International
ബോംബേറില്‍ 50 പേര്‍ കൊല്ലപ്പെട്ടു; വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും തരിപ്പണമാക്കാന്‍ ഇസ്റാഈല്‍
ആശുപത്രി ഒഴിയാന്‍ ഭീഷണി; രോഗികളെ ഒഴിപ്പിക്കാനാകുന്നില്ല
ഗസ്സ | വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും ഇസ്റാഈല്‍ അധിനിവേശ സൈന്യം തകര്‍ത്ത് തരിപ്പണമാക്കുന്നു. കമാല്‍ അദ് വാൻ ആശുപത്രിക്ക് നേരെയുണ്ടായ ഇസ്റാഈല്‍ ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. അഞ്ച് മെഡിക്കല്‍ സ്റ്റാഫും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.
എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിടം ഒഴിയാനാണ് ഇസ്റാഈലിന്റെ ഭീഷണി. ഗുരുതരാവസ്ഥയിലുള്ള 75 രോഗികള്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരെ ഒഴിപ്പിക്കാനാകാതെ ഗസ്സ ആരോഗ്യ മന്ത്രാലയം കുടുങ്ങിയിരിക്കുകയാണ്.
ആശുപത്രിക്ക് അകത്തുനിന്ന് ഇപ്പോഴും തീ പടരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എമര്‍ജന്‍സി വിഭാഗത്തിന്റെ ഭാഗത്താണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാദേശിക വാര്‍ത്താ ഏജന്‍സികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്യുന്നത്.
കമാല്‍ അദ് വാന്‍ ആശുപത്രിയുമായുള്ള ബന്ധം പൂര്‍ണമായും നഷ്ടപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ രോഗികളും ജീവനക്കാരുമടക്കം 350 പേരാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയുടെ ഒരു ഭാഗം ഇന്നലെ തന്നെ ഇസ്്‌റാഈല്‍ തകര്‍ത്തിരുന്നു.