Connect with us

International

ഫലസ്തീനികളെ പട്ടിണിക്കിട്ടുള്ള ക്രൂരതക്ക് 50 നാളുകള്‍; ആക്രമണം രൂക്ഷമാക്കി ഇസ്‌റാഈല്‍, ഇന്നലെ കൊന്നത് 61 പേരെ

ഗസ്സ അഭിമുഖീകരിക്കുന്നത് യുദ്ധത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയെന്ന് ഐക്യരാഷ്ട്ര സഭ

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്‌റാഈലിന്റെ പൂര്‍ണ ഉപരോധത്തില്‍ ഭക്ഷണവും മരുന്നും മാനുഷിക സഹായവും ഫലസ്തീനില്‍ നിശ്ചലമായിട്ട് 50 നാളുകള്‍ പിന്നിടുന്നു. ഉപരോധം തീര്‍ത്ത്് പട്ടിണിക്കിട്ട് ക്രൂരമായി കൊല്ലുന്നതിനൊപ്പം ഗസ്സയില്‍ വ്യാമ കരയാക്രമണവും ഇസ്‌റാഈല്‍ ശക്തമാക്കി. ഇന്നലെ മാത്രം 61 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 150ലധികം പേര്‍ക്ക് പരുക്കേറ്റു. ഹമാസ് ഒരു അധിനിവേഷ സൈനികനെയും കൊലപ്പെടുത്തി. ഹമാസുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരുക്കേറ്റതായി ഇസ്‌റാഈല്‍ അറിയിച്ചു.

ഗസ്സയിലെ സ്ഥിതി അത്യന്തം പരിതാപകരമെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. എത്രയും വേഗം ഗസ്സക്ക് സഹായം ലഭ്യമാക്കാന്‍ നടപടി വേണമെന്ന് വിവിധ യു എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. യുദ്ധത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയാണ് ഗസ്സ അഭിമുഖീകരിക്കുന്നതെന്നാണ് ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാട്ടുന്നത്. ഗസ്സയിലെ സാധാരണക്കാരുടെ അഭയ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം തുടരുന്നത്. കൊല്ലപ്പെടുന്നവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വീടുകളും അഭയാര്‍ഥി ക്യാമ്പുകളും ലക്ഷ്യമാക്കിയാണ് വ്യോമാക്രമണങ്ങള്‍ തുടരുന്നത്. മധ്യ ഗസ്സയിലെ നുസൈറത്തിനടുത്തുള്ള ഒരു ടെന്റില്‍
മൂന്ന് കുട്ടികളും ഗസ്സ നഗരത്തിലെ ഒരു വീട്ടില്‍ ഒരു സ്ത്രീയും നാല് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും.

ഗസ്സയില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് ഒരു സൈനികന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തത്. ഹമാസിന്റെ ഗറില്ലാ യുദ്ധതന്ത്രങ്ങളെ കരുതിയിരിക്കമെന്ന് പ്രതിരോധ മന്ത്രാലയം സൈനികര്‍ക്ക് നിര്‍ദേശം നല്‍കിയതായി ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

Latest