Kerala
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി ഉദ്യോഗത്തട്ടിപ്പ് : 51കാരന്‍ അറസ്റ്റില്‍
മൂന്ന് പേരില്‍ നിന്നായി പ്രതി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്
തിരുവനന്തപുരം| വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 51കാരന്‍ പിടിയില്‍.പൂവാര്‍ കല്ലിയവിളാകം പനയില്‍ വീട്ടില്‍ സുരേഷ് കുമാറാണ് അറസ്റ്റിലായത്.കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന കാറില്‍നിന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ സീല്‍, ലെറ്റര്‍ പാഡുകള്‍, അപ്പോയിന്‍മെന്റ് ലെറ്ററുകള്‍, ഓഫര്‍ ലെറ്ററുകള്‍ എന്നിവ കണ്ടെടുത്തു. ജോലിക്ക് പണം വാങ്ങിയ ശേഷം ഇയാള്‍ വിഴിഞ്ഞം കമ്പനിയുടെ പേരിലുള്ള വ്യാജബില്ലുകളും പലര്‍ക്കും നല്‍കിയിരുന്നു.
മൂന്ന് പേരില്‍ നിന്നായി പ്രതി രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായാണ് പോലീസ് വ്യക്തമാക്കുന്നത്. വിഴിഞ്ഞം തുറമുഖ അധികൃതരുടെ പരാതിയിലാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്.