Connect with us

maadin

51 ഹാഫിസുകളുടെ ഖത്മുല്‍ ഖുര്‍ആന്‍ പരിപാടി ഞായറാഴ്ച മഅദിന്‍ കാമ്പസില്‍

സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും

Published

|

Last Updated

മലപ്പുറം | മഅദിന്‍ അക്കാദമിക്ക് കീഴിലുള്ള തഹ്ഫീസുല്‍ ഖുര്‍ആന്‍ കോളേജിലെ 51 വിദ്യാര്‍ഥികളുടെ ഖത്മുല്‍ ഖുര്‍ആന്‍ പരിപാടി ഇന്ന് മഅദിന്‍ ടെക്നോറിയം ക്യാമ്പസില്‍ നടക്കും. വൈകുന്നേരം മൂന്നിന് മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിക്കും. ഹിഫ്സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തില്‍ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കും. സ്‌കൂള്‍ പഠനത്തോടൊപ്പമാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്. അതോടൊപ്പം സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

നിലവില്‍ 471 വിദ്യാര്‍ഥികള്‍  ഇവിടെ പഠനം നടത്തുന്നുണ്ട്. മൊത്തം 252 പേര്‍ ഹിഫ്‌സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. അതില്‍ മൂന്ന് പേര്‍ കാഴ്ചാ പരിമിതിയുള്ളവരാണ്. ബ്രെയില്‍ ലിപി ഉപയോഗിച്ചാണ് ഇവര്‍ ഖുര്‍ആന്‍ മനപ്പാഠമാക്കിയത്.  അന്താരാഷ്ട്ര ഖുര്‍ആന്‍ പാരായണ മത്സരത്തില്‍  അവാര്‍ഡ് ജേതാക്കളായവരുണ്ട്. ഇരുപത് ഹാഫിസുകള്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, അലിഗഢ് യൂണിവേഴ്‌സിറ്റി, ഡല്‍ഹി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഇഫ്‌ളു ഹൈദരാബാദ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ ബിരുദാനന്തര ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കുന്നു.

10 ഹാഫിസുകള്‍ യു എ ഇ ഔഖാഫിന് കീഴില്‍ സേവനം ചെയ്ത് വരുന്നു. റമസാനില്‍ വിദേശത്തും കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി 100 ലേറെ ഹാഫിസുകള്‍ തറാവീഹ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി വരുന്നുണ്ട്. ഖത്മുല്‍ ഖുര്‍ആന്‍ പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് ഖാസിം ഐദ്രൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഇബ്റാഹീം ബാഖവി മേല്‍മുറി, അലവിക്കുട്ടി ഫൈസി എടക്കര, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, സൈതലവി സഅദി, ദുല്‍ഫുഖാര്‍ അലി സഖാഫി, ബഷീര്‍ സഅദി വയനാട് സംബന്ധിക്കും.

Latest