Kerala
പ്രത്യേക സാമ്പത്തിക പാക്കേജിനു പകരം 529 കോടി വായ്പ; കേന്ദ്ര നിലപാട് കേരള ജനതയോടുള്ള വെല്ലുവിളി: വി ഡി സതീശന്‍
കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

തിരുവനന്തപുരം | മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50കോടി രൂപ വായ്പ അനുവദിച്ചത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31ന് മുമ്പ് വിനിയോഗിക്കണമെന്ന നിര്‍ദേശം അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചുവെന്ന് വരുത്തിതീര്‍ത്ത് ശ്വാസംമുട്ടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും വിഡി സതീശന്‍ പറഞ്ഞു.
2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കേണ്ടത്.അത് നല്‍കാനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സര്‍ക്കാരാണ് കേരളത്തിന് അര്‍ഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്.ഈ നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യുഡിഎഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.