Connect with us

Cover Story

കണിശമായൊരു തപസ്യ

വിസ്മയിപ്പിക്കുന്ന സർഗപ്രതിഭയുടെ ഉടമയായിരുന്നു ആർ ഇ ആഷർ. വിവർത്തനം അദ്ദേഹത്തിന് സമർപ്പണം തന്നെയായിരുന്നു. ഭാഷാഗവേഷണം വിശുദ്ധമായൊരു ദൗത്യവും. രണ്ടിലും ഭാഷയുടെ മതിൽക്കെട്ടുകൾ അദ്ദേഹത്തിന് തടസ്സമായില്ല. തമിഴിന്റേയും മലയാളത്തിന്റേയും പ്രിയ പുത്രനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആഷറുടെ വിയോഗം ഇംഗ്ലണ്ടിന്റെ മാത്രമല്ല നമ്മുടെ കൂടി നഷ്ടമാണ്, തീരാനഷ്ടം.

Published

|

Last Updated

1953 ലെ കടുത്ത ഉഷ്ണം അന്തരീക്ഷത്തെ ചൂഴ്ന്നു നിന്ന ഒരു ദിവസം തമിഴ്നാട്ടിലെ വടക്കൻ ആർക്കോട്ട് ജില്ലയിലെ ചങ്ങം എന്ന കുഗ്രാമത്തിൽ ഒരു കാളവണ്ടിയിൽ കൈയിലൊരു ടേപ്പ് റെക്കോർഡറുമായി വന്നിറങ്ങിയ ചെറുപ്പക്കാരനായ സായിപ്പിനെ ഗ്രാമവാസികൾ അത്ഭുതത്തോടെ, അതിലേറെ കൗതുകത്തോടെ നോക്കി നിന്നു. ഇത്രക്കും വ്യത്യസ്തമായ ഒരു മനുഷ്യനെ അവർ ആദ്യമായി കാണുകയായിരുന്നു. പിന്നീട് തങ്ങളുടെ സ്വന്തം മാതൃഭാഷയിൽ ആ മനുഷ്യൻ സംസാരിക്കുന്നതു കൂടി കേട്ടപ്പോൾ ഗ്രാമീണരുടെ അത്ഭുതം ഇരട്ടിയായി. തുടർന്നുള്ള കുറേ ദിവസങ്ങളിൽ അദ്ദേഹം നാട്ടുകാരോടൊപ്പം അവരിൽ ഒരാളായി നാടു മുഴുവൻ ചുറ്റിക്കറങ്ങി. പലരുമായും സംസാരിച്ചു. ഗ്രാമീണരുടെ വാർത്തമാനങ്ങൾ റെക്കോർഡിൽ പകർത്തി. നോട്ടുപുസ്തകത്തിൽ പലതും രേഖപ്പെടുത്തിവെച്ചു. നാട്ടുകാർക്ക് അതൊന്നും മനസ്സിലായതേയില്ല. പിൽക്കാലത്ത് ലോകം അറിയുന്നതരത്തിൽ തങ്ങളുടെ ഭാഷയെ ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങളാണ് ആ ചെറുപ്പക്കാരൻ സായ്‌പ്പ് ചെയ്തിരുന്നതെന്ന് അന്നൊന്നും അവർ അറിഞ്ഞിട്ടേ ഉണ്ടായിരിക്കില്ല!

റൊണാൾഡ് ഇ ആഷർ എന്ന ഭാഷാശാസ്ത്രജ്ഞന്റെ തമിഴ് ഭാഷാപ്രണയത്തിന്റെ സാക്ഷത്കാരമാണ് ആ സന്ദർശനത്തിലൂടെ നിർവഹിക്കപ്പെട്ടത്. തുടർന്ന് നമ്മുടെ മലയാള ഭാഷയിലേക്ക് കടന്നുവരുന്നതിനുള്ള മുന്നൊരുക്കങ്ങൾക്കും അതൊരു നിമിത്തമായി. ഇക്കഴിഞ്ഞ ഡിസംബറിൽ സ്കോട്ട് ലാൻഡിലെ എഡിൻബറോയിൽവെച്ച് അദ്ദേഹം ജീവിതത്തിൽനിന്നും വിട വാങ്ങിയപ്പോൾ അതോടൊപ്പം അനാഥമായത് തമിഴിന്റെയും മലയാളത്തിന്റെയും ഭാഷ‌ാശാസ്ത്ര മേഖലകൾ കൂടിയാണ്.

