Connect with us

Kerala

നൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു; ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍

നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു (രാജു ജോര്‍ജ്) വിനെയും കുടുംബത്തെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | നൂറുകണക്കിന് നിക്ഷേപകരില്‍ നിന്നായി 500 കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍. നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു (രാജു ജോര്‍ജ്) വിനെയും കുടുംബത്തെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചക്കു ശേഷം കോടതിയില്‍ ഹാജരാക്കും.

രാജുവിന് പുറമേ ഭാര്യ ഗ്രേസ്, മക്കളായ അലന്‍ ജോര്‍ജ്, അന്‍സന്‍ ജോര്‍ജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേ തിരുവല്ല സ്റ്റേഷനില്‍ പത്തും പുളിക്കീഴ് മൂന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്.

കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍, ആലപ്പുഴ ജില്ലകളിലായി നൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് കോടികളാണ് എന്‍ എം രാജു നിക്ഷേപമായി സ്വീകരിച്ചിട്ടുള്ളത്. നെടുമ്പറമ്പില്‍ ഫിനാന്‍സ്, നെടുമ്പറമ്പില്‍ ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് ഇങ്ങനെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വഴിയാണ് പണം സ്വീകരിച്ചത്. റിയല്‍ എസ്റ്റേറ്റ്, ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന രഹസ്യാന്വേഷണ ബ്യൂറോ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കോട്ടയം, തിരുവല്ല എന്നിവിടങ്ങളില്‍ കരിക്കിനേത്ത് സില്‍ക്സ് വാങ്ങി എന്‍ സി എസ് വസ്ത്രം എന്ന പേരില്‍ തുണിക്കടകള്‍ തുടങ്ങിയിരുന്നു. ഇത് വാങ്ങിയ വകയില്‍ കരിക്കിനേത്ത് ഉടമയ്ക്ക് ഇപ്പോഴും കോടികള്‍ നല്‍കാനുണ്ട്. കോട്ടയത്ത് തുണിക്കട ഇരുന്ന കെട്ടിടത്തിന്റെ വാടക നല്‍കാത്ത പ്രശ്‌നവുമുണ്ടായി.

ക്രൈസ്തവ സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കാതെ ഇരിക്കാന്‍ കഴിയില്ലെന്ന് വിശ്വാസികള്‍ അറിയിക്കുകയും കടയ്ക്ക് മുന്നില്‍ സമരം തുടങ്ങുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് എന്‍ സി എസ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് പുതിയ പേരുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ടാറ്റ, കിയ കാറുകളുടെ ഷോറൂമകളും എന്‍ സി എസിന്റെ പേരിലുണ്ട്. ഇതെല്ലാം നിലവില്‍ പ്രവര്‍ത്തന രഹിതമാണ്.

1.43 കോടി തിരികെ കിട്ടാനുണ്ടെന്ന് പറഞ്ഞ് അമേരിക്കന്‍ മലയാളി നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇത് പിന്നീട് ഒത്തുതീര്‍പ്പാക്കി. ഇതിന് പിന്നാലെ വിവിധ സ്റ്റേഷനുകളില്‍ പരാതി എത്തുകയും കേസെടുക്കുകയും ചെയ്തിരുന്നു.

നെടുമ്പറമ്പില്‍ ഗ്രൂപ്പിന് സാമ്പത്തിക സ്ഥാപനങ്ങളും വാഹന വില്‍പന ഷോറൂമുകളും വസ്ത്രവ്യാപാര സ്ഥാപനവും ഉണ്ട്. ഇവിടെ നിന്ന് ഏറെ നാളായി നിക്ഷേപകര്‍ക്ക് കാലാവധി കഴിഞ്ഞിട്ടും തുക മടക്കി നല്‍കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ചെറിയ തുകകള്‍ ഉള്ളവര്‍ പോലീസില്‍ പരാതി നല്‍കുമ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തി തിരികെ നല്‍കിയിരുന്നു.

 

Latest