Connect with us

From the print

500 വിദ്യാര്‍ഥികള്‍ക്ക് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസ്സോസിയേഷന്‍ പരിശീലനം നല്‍കും

പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കായിക ഇനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളില്‍ ആരംഭിച്ച ഹെല്‍ത്തി കിഡ്സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ നിയോജക മണ്ഡലങ്ങളില്‍ ആരംഭിച്ച ഗോള്‍ പദ്ധതിയിലൂടെ അഞ്ച് ലക്ഷം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഫുട്ബോള്‍ പരിശീലനം നല്‍കുമെന്നും അതില്‍ മികവ് പുലര്‍ത്തുന്ന 500 വിദ്യാര്‍ഥികള്‍ക്ക് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസ്സോസിയേഷന്റെ പരിശീലനം ലഭ്യമാക്കുമെന്നും കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍. അര്‍ജന്റീനിയന്‍ ഫുട്ബോള്‍ അസ്സോസിയേഷന്‍ ഇതിന് സന്നദ്ധത അറിയിച്ചതായി മന്ത്രി പറഞ്ഞു.

പൊതുവിദ്യാഭ്യാസ വകുപ്പും കായിക വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ഒരു സ്‌കൂള്‍ ഒരു ഗെയിം’ പദ്ധതിയുടെ സ്പോര്‍ട്സ് കിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജനുവരിയില്‍ നടന്ന കായിക ഉച്ചകോടിയിലൂടെയാണ് ഒരു സ്‌കൂള്‍ ഒരു ഗെയിം എന്ന ആശയം ലഭിച്ചതെന്ന് മന്ത്രി പറഞ്ഞു.

പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കായിക ഇനങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി 55 സ്‌കൂളുകളില്‍ ആരംഭിച്ച ഹെല്‍ത്തി കിഡ്സ് പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ 2,500 കോടി രൂപ ചെലവിട്ടു. വിദ്യാലയങ്ങളിലെ ഗ്രൗണ്ടുകളുടെ സൗകര്യം വിപുലീകരിക്കുന്നതിനാണ് കൂടുതല്‍ തുക വിനിയോഗിച്ചത്. സ്പോര്‍ട്സ് പൂര്‍ണമായും പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് വിഭ്യാഭ്യാസ വകുപ്പുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം പദ്ധതിയിലൂടെ 465 കളിക്കളങ്ങളാണ് ഒരുക്കുന്നത്. ഇത്തരത്തിലുള്ള ബൃഹത്തായ പദ്ധതികളിലൂടെ രാജ്യത്ത് കായിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള മികച്ച സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.

 

Latest