Connect with us

Kerala

തിരുവല്ലം കസ്റ്റഡി മരണം; അന്വേഷണം സി ബി ഐക്ക് വിട്ട് സര്‍ക്കാര്‍

Published

|

Last Updated

തിരുവനന്തപുരം | തിരുവല്ലം കസ്റ്റഡി മരണത്തില്‍ അന്വേഷണം സി ബി ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തിരുവല്ലം ജഡ്ജിക്കുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരില്‍ ഒരാളായ സുരേഷാണ് മരിച്ചത്. ദമ്പതികളെ സദാചാര പോലീസ് ചമഞ്ഞ് ആക്രമിച്ചെന്ന് ആരോപിച്ചാണ് സുരേഷിനെ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തത്. ഹൃദയാഘാതമാണ് സുരേഷിന്റെ മരണത്തിനിടയാക്കിയത്. എന്നാല്‍, ദേഹത്തേറ്റ ചതവുകള്‍ ഹൃദയാഘാതത്തിന് കാരണമായേക്കാമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനൊപ്പം കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ നല്‍കിയ കുറിപ്പിലെ വിവരങ്ങളാണ് കസ്റ്റഡി മരണമാണെന്ന ആരോപണത്തിന് വഴിതുറന്നത്.

ശരീരത്തില്‍ പല ഭാഗങ്ങളിലായി 12 ചതവുകളുണ്ടായിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുള്ളത്. സുരേഷിനെ പോലീസ് മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നും ഉത്തരവാദികളായ പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സുരേഷിന്റെ സഹോദരന്‍ സുഭാഷ് ആവശ്യപ്പെട്ടു.