National
537 പാകിസ്ഥാനികള്‍ ഇന്ത്യ വിട്ടു; 850 ഇന്ത്യക്കാര്‍ തിരികെ എത്തി
14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണത്തിന് പിറകെ അട്ടാരി-വാഗ അതിര്‍ത്തിയിലൂടെ ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 537 പാകിസ്ഥാന്‍ പൗരന്മാര്‍ ഇന്ത്യ വിട്ടു. 12 വിഭാഗങ്ങളിലുള്ള ഹ്രസ്വകാല വിസ ഉടമകള്‍ക്കുള്ള എക്സിറ്റ് സമയപരിധി ഇന്ന് അവസാനിക്കും
പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തി വഴി നാല് ദിവസത്തിനുള്ളില്‍ 14 നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 850 ഇന്ത്യക്കാര്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തി. 26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ആക്രമണത്തെ തുടര്‍ന്ന് പാക് പൗരന്‍മാര്‍ രാജ്യം വിടണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. സാര്‍ക് വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 26 വരെയും മെഡിക്കല്‍ വിസ കൈവശം വെച്ചിരിക്കുന്നവര്‍ക്കുള്ള സമയപരിധി ഏപ്രില്‍ 29 വരെയുമാണ്. ദീര്‍ഘകാല വിസ ഉള്ളവരും നയതന്ത്ര, ഔദ്യോഗിക വിസ ഉള്ളവരെയും ഇന്ത്യ വിട്ടു പോകാനുള്ള ഉത്തരവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹ്രസ്വകാല വിസയുള്ള പാകിസ്താനികള്‍ ഉള്ളത് മഹാരാഷ്ട്രയിലാണ്. ഇതില്‍ 107 പാകിസ്ഥാന്‍ പൗരന്മാരെ കണ്ടെത്താനായില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഒന്‍പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 237 പാകിസ്ഥാന്‍ പൗരന്മാര്‍ ഞായറാഴ്ച അട്ടാരി-വാഗ അതിര്‍ത്തി പോസ്റ്റ് വഴി ഇന്ത്യ വിട്ടതായും ഏപ്രില്‍ 26 ന് 81 പേരും ഏപ്രില്‍ 25 ന് 191 പേരും ഏപ്രില്‍ 24 ന് 28 പേരും പോയതായും ഉദ്യോഗസ്ഥര്‍ വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.