Connect with us

Kerala

കൈവശമുള്ളത് 52,000 രൂപ, 4400 ഗ്രാം സ്വര്‍ണം; പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്

12 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

Published

|

Last Updated

കല്‍പ്പറ്റ  | വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത.് 12 കോടിയുടെ ആസ്തിയുണ്ടെന്നാണ് നാമിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. വിവിധബേങ്കുകളിലായും സ്വര്‍ണവുമായും 4.24 കോടിയുടെ നിക്ഷേപമുണ്ട്. 52,000 രൂപ കൈവശമുണ്ട്. 2.1 കോടിയുടെ ഭൂസ്വത്തുക്കള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയ്ക്ക് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്.ഭര്‍ത്താവ് സമ്മാനമായി നല്‍കിയ ഹോണ്ട സിആര്‍വി കാര്‍, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വര്‍ണം കൈവശമുണ്ട്. കൂടാതെ ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

റോബര്‍ട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. മധ്യപ്രദേശില്‍ ഒന്നും ഉത്തര്‍ പ്രദേശില്‍ രണ്ടും അടക്കം പ്രിയങ്കയ്ക്കെതിരെ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

യുകെയിലെ സണ്ടര്‍ലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസില്‍ ബിരുദാനന്തരബിരുദം നേടി. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ ബിഎ നേടി.

ഇന്ന് ഉച്ചയോടെയാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാട് കലക്ടര്‍ ഡിആര്‍ മേഘശ്രീക്കാണ് പത്രിക സമര്‍പ്പിച്ചത്.

 

Latest