Connect with us

National

പ്രതിഷേധിച്ച 50 പ്രതിപക്ഷ എം.പിമാരെകൂടി ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു

രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും പാര്‍ലമെന്റിനു പുറത്തായിരിക്കുകയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| പാര്‍ലമെന്റില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നടപടി തുടരുന്നു. കെ. സുധാകരന്‍, ശശി തരൂര്‍ ഉള്‍പ്പെടെ 50 പ്രതിപക്ഷ എം.പിമാരെക്കൂടി സസ്പെന്‍ഡ് ചെയ്തു. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാരും പാര്‍ലമെന്റിനു പുറത്തായിരിക്കുകയാണ്. ഇതോടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ പാർലിമെന്റിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.

പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തെരഞ്ഞടുപിടിച്ചു സസ്പെന്‍ഡ് ചെയ്യുന്ന നടപടിയിലേക്കു കടന്നിരിക്കുകയാണ് സ്പീക്കര്‍ ഓം ബിര്‍ല. അടൂര്‍ പ്രകാശ്, അബ്ദുസ്സമദ് സമദാനി എന്നിവരാണ് ഇന്നു നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍. ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും സസ്പെന്‍ഡ് ചെയ്തു.

സുപ്രിയ സുലെ ഉള്‍പ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളും സസ്പെന്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി.

കഴിഞ്ഞ ദിവസം ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്സഭയില്‍നിന്നും 45 പേരെ രാജ്യസഭയില്‍നിന്നുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍നിന്നുള്ള എം.പിമാര്‍.

പാര്‍ലമെന്റ് സുരക്ഷാവിഴ്ചയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനായിരുന്നു എംപിമാര്‍ക്കെതിരെ നടപടി.

 

 

 

Latest