Connect with us

Uae

ഇത്തിഹാദ് റെയില്‍; ട്രാക്ക് നിര്‍മാണം പുരോഗമിക്കുന്നു

ഇത്തിഹാദ് റെയില്‍വേയുടെ ഒന്നാം ഘട്ടം 2016 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. രണ്ടാം ഘട്ടത്തിന്റെ 75 ശതമാനത്തിലധികം പൂര്‍ത്തിയായതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Published

|

Last Updated

 അബുദബി | ദേശീയ റെയില്‍വേ പദ്ധതിയായ ഇത്തിഹാദ് റെയിലിന്റെ ട്രാക്ക് നിര്‍മാണം അന്താരാഷ്ട്ര മാനദണ്ഡത്തോടെ പുരോഗമിക്കുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. പ്രത്യേക ട്രെയിന്‍ ഉപയോഗിച്ചാണ് ട്രാക്ക് നിരപ്പാക്കല്‍ പുരോഗമിക്കുന്നത്. ‘മികച്ച അന്താരാഷ്ട്ര രീതിയില്‍ ട്രാക്കുകള്‍ സ്ഥാപിക്കാന്‍ നിര്‍മാണ ട്രെയിനാണ് ഞങ്ങള്‍ ഉപയോഗിക്കുന്നത്. ട്രാക്കുകള്‍ സുസ്ഥിരമാക്കുന്നതിനും ഭാരം തുല്യമായി ഉറപ്പാക്കുന്നതിനും ബാലസ്റ്റ് ഓഫ്ലോഡ് ചെയ്യുന്നതിനും മറ്റൊരു ട്രെയിന്‍ ഉപയോഗിക്കുന്നു.’- സാമൂഹിക മാധ്യമങ്ങളില്‍ പുറത്തിറക്കിയ വീഡിയോയില്‍ ഇത്തിഹാദ് റെയില്‍ പ്രൊജക്ട് സെക്ടര്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അല്‍ ഷെഹി പറഞ്ഞു.’എമിറേറ്റുകളില്‍ ഉടനീളം പ്രവര്‍ത്തിക്കുന്ന ഞങ്ങളുടെ നിര്‍മാണ ട്രെയിനുകള്‍ നോക്കൂ. യു എ ഇയുടെ റെയില്‍വേ നെറ്റ്വര്‍ക്കിലുടനീളം ട്രാക്കുകള്‍ സുരക്ഷിതമായി സ്ഥാപിക്കുന്നതിനായി ഈ പ്രത്യേക ട്രെയിനുകള്‍ രാജ്യത്താകെ വിന്യസിച്ചിരിക്കുന്നു. അന്താരാഷ്ട്ര തലത്തിലുള്ള മികച്ച സമ്പ്രദായങ്ങള്‍ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നു. നിര്‍മാണ ട്രെയിനിന്റെ നടന്നുകൊണ്ടിരിക്കുന്ന ജോലികള്‍ വീഡിയോയില്‍ എല്ലാവര്‍ക്കും വ്യക്തമായി നിരീക്ഷിക്കാന്‍ കഴിയും. റെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഷെഡ്യൂള്‍ പ്രകാരം പൂര്‍ത്തിയാക്കുന്നതിന് ഒരു പ്രത്യേക സംഘം മേല്‍നോട്ടം വഹിക്കുകയും ഉറപ്പാക്കുകയും ചെയ്യുന്നു.’ ഇത്തിഹാദ് അറിയിച്ചു.

പാക്കേജ് ഡി ട്രാക്ക്-ലേയിംഗ് കഴിഞ്ഞ മെയ് മാസത്തിലാണ് ആരംഭിച്ചത്. ഇത് ഏതാനും ആഴ്ചകള്‍ തുടരും. ദുബൈയുടെയും ഷാര്‍ജയുടെയും അതിര്‍ത്തികളെ റാസല്‍ഖൈമയിലെ അല്‍ ഗെയ്ല്‍ ഡ്രൈ പോര്‍ട്ടുമായി ബന്ധിപ്പിച്ച് 145 കിലോമീറ്ററോളം നീളുന്ന റെയില്‍വേ ശൃംഖലയുടെ പാക്കേജ് ഡി ഫുജൈറ തുറമുഖത്ത് എത്തും.

ഇത്തിഹാദ് റെയില്‍വേയുടെ ഒന്നാം ഘട്ടം 2016 മുതല്‍ പ്രവര്‍ത്തനക്ഷമമാണ്. രണ്ടാം ഘട്ടത്തിന്റെ 75 ശതമാനത്തിലധികം പൂര്‍ത്തിയായതായി ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബൂദബിക്കും ദുബൈക്കും ഇടയില്‍ ബന്ധിപ്പിച്ച 256-കിലോമീറ്റര്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടം ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. മുഴുവന്‍ ശൃംഖലയും സഊദി അറേബ്യയുടെ അതിര്‍ത്തിയിലുള്ള ഗുവൈഫാത്തിനെ ഫുജൈറ തുറമുഖവുമായി ബന്ധിപ്പിക്കും. 2022 ഏപ്രില്‍ വരെ, മൊത്തം 1,200 കിലോമീറ്റര്‍ നെറ്റ്വര്‍ക്കില്‍ 264 കിലോമീറ്ററില്‍ റെയില്‍ പ്രവര്‍ത്തന വിജയം കൈവരിച്ചു. ഇത്തിഹാദ് റെയില്‍വേയുടെ ഭാഗമായ പാസഞ്ചര്‍ ട്രെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും വിതരണം ചെയ്യുന്നതിനും പരിപാലിക്കുന്നതിനുമായി സ്‌പെയിനിലെ കാഫ് കമ്പനിയുമായി 1.2 ബില്യണ്‍ ദിര്‍ഹം കരാറില്‍ ഇത്തിഹാദ് റെയില്‍ കഴിഞ്ഞ മാസം ഒപ്പുവച്ചു. ഫുജൈറ നഗരത്തിന്റെ ഹൃദയഭാഗത്ത് ആദ്യ പാസഞ്ചര്‍ റെയില്‍വേ സ്റ്റേഷന്‍ നിര്‍മിക്കുന്ന മേഖലയിലാണ് കരാര്‍ ഒപ്പിട്ടത്.

അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബൈ, ഷാര്‍ജ, അല്‍ ദൈദ്, അബൂദബി എന്നിവയുള്‍പ്പെടെ അല്‍ സില മുതല്‍ ഫുജൈറ വരെയുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും പാസഞ്ചര്‍ ട്രെയിന്‍ ബന്ധിപ്പിക്കും. അബൂദബിയില്‍ നിന്ന് ദുബൈയിലേക്കും ദുബൈയില്‍ നിന്ന് ഫുജൈറയിലേക്കുമുള്ള യാത്രക്ക് 50 മിനുട്ട് എടുക്കുമെന്നതിനാല്‍, മറ്റ് ഗതാഗത മാര്‍ഗങ്ങളെ അപേക്ഷിച്ച് ട്രെയിന്‍ യാത്രാ സമയം 30-40 ശതമാനം കുറയ്ക്കും. 2030-ഓടെ രാജ്യത്തുടനീളം 36.5 ദശലക്ഷത്തിലധികം യാത്രക്കാര്‍ക്ക് സേവനം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി

Latest