Kozhikode
സാമൂഹിക വിദ്യാഭ്യാസ രംഗത്ത് കരുത്തേകാൻ 532 സഖാഫിമാർ കൂടി കർമരംഗത്തേക്ക്
130 പേർ അക്കാദമിക് രംഗത്ത് ബിരുദാനന്തര ബിരുദമുള്ളവർ * രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ സനദ് സ്വീകരിച്ചു
കോഴിക്കോട് | ദേശത്തും വിദേശത്തും സാമൂഹിക മുന്നേറ്റങ്ങൾക്ക് നേതൃത്വമേകാൻ മർകസിൽ നിന്ന് 532 സഖാഫിമാർ കൂടി കർമപഥത്തിലേക്ക്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവപണ്ഡിതരാണ് പുറത്തിറങ്ങുന്നത്.
45 വർഷത്തെ പ്രവർത്തന ചരിത്രത്തിനിടെ പുറത്തിറങ്ങിയ പതിനാലായിരത്തോളം സഖാഫിമാർ വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഇക്കാലയളവിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 2,500ലേറെ പേർ സഖാഫി ബിരുദം കരസ്ഥമാക്കി. കേരളീയ വിദ്യാഭ്യാസ മാതൃകയിൽ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം നടത്തുന്നതിനുള്ള പ്രായോഗിക പരിശീലനം ലഭിച്ചാണ് ഇവർ കർമരംഗത്തേക്കിറങ്ങുന്നത്.
ഇതിൽ പലരും മർകസുമായി അഫിലിയേഷനുള്ള സർവകലാശാലകളിൽ തുടർപഠനം നടത്തും. അന്താരാഷ്ട്ര തലത്തിൽ ഈജിപ്ത്, ടുണീഷ്യ, മലേഷ്യ, ഇന്തോനേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ സർവകലാശാലകൾ ഉൾപ്പെടെ 14 സർവകലാശാലകളുമായാണ് മർകസ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.
മര്‍കസില്‍ നിന്ന് സഖാഫി ബിരുദം വാങ്ങി ഇത്തവണ സമൂഹത്തിലേക്കിറങ്ങുന്ന 532 പേരില്‍ 130 പേരും അക്കാദമിക് രംഗത്ത് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയവരാണ്. ഇംഗ്ലീഷില്‍ എം എ നേടിയവരാണ് ഭൂരിപക്ഷവും. സൈക്കോളജി, അറബിക്, കെമിസ്ട്രി, സോഷ്യോളജി, ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഉര്‍ദു, ഫിലോസഫി എന്നീ വിഷയങ്ങളില്‍ പി ജി നേടിയവരുമുണ്ട്.
ഇത്തവണത്തെ സഖാഫികളില്‍ ഭൂരിപക്ഷം പേരും ബി എ, ബി കോം അടക്കമുള്ള ബിരുദ ധാരികളാണ്.
മര്‍കസ് നോളജ് സിറ്റിയില്‍ പഠിച്ച 33 പേരാണ് സഖാഫി ബിരുദം കരസ്ഥമാക്കിയവരുടെ കൂട്ടത്തിലുള്ളത്. നോളജ് സിറ്റിയിലെ വിറാസ് അക്കാദമിയില്‍ നിന്നാണ് ഇവര്‍ പഠനം പൂര്‍ത്തിയാക്കിയത്. ഇസ്തംബൂളിലെ ഉസൂല്‍ അക്കാദമി, ജെ എന്‍ യു, ജാമിഅ മില്ലിയ്യ അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ ഇവര്‍ തുടര്‍ പഠനം നടത്തുന്നുണ്ട്.
മര്‍കസില്‍ ശരീഅത്ത് വിദ്യാര്‍ഥികളുടെ സംഘടനയായ ഇഹയാഉസ്സുന്നയുടെ കീഴില്‍ അക്കാദമിക് വിദ്യാഭ്യാസ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി ഇന്‍ഫോസെല്‍ എന്ന പേരില്‍ പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്.
രാജ്യത്തെ 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള 532 പേരാണ് ഇത്തവണ സഖാഫികളായി പുറത്തിറങ്ങുന്നത്. 1985 മുതല്‍ ഇതുവരെയായി പതിനാലായിരത്തോളം സഖാഫികള്‍ മര്‍കസില്‍ നിന്ന് പുറത്തിറങ്ങി സമൂഹത്തില്‍ പ്രവര്‍ത്തിച്ചു വരുന്നു.