Connect with us

Uae

അജ്മാനിൽ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ്

ഒക്ടോബർ 31-ന് മുമ്പ്  ഉള്ള നിയമലംഘനങ്ങളുടെ പിഴകൾക്ക് കിഴിവ് ബാധകമാണ്.

Published

|

Last Updated

അജ്മാൻ | അജ്മാനിൽ നടത്തിയ ഗുരുതരമല്ലാത്ത എല്ലാ നിയമലംഘനങ്ങളുടെ പിഴകൾക്കും 50 ശതമാനം ഇളവ്. നവംബർ നാല് മുതൽ ഡിസംബർ 15 വരെയാണ് ഇളവ്. ഒക്ടോബർ 31-ന് മുമ്പ്  ഉള്ള നിയമലംഘനങ്ങളുടെ പിഴകൾക്ക് കിഴിവ് ബാധകമാണ്. രജിസ്റ്റർ ചെയ്ത വാഹന പിഴയും ട്രാഫിക് പോയിന്റുകളും വാഹനങ്ങൾ പിടിച്ചെടുക്കുന്നത് റദ്ദാക്കുന്നതും ഉൾക്കൊള്ളുന്നതാണ് പുതിയ സംരംഭം.

എന്നാൽ ഗുരുതരമായ ലംഘനങ്ങൾ ഇത് കവർ ചെയ്യുന്നില്ലെന്ന് അജ്മാൻ പോലീസ് പറഞ്ഞു. ലൈറ്റ് അല്ലെങ്കിൽ ഹെവി വാഹനങ്ങൾ അശ്രദ്ധമായി ഓടിക്കുക, ട്രക്ക് ഡ്രൈവർമാർ ഓവർടേക്ക് നിരോധിച്ച സ്ഥലത്ത് ഓവർടേക്ക് ചെയ്യുക, പരമാവധി വേഗപരിധി 80 കിലോമീറ്ററിൽ കൂടുക, മുൻകൂർ അനുമതിയില്ലാതെ വാഹനത്തിൽ മാറ്റം വരുത്തുക എന്നിവയാണ് തീരുമാനത്തിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത ഗുരുതരമായ ലംഘനങ്ങൾ.

നിയമലംഘനങ്ങൾക്ക് കുമിഞ്ഞുകൂടിയ പിഴ ഒഴിവാക്കാനുള്ള തീരുമാനം പ്രയോജനപ്പെടുത്താനും ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങൾ പാലിക്കാനും പോലീസ് എല്ലാ വാഹന ഉടമകളോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ മാസം മുതൽ അജ്മാനിൽ ട്രാഫിക് നിയമലംഘകരെ പിടികൂടാൻ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലെ 26 സ്ഥലങ്ങളിലാണ് പുതിയ സ്മാർട്ട് മോണിറ്ററിംഗ് ഗേറ്റുകൾ പ്രവർത്തനസജ്ജമാക്കിയത്.