National
ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; തീരുമാനം ആവശ്യം ശക്തമായതിനെ തുടര്‍ന്ന്
പദയാത്ര നേരത്തെ നിശ്ചയിക്കാത്ത സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.
ന്യൂഡല്‍ഹി | രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്. പദയാത്ര നേരത്തെ നിശ്ചയിക്കാത്ത സംസ്ഥാനങ്ങളിലും യാത്ര സംഘടിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് തീരുമാനം. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടക്കുന്നത്.
പദയാത്ര എത്താത്ത സംസ്ഥാനങ്ങളില്‍ സമാന്തര യാത്രകള്‍ സംഘടിപ്പിക്കാനായിരുന്നു നേരത്തെ ഹൈക്കമാന്‍ഡിന്റെ തീരുമാനം. എന്നാല്‍, ഭാരത് ജോഡോ യാത്ര തന്നെ നടത്തണമെന്ന ആവശ്യം ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉയരുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്നിന് അസമിലെ ധുബ്രിയില്‍ നിന്ന് സാദിയയിലേക്ക് ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.
നാലു മാസത്തിനുള്ളില്‍ പശ്ചിമ ബംഗാളിലും സമാനമായ തരത്തില്‍ യാത്ര നടത്തും. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എത്രയും വേഗം പദയാത്ര സംഘടിപ്പിക്കണമെന്ന് ഈ സംസ്ഥാനങ്ങളിലെ നേതൃത്വം ആവശ്യപ്പെടുന്നത്. ഭാരത് ജോഡോ യാത്ര ചില സംസ്ഥാനങ്ങളില്‍ മാത്രമാക്കി ചുരുക്കിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ദിവസം മാത്രമായി നിശ്ചയിച്ചിരുന്ന ഉത്തര്‍ പ്രദേശിലെ ജോഡോ യാത്ര അഞ്ച് ദിവസമാക്കാന്‍ തീരുമാനിച്ചിരുന്നു.