Kerala
ആര്‍ ഡി ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ച്ച; അന്വേഷണം ക്രൈം ബ്രാഞ്ചിനു തന്നെ
അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ സംസ്ഥാന പോലീസ് മേധാവി നിശ്ചയിക്കും.
തിരുവനന്തപുരം | തിരുവനന്തപുരം കലക്ടറേറ്റിലെ ആര്‍ ഡി ഒ കോടതിയില്‍ നിന്ന് സ്വര്‍ണവും വെള്ളിയും പണവുമുള്‍പ്പെടെയുള്ള തൊണ്ടിമുതല്‍ കവര്‍ന്ന കേസിലെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവ്. അന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ സംസ്ഥാന പോലീസ് മേധാവി നിശ്ചയിക്കും. അന്വേഷണം ക്രൈം ബ്രാഞ്ചിനു കൈമാറാന്‍ തീരുമാനിച്ചിട്ടും ഉത്തരവിറങ്ങാത്തത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. 110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ആര്‍ ഡി ഒ കോടതിയില്‍ നിന്ന് മോഷണം പോയത്.
തൊണ്ടിമുതല്‍ മോഷ്ടാവിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം തിരിച്ചറിഞ്ഞിരുന്നു. 2020ല്‍ സീനിയര്‍ സൂപ്രണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയാണ് മോഷണം നടത്തിയതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. തിരുവനന്തപുരം സ്വദേശിയായ ഇയാള്‍ പോലീസ് നിരീക്ഷണത്തിലാണ്. പ്രതിക്കെതിരെ നടപടി ആവശ്യപ്പെട്ട് സബ് കലക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തൊണ്ടിമുതല്‍ നഷ്ടപ്പെട്ടെന്ന് സംശയിക്കുന്ന കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ആസ്തി വര്‍ധന പോലീസ് പരിശോധിക്കും. സീനിയര്‍ സൂപ്രണ്ടുമാര്‍ക്കാണ് തൊണ്ടിമുതല്‍ സൂക്ഷിക്കുന്ന ചെസ്റ്റിന്റെ ചുമതല. മറ്റാര്‍ക്കും ഇത് തുറക്കാനാകില്ല. ചെസ്റ്റ് കുത്തിത്തുറന്നിട്ടുമില്ല. ഇതാണ് ഉദ്യോഗസ്ഥരുടെ ആസ്തി വര്‍ധന പരിശോധിക്കാന്‍ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്.