ബേപ്പൂർ സുൽത്താനും ആഷറും
ആർ ഇ ആഷർ എന്ന ഭാഷാ പണ്ഡിതനെ മലയാളികൾക്കിടയിൽ പ്രശസ്തനാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ മൂന്ന് പ്രശസ്ത നോവലുകൾക്ക് അദ്ദേഹം തയ്യാറാക്കിയ ഇംഗ്ലീഷ് പരിഭാഷയാണ്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനെണ്ടാർന്ന്, പാത്തുമ്മയുടെ ആട് എന്നീ മനോഹരമായ നോവലുകൾക്ക് അത്രതന്നെ മനോഹരമായ ഇംഗ്ലീഷ് പരിഭാഷ നിർവഹിച്ച ആഷർ തന്റെ ഭാഷയുടെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അതിന്റെ സർവ സാധ്യതകളെയും ഉപയോഗപ്പെടുത്തുകയായിരുന്നു. ഈ നോവലുകൾക്കു പുറമെ ബഷീറിന്റെ നിരവധി കഥകളും, കൂടാതെ തകഴിയുടെ തോട്ടിയുടെ മകൻ, കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ, മുട്ടത്തുവർക്കിയുടെ ഈവിൾ സ്പിരിറ്റ്‌ എന്നീ രചനകളും ആഷറിന്റെ തൂലികയിലൂടെയാണ് ഇംഗ്ലീഷിന്റെ അക്ഷരലോകത്തെത്തിയത്.

എന്നാൽ ആർ ഇ ആഷർ എന്ന വിവർത്തകനെക്കാൾ എത്രയോ ഉയരത്തിലാണ് ആർ ഇ ആഷർ എന്ന ദ്രാവിഡ ഭാഷാശാസ്ത്രജ്ഞന്റെ സ്ഥാനമെന്ന വസ്തുത മലയാളികൾ മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഫ്രഞ്ച് ഭാഷയിലും സാഹിത്യത്തിലും ഉന്നത ബിരുദം നേടിയ അദ്ദേഹം തമിഴിലും മലയാളത്തിലും നിഷ്ണാതനായിരുന്നുവെന്നതിനുള്ള തെളിവ് അദ്ദേഹം മേൽപ്പറഞ്ഞ വിവർത്തനങ്ങൾക്കു പുറമെ, രചിച്ചതും എഡിറ്റ് ചെതിട്ടുള്ളതുമായ ഈ ഭാഷകളെ സംബന്ധിച്ച അസംഖ്യം വരിഷ്ഠ ഗ്രന്ഥങ്ങൾ തന്നെയാണ്. തമിഴ് ഭാഷയുടെ രണ്ടും മലയാളത്തിന്റെ ഒന്നും വ്യാകരണഗ്രന്ഥങ്ങൾ, തമിഴ് സംഘകാല കൃതികളെക്കുറിച്ചും സുബ്രഹ്മണ്യഭാരതി, ഭാരതീദാസൻ, അഖിലൻ തുടങ്ങിയ എഴുത്തുകാരുടെ കൃതികളെക്കുറിച്ചുമുള്ള പഠനങ്ങൾ, ബഷീർ – മലയാളത്തിന്റെ സർഗവിസ്മയം എന്ന പേരിൽ ബഷീർ കൃതികളെക്കുറിച്ചു തയ്യാറാക്കിയ പഠനം എന്നിവക്ക് പുറമെ A Tamil Prose Reader – Selections from Contemporary Tamil Prose with Notes and Glossary, Studies on Malayalam Language and Literature, Some Landmark in the History of Tamil Prose, Colloquial Tamil: The Complete Course for Beginners എന്നിവയും ആഷർ എന്ന ഭാഷാ പണ്ഡിതന്റെ ധിഷണയുടെ അക്ഷരമുദ്രകളായി വിശേഷിപ്പിക്കാം.

ദ്രാവിഡഭാഷാ ആകൃഷ്ടൻ
1926 ജൂലൈ 23 ന് ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാംഷെയറിലെ ഒരു കുഗ്രാമത്തിലാണ് റൊണാൾഡ്‌ ഇ ആഷർ ജനിച്ചത്. ഇംഗ്ലീഷിന്റെ ഏറ്റവും ഗ്രാമീണമായൊരു ഭാഷാഭേദം സംസാരിക്കുന്നവരാണ് അവിടുത്തെ കൃഷീവലന്മാരും ചെറുകിട കച്ചവടക്കാരും തൊഴിലാളികളും ഉൾപ്പെടുന്ന നിവാസികളെല്ലാം. ഒരു പക്ഷേ മാതൃഭാഷയുടെ വാമൊഴി വഴക്കങ്ങളുടെ സ്വാധീനത്തിൽ മനസ്സുകൊണ്ട് ബന്ധിതനായതുകൊണ്ടു കൂടിയാവാം ആയിരക്കണക്കിന് കിലോമീറ്ററുകൾക്കപ്പുറമുള്ള പൗരസ്ത്യദേശത്തെ പ്രാചീനമായൊരു ദ്രാവിഡഭാഷയുടെ പെരുക്കങ്ങളിൽ അദ്ദേഹം ഇത്രമേൽ ആകൃഷ്ടനായത്. പിൽക്കാലത്ത് മലയാളത്തിലേക്കും, ബഷീറിന്റെ രചനകളിലേക്കും അദ്ദേഹത്തിന്റെ സവിശേഷ ശ്രദ്ധ കടന്നെത്തിയതും ഈ സ്വാധീനത്തിന്റെ ശക്തികൊണ്ട് തന്നെയാകാം. ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനെണ്ടാർന്ന് എന്ന നോവൽ Me GrandDad ‘ad an Elephant, എന്നും കുഴിയാനക്ക് ant lion എന്നതിനുപകരം elephant ant എന്നും ഇമ്മിണി ബല്യ ഒന്ന് എന്നതിന് a rather big one എന്നും പരിഭാഷപ്പെടുത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതിനു പിന്നിലും ഈ വസ്തുത തന്നെയാകാം.

വിവർത്തനം ഒരു സർഗാത്മക പ്രവർത്തനം തന്നെയാണെന്ന പക്ഷക്കാരനായിരുന്നു ആർ ഇ ആഷർ. കേവലം വാക്കുകളുടെ ബാഹ്യാർഥങ്ങളിൽ മാത്രം ഒതുങ്ങിപ്പോകാതെ അവയുടെ ഉള്ളിന്റെയുള്ളിലുള്ള ആത്മാവിനെക്കൂടി മറ്റൊരു ഭാഷയിലേക്ക് കൊണ്ടുവരുമ്പോൾ മാത്രമേ ആ വിവർത്തനത്തിന് ജൈവികതയും നൈസർഗികതയും കൈവരികയുള്ള എന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു ഭാഷാശാസ്ത്രജ്ഞൻ എന്ന നിലയിൽ ഈ വസ്തുത അദ്ദേഹം ശരിയായി മനസ്സിലാക്കിയതുകൊണ്ടു കൂടിയാകാം ബഷീറിന്റെ രചനകളെ കിടപിടിക്കുന്ന വിധത്തിൽ അവയുടെ പരിഭാഷകളും നിർവഹിക്കാൻ അദ്ദേഹത്തിന് സാധിച്ചത്. തന്റെ മാതൃഭാഷയുടെ ഭാഷാശാസ്ത്രപരമായ പരിമിതികളിൽ ഒതുങ്ങി നിന്നുകൊണ്ട് അതിന്റെ എല്ലാ സാധ്യതകളെയും ഫലപ്രദമായി ഉപയോഗപ്പെടുത്തി പരിഭാഷ നിർവഹിച്ചു എന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത. അതോടൊപ്പം മലയാളത്തിലെ, വിശേഷിച്ചും മലബാറിലെ മുസ്്ലിംകൾ ദൈനം ദിന ജീവിതത്തിൽ ഉപയോഗിക്കുന്ന നിരവധി പദങ്ങൾ ബഷീർ സാഹിത്യത്തിന്റെ വിവർത്തങ്ങളിലൂടെ അദ്ദേഹം ഇംഗ്ലീഷ് ലോകത്ത് പരിചയപ്പെടുത്തിയെന്നതും ശ്രദ്ധേയമാണ്. തട്ടം, കാച്ചി, അലിക്കത്ത് തുടങ്ങി നിരവധി വാക്കുകൾ ഓക്സ്ഫോർഡ് ഇംഗ്ലീഷ് നിഘണ്ടുവിൽ പ്രത്യക്ഷപ്പെട്ടതും ആഷറുടെ പ്രയത്നഫലമായാണ്.

മലയാളത്തോട് പ്രണയം
1993 ലാണ് ആഷർ തകഴിയെ കാണുന്നതും പരിചയപ്പെടുന്നതും. എന്നാൽ അദ്ദേഹം അതിനും എത്രയോ മുന്പുതന്നെ തകഴിയുടെ മിക്ക കൃതികളും മലയാളത്തിൽത്തന്നെ വായിച്ചിട്ടുണ്ടായിരുന്നു. (1975 ലാണ് തോട്ടിയുടെ മകൻ അദ്ദേഹം The Scavenger’s son എന്ന പേരിൽ പരിഭാഷപ്പെടുത്തിയത്) ലണ്ടൻ സർവകലാശാലയിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആൻഡ്‌ ആഫ്രിക്കൻ സ്റ്റഡീസിൽ അധ്യാപകനായിരിക്കുമ്പോൾ തന്നെ തമിഴിലും മലയാളത്തിലും അദ്ദേഹത്തിന് താത്പര്യവും അറിവുമുണ്ടായിരുന്നു. അവിടുത്തെ പ്രഗത്ഭരായ ചില ദ്രാവിഡ ഭാഷാ ശാസ്ത്രജ്ഞന്മാരുടെ പ്രേരണയാണ് അദ്ദേഹത്തെ ഈ വിഷയത്തിൽ തത്പരനാക്കിയത്. അമ്പതുകളിൽ വി കെ കൃഷ്ണമേനോൻ ലണ്ടൻ സർവകലാശാലയിൽ നടത്തിയ പ്രഭാഷണ പരമ്പരകളും അദ്ദേഹത്തിന്റെ മനസ്സിൽ മലയാള ഭാഷയോടുള്ള പ്രണയം തീവ്രമാകുന്നതിന് കാരണമായി.

മലയാളത്തെയും കേരളത്തെയും അത്രെയേറെ സ്നേഹിച്ചിരുന്ന ആഷർ ഇവിടുത്തെ നിരവധി എഴുത്തുകാരുമായി ദൃഢമായ സ്നേഹബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇവിടുത്തെ സാഹിത്യത്തോടൊപ്പം ജനങ്ങളുടെ സ്നേഹവും ആഹാരവുമെല്ലാം അദ്ദേഹത്തിന് പ്രിയപ്പെട്ടതായിരുന്നു. ബഷീറുമായി ഗാഢബന്ധം സ്ഥാപിച്ചിരുന്ന ആഷർ കേരളത്തിൽ വരുമ്പോഴൊക്കെ ബഷീറിനേയും സന്ദർശിച്ചു. ബഷീറിന്റെ മരണശേഷവും അദ്ദേഹം ആ പതിവ് തെറ്റിച്ചില്ല. ബഷീർ പുരസ്‌കാരം സ്വീകരിക്കാൻ 2010 ൽ കേരളത്തിലെത്തിയത് അദ്ദേഹത്തിന്റെ അവസാനത്തെ സന്ദർശനമായി. തകഴിയുടെ കയർ പരിഭാഷപ്പെടുത്തണമെന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയാതെയാണ് അദ്ദേഹം കാലത്തിന്റെ തിരശീലയ്ക്കുപിന്നിൽ മറഞ്ഞത്.
വിസ്മയിപ്പിക്കുന്ന സർഗപ്രതിഭയുടെ ഉടമയായിരുന്നു ആർ ഇ ആഷർ. വിവർത്തനം അദ്ദേഹത്തിന് കണിശമായൊരു തപസ്യയായിരുന്നു. ഭാഷാഗവേഷണം വിശുദ്ധമായൊരു ദൗത്യവും. രണ്ടിലും ഭാഷയുടെ മതിൽക്കെട്ടുകൾ അദ്ദേഹത്തിന് തടസ്സമായില്ല. തമിഴിന്റേയും മലയാളത്തിന്റേയും പ്രിയ പുത്രനായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ആഷറുടെ വിയോഗം ഇംഗ്ലണ്ടിന്റെ മാത്രമല്ല നമ്മുടെ കൂടി നഷ്ടമാണ്, തീരാനഷ്ടം.

Latest