Kerala
വയനാട് പുനരധിവാസത്തിനായി 530 കോടി നല്‍കി; 36 കോടി കേരളം ചിലവഴിച്ചില്ല: അമിത് ഷാ
തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കും

ന്യൂഡല്‍ഹി | വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കേന്ദ്രം മതിയായ സാമ്പത്തിക സഹായം നല്‍കിയിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളം 2219 കോടി രൂപ ഇതിനായി ആവശ്യപ്പെട്ടതില്‍ 530 കോടി രൂപ കേന്ദ്രം നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ നിധിയില്‍ ( എന്‍ഡിആര്‍എഫ്) നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 153 കോടി രൂപ കൂടി നല്‍കി. ദുരന്ത മേഖലയിലെ അവശിഷ്ടങ്ങള്‍ മാറ്റാനായി 36 കോടി നല്‍കിയെങ്കിലും ചെലവഴിച്ചില്ലെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു.
2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 530 കോടി രൂപ കേന്ദ്രം നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. തുടര്‍ സഹായം മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നല്‍കും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ലെന്നും അമിത് ഷാ പറഞ്ഞു. ദുരന്ത നിവാരണ ഭേദഗതി ബില്ലിന്റെ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.