങൾ അറിയിച്ചു. 4.3 ലക്ഷം കോടി രൂപ വിലമതിക്കുന്ന 72 ജിഗാഹെർട്‌സ് സ്‌പെക്‌ട്രമാണ് ലേലത്തിന് വെച്ചിരിക്കുന്നത്. ഇതിന്റെ കാലാവധി 20 വർഷമായിരിക്കും.

600 MHz, 700 MHz, 800 MHz, 900 MHz, 1800 MHz, 2100 MHz, 2300 MHz എന്നീ ലോലെവല്‍ വേവുകള്‍, മിഡ് (3300 MHz), ഉയർന്ന (26 GHz) ഫ്രീക്വൻസി ബാൻഡുകളിലുള്ള സ്പെക്ട്രത്തിനായാണ് ലേലം നടക്കുന്നത്. ലേലത്തിൽ വിജയിച്ച കമ്പനിക്ക് ഇതിലൂടെ 5ജി സേവനം ലഭ്യമാക്കാനാകും. നിലവിലെ 4ജി സേവനത്തേക്കാൾ 10 മടങ്ങ് വേഗതയുണ്ടാകാനാണ് സാധ്യത.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയാണ് ഏറ്റവും കൂടുതല്‍ പണം മുടക്കുന്നത്. പിന്നാലെ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ, അദാനി ഗ്രൂപ്പ് എന്നിവയുമുണ്ട്. ജിയോ 14,000 കോടി ഏണസ്റ്റ് മണി ഡെപ്പോസിറ്റ് (EMD) നടത്തിയപ്പോൾ എതിരാളിയായ അദാനി ഗ്രൂപ്പ് 100 കോടി രൂപയാണ് നിക്ഷേപിച്ചത്. വോഡഫോൺ ഐഡിയ 2200 കോടി രൂപയും ഭാരതി എയർടെൽ 5500 കോടി രൂപയും നിക്ഷേപിച്ചു. ലേലത്തിൽ ഒരു കമ്പനിക്ക് ലേലം വിളിക്കാൻ സാധ്യതയുള്ള സ്പെട്രത്തിന്‍റെ അളവിന്‍റെ പ്രതിഫലനമാണ് അവര്‍ കെട്ടിവയ്ക്കുന്ന ഏണസ്റ്റ് മണി ഡെപ്പോസിറ്റ്.

ലേലത്തിനായി ജിയോയ്ക്ക് അനുവദിച്ചിട്ടുള്ള യോഗ്യതാ പോയിന്റുകൾ 1,59,830 ആണ്. ഇത് നാല് ബിഡ്ഡർമാരുടെ പട്ടികയിൽ ഏറ്റവും ഉയർന്നതാണ്. എയർടെല്ലിന്റെ യോഗ്യതാ പോയിന്റുകൾ 66,330 ആണ്. വോഡഫോൺ ഐഡിയയ്ക്ക് 29,370 ആണ്. നിക്ഷേപ തുകയുടെ അടിസ്ഥാനത്തിൽ അദാനിക്ക് 1,650 പോയിന്റുകൾ ലഭിച്ചു. ലേലത്തിൽ കുറഞ്ഞ വിലയുള്ള സ്‌പെക്‌ട്രത്തിന് മാത്രമേ അദാനി ലേലം വിളിക്കൂ എന്നാണ് ഇത് കാണിക്കുന്നത്.

അദാനിയുടെ എയർപോർട്ടുകൾ, പവർ, ഡാറ്റാ സെന്ററുകൾ, മറ്റ് ബിസിനസുകള്‍ എന്നിവയെ ബന്ധിപ്പിച്ച് ഒരു സ്വകാര്യ നെറ്റ്‌വർക്ക് സൃഷ്ടിക്കാനാണ് 5ജി സ്പെക്ട്രം ലേലത്തില്‍ പങ്കെടുക്കുന്നത് എന്നാണ് അദാനി ഈ മാസം ആദ്യം വ്യക്തമാക്കിയത്. അതായത് വാണിജ്യ അടിസ്ഥാനത്തില്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാന്‍ അദാനി ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നില്ല എന്നർഥം.

എന്താണ് സ്പെക്ട്രം, അത് എങ്ങനെ പ്രവർത്തിക്കുന്നു?

ടെലികമ്മ്യൂണിക്കേഷൻ ഉൾപ്പെടെ നിരവധി സേവനങ്ങൾക്കായി വയർലെസ് ആയി വിവരങ്ങൾ കൊണ്ടുപോകാൻ കഴിയുന്ന വൈദ്യുതകാന്തിക സ്പെക്ട്രത്തിനുള്ളിലെ റേഡിയോ ഫ്രീക്വൻസികളാണ് എയർവേവ്സ്. ഈ എയർവേവുകൾ കൈകാര്യം ചെയ്യുകയും അനുവദിക്കുകയും ചെയ്യുന്നത് സർക്കാരാണ്. സ്പെക്ട്രത്തെ താഴ്ന്ന ആവൃത്തി മുതൽ ഉയർന്ന ആവൃത്തി വരെയുള്ള ബാൻഡുകളായി തിരിക്കാം. ഹൈ-ഫ്രീക്വൻസി തരംഗങ്ങൾ കൂടുതൽ ഡാറ്റ വഹിക്കുന്നതും ലോ-ഫ്രീക്വൻസി തരംഗങ്ങളേക്കാൾ വേഗതയുള്ളവയുമാണ്. പക്ഷേ അവ എളുപ്പത്തിൽ തടയാനോ തടസ്സപ്പെടുത്താനോ കഴിയും. ലോവർ ഫ്രീക്വൻസി തരംഗങ്ങൾക്ക് വിശാലമായ കവറേജ് നൽകാൻ കഴിയും.

എന്താണ് 5ജി?

ഇന്റർനെറ്റ് നെറ്റ്‌വർക്കിന്റെ അഞ്ചാം തലമുറയെ 5G എന്ന് വിളിക്കുന്നു. തരംഗങ്ങളിലൂടെ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന വയർലെസ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമാണിത്. 5G നെറ്റ്‌വർക്കിൽ 20 Gbps വരെയുള്ള ഡാറ്റ ഡൗൺലോഡ് വേഗത കണ്ടെത്താനാകും. പ്രധാനമായും മൂന്ന് തരം ഫ്രീക്വൻസി ബാൻഡുകളാണ് 5ജിയിലുള്ളത്.

  • ലോ ഫ്രീക്വൻസി ബാൻഡ് – ഏരിയ കവറേജിൽ മികച്ചത്. ഇന്റർനെറ്റ് വേഗത 100 Mbps വരെ.
  • മിഡ് ഫ്രീക്വൻസി ബാൻഡ് – ഇൻറർനെറ്റ് വേഗത 1.5 ജിബിപിഎസ്, ഏരിയ കവറേജ് ലോ ഫ്രീക്വൻസി ബാൻഡിനേക്കാൾ കുറവാണ്.
  • ഹെെ ഫ്രീക്വൻസി ബാൻഡ് – ഇന്റർനെറ്റ് വേഗത പരമാവധി 20 Gbps വരെ. ഏറ്റവും കുറഞ്ഞ ഏരിയ കവറേജ്.