Connect with us

Vazhivilakk

മണ്ണൊരുക്കാം, വിത്ത് നടാം

ഹൃദയമാണ് ആത്മീയതയുടെ ഉറവിടം. മനുഷ്യൻ്റെ സകല വിജയങ്ങളുടെയും അടിസ്ഥാനം മനസ്സിൻ്റെ നന്മയാണെന്നും അത് ദുഷിച്ചാല്‍ പരാജയം തീര്‍ച്ചയാണെന്നും വിശുദ്ധ ഖുര്‍ആൻ ധാരാളം ഇടങ്ങളിൽ ഉദ്‌ബോധിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ജീവനുള്ള മണ്ണിലാണ് സസ്യങ്ങള്‍ വളരുന്നത്. മണ്ണിലെ സൂക്ഷ്മജീവികളാണ് ഭൂമിയുടെ ഫലപുഷ്ടിയും ഉത്പാദനക്ഷമതയും നിലനിര്‍ത്തുന്നത്. മനുഷ്യൻ്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മണ്ണിൻ്റെ ആരോഗ്യവും. രോഗ പ്രതിരോധ ശേഷിയും പ്രവർത്തനങ്ങളിലെ ഊർജസ്വലതയും കണക്കിലെടുത്താണ് മനുഷ്യൻ്റെ ആരോഗ്യം നിര്‍ണയിക്കുന്നതെങ്കിൽ മണ്ണിൻ്റെ ആരോഗ്യം കണക്കാക്കുന്നത് സസ്യങ്ങള്‍ക്ക് വേരിറക്കി വളരാനും പടരാനും ഫലങ്ങൾ നൽകാനും ഊര്‍ജം ഉത്പാദിപ്പിക്കാനുമുള്ള കഴിവ് അനുസരിച്ചാണ്. എല്ലാ മണ്ണിലും എല്ലാതരം വിളകളും വളരണമെന്നില്ല. വളരുന്ന എല്ലാ വിളകളും ഫലം നല്‍കണമെന്നുമില്ല. കൃഷി ചെയ്യുന്ന കര്‍ഷകന് മികച്ച ആദായവും വിളവും നല്‍കുന്നതാണ് നല്ല ആരോഗ്യമുള്ള മണ്ണ്. മണ്ണിൻ്റെ ആരോഗ്യത്തെ യഥാവിധം പരിശോധിച്ച് ആവശ്യമായ വളപ്രയോഗങ്ങളും പരിചരണവും നടത്തുന്നവനാണ് ശരിയായ കർഷകൻ. കൃഷിയുടെ ആദ്യഘട്ടം മണ്ണൊരുക്കലാണ്. മണ്ണറിഞ്ഞ് കൃഷി ചെയ്യുക എന്നതാണ് സുസ്ഥിര കൃഷിയുടെ അടിസ്ഥാനം. എത്ര മോശം മണ്ണും ശാസ്ത്രീയ സമീപനത്തിലൂടെ കൃഷിക്ക് അനുയോജ്യമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മണ്ണറിഞ്ഞ് കൃഷി ചെയ്യുന്ന കർഷകനോടാണ് കർമങ്ങളുടെ മർമമറിഞ്ഞ് ആരാധന ചെയ്യുന്ന വിശ്വാസിയെ ഇമാം ഗസ്സാലി(റ) ഉപമിച്ചത്. ആരാധനയുടെ അടിസ്ഥാനം പാകപ്പെട്ട മനസ്സുണ്ടാകലാണ്.

ഹൃദയമാണ് ആത്മീയതയുടെ ഉറവിടം. മനുഷ്യൻ്റെ സകല വിജയങ്ങളുടെയും അടിസ്ഥാനം മനസ്സിൻ്റെ നന്മയാണെന്നും അത് ദുഷിച്ചാല്‍ പരാജയം തീര്‍ച്ചയാണെന്നും വിശുദ്ധ ഖുര്‍ആൻ ധാരാളം ഇടങ്ങളിൽ ഉദ്‌ബോധിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “മനസ്സും അതിനെ സന്തുലിതമാക്കിയ അല്ലാഹുവും തന്നെയാണ് സത്യം. അതിന് നന്മയും തിന്മയും അവന്‍ തോന്നിപ്പിച്ചുകൊടുക്കുകയും ചെയ്തു. മനസ്സ് ശുദ്ധീകരിച്ചവന്‍ തീര്‍ച്ചയായും വിജയിച്ചിരിക്കുന്നു. മനസ്സ് മലിനപ്പെടുത്തിയവന്‍ തീര്‍ച്ചയായും പരാജയപ്പെടുകയും ചെയ്തിരിക്കുന്നു.’ (സൂറതുശ്ശംസ്: 7-10)

മണ്ണിന് വിവിധ സ്വഭാവമുള്ളതുപോലെ മനസ്സിനും വ്യത്യസ്ത അവസ്ഥകളുണ്ട്. ചിലപ്പോള്‍ അത് ലോലമാകുന്നു, മറ്റു ചിലപ്പോള്‍ കാഠിന്യമുള്ളതാകുന്നു. വിശ്വസിക്കുന്നു, അവിശ്വസിക്കുന്നു, നിഷേധിക്കുന്നു, അലസമാകുന്നു, ഊര്‍ജ്വസ്വലതയുള്ളതാകുന്നു. നിപുണനായ കർഷകൻ മണ്ണിനെ പാകപ്പെടുത്തുന്നതുപോലെ കരുത്തനായ വിശ്വാസിക്ക് ഏത് അവസ്ഥയിലും മനസ്സിനെ പക്വതയോടെ പിടിച്ചുനിർത്താനും കർമനിരതമാക്കാനും കഴിയും.
ഹൃദയ ശുദ്ധീകരണത