Uae
അല്‍ ഐന്‍ മൃഗശാല, സഫാരി ടിക്കറ്റ് നിരക്കില്‍ അമ്പത് ശതമാനം ഇളവ്
മൃഗശാലയിലേക്കും സഫാരിയിലേക്കും കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനാണ് അമ്പത് ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത്

അബൂദബി മേഖലയിലെ ഏറ്റവും വലിയ മൃഗശാലയായ അല്‍ ഐന്‍ മൃഗശാലയും അല്‍ ഐന്‍ സഫാരിയും പ്രവേശന ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. ശൈത്യകാല പ്രചാരണത്തിന്റെ ഭാഗമായാണ് നിരക്കിളവ് അനുവദിക്കുക. മൃഗശാലയിലേക്കും സഫാരിയിലേക്കും കൂടുതല്‍ സഞ്ചാരികളെ എത്തിക്കുന്നതിനാണ് അമ്പത് ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത്. അബൂദബി, അല്‍ ഐന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മാളുകളിലും നാഗസഭ ഓഫീസുകളിലും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും അല്‍ ഐന്‍ മൃഗശാലയും, സഫാരിയും സംയുക്തമായി ഒരുക്കിയ പവലിയനുകളിലൂടെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക. മുതിര്‍ന്നവരുടെ പ്രവേശന നിരക്ക് 30 ദിര്‍ഹം മില്‍ നിന്നും 15 ദിര്‍ഹമായും കുട്ടികള്‍ക്ക് 10 ദിര്‍ഹം അഞ്ചു ദിര്‍ഹമായുമാണ് കുറച്ചത്.
സഫാരി സന്ദര്‍ശിക്കാന്‍ ഒരാള്‍ക്ക് 200 ദിര്‍ഹമാണ് നിരക്ക്, ഇത് 100 ദിര്‍ഹമിന് ലഭിക്കും. 1000 ദിര്‍ഹം വിലയുണ്ടായിരുന്ന ഫാമിലി ടിക്കറ്റ് ഇപ്പോള്‍ അഞ്ഞൂറ് ദിര്‍ഹമിനും ലഭിക്കും. ഫാമിലി ടിക്കറ്റ് വഴി ഒരു കുടുംബത്തിലെ ഏഴു ആളുകള്‍ക്ക് പ്രവേശിക്കാനാകും.
അല്‍ ഐന്‍ മൃഗശാലയുടെ പ്രതിനിധി അഹമ്മദ് അറിയിച്ചു. സഫാരിക്കും, മൃഗശാലക്കും പുറമെ ശൈഖ് സായിദ് ലേര്‍ണിംഗ് സെന്ററിന്റെ പ്രവേശന നിരക്കിലും അമ്പത് ശതമാനം ഇളവ് ലഭിക്കും. പവലിയനുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ആറ് മാസത്തെ കാലാവധി ലഭിക്കും. ആറ് മാസത്തിനകം സന്ദര്‍ശിച്ചാല്‍ മതിയാകും.
കഴിഞ്ഞ മൂന്ന് ദിവസമായി അബൂദബി മറീന മാളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഐന്‍ മൃഗശാലയുടെ പവലിയന്‍ ഇന്ന് സമാപിക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പവലിയന്‍ സന്ദര്‍ശിക്കാനുള്ള അവസരം. പവലിയനിലെത്തുന്നവര്‍ക്ക് വിവിധ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവുമുണ്ട്. മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് മൃഗശാല സന്ദര്‍ശിക്കാനുള്ള സൗജന്യ ടിക്കറ്റ് സമ്മാനമായി ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ ദേശീയ പക്ഷിയായും പ്രതീകമായും അറിയപ്പെടുന്ന ഇരപിടിയന്‍ പക്ഷിയായ കഷണ്ടി കഴുകന്‍,പെരുംമ്പാമ്പ് , യു എ ഈ യുടെ ദേശീയ പക്ഷിയായ ഫാല്‍ക്കണ്‍ എന്നിവയെ പവലിയന്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് കാണാനാകും. സഫാരിയും മൃഗശാലയും സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് ഇപ്പോള്‍. ശൈത്യകാല പ്രചാരണത്തിന്റെ ഭാഗമായാണ് ഇളവ് പ്രഖ്യാപിച്ചത് മലയാളിയും മൃഗശാലയിലെ പ്രധാന പരിശീലകനുമായ ടി കെ മുഹമ്മദ് കുഞ്ഞി ഹാജി കോട്ടപ്പുറം പറഞ്ഞു.
അല്‍ ഐന്‍ മൃഗശാല
4,000-ലധികം മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ് അല്‍ ഐന്‍ മൃഗശാല. ജിറാഫിന് ഭക്ഷണം നല്‍കുന്ന അനുഭവം, ഒട്ടക സവാരി, അറേബ്യന്‍ ഓറിക്സ്, വലിയ കൊമ്പുള്ള ബാര്‍ബറി ആടുകള്‍, കാണ്ടാമൃഗങ്ങള്‍, ഹിപ്പോകള്‍, കടുവകള്‍, സിംഹങ്ങള്‍ എന്നിവയും തദ്ദേശീയവും വിദേശീയവുമായ ജീവിവര്‍ഗങ്ങളുടെ ആവാസ കേന്ദ്രമാണ്. മൃഗശാലയുടെ സംരക്ഷണ-പ്രജനന പരിപാടി അപൂര്‍വ ജന്തുജാലങ്ങളെ വംശനാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. മൃഗശാലയില്‍ എത്തുന്നവര്‍ക്കായി ധാരാളം ഹരിത പൊതു ഇടങ്ങളും കളിസ്ഥലങ്ങളും കഫേകളും ഭക്ഷണശാലകളും ഉണ്ട്. വൈല്‍ഡ് ലൈഫ് ഏരിയയില്‍ ഒരു ട്രെയിന്‍ ടൂറും ഉണ്ട്.
ശൈഖ് സായിദ് ഡെസേര്‍ട്ട് ലേണിംഗ് സെന്റര്‍
യുഎഇയുടെ പ്രകൃതി പരിസ്ഥിതിയെക്കുറിച്ച് കൂടുതലറിയാനുള്ള മികച്ച സ്ഥലമാണ് ശൈഖ് സായിദ് ഡെസേര്‍ട്ട് ലേണിംഗ് സെന്റര്‍. എനര്‍ജി ആന്റ് എന്‍വയോണ്‍മെന്റല്‍ ഡിസൈനിലെ ലീഡര്‍ഷിപ്പ് പ്ലാറ്റിനം സര്‍ട്ടിഫിക്കേഷനുള്ള മനോഹരമായ ഒരു കെട്ടിടത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. അഞ്ച് ഇന്ററാക്ടീവ് ഗാലറികള്‍ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രവും ഭാവി-മുന്നോട്ടുള്ള ആശയങ്ങളും പ്രദര്‍ശിപ്പിക്കുന്നു, പരിസ്ഥിതിയുമായുള്ള അവരുടെ ബന്ധം പുനഃപരിശോധിക്കാനും കൂടുതല്‍ സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കാനും സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു.
അല്‍ ഐന്‍ സഫാരി
ആകര്‍ഷകമായ ജബല്‍ ഹഫീത് പര്‍വതനിരയുടെ അടിത്തട്ടില്‍ 217 ഹെക്ടര്‍ സ്ഥലത്താണ് അല്‍ ഐന്‍ സഫാരി സ്ഥിതി ചെയ്യുന്നത്. ആഫ്രിക്കന്‍ സിംഹങ്ങള്‍, വെള്ള കാണ്ടാമൃഗങ്ങള്‍, ഒട്ടകപ്പക്ഷി, സീബ്ര, കാട്ടുമൃഗങ്ങള്‍, വംശനാശഭീഷണി നേരിടുന്നവ, സ്‌കിമിറ്റര്‍ ഓറിക്‌സ് എന്നിവ കാണാനാകും. യുഎഇ രാഷ്ട്ര പിതാവായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ കാഴ്ചപ്പാടിന് അനുസൃതമായാണ് സഫാരി നിര്‍മ്മിച്ചത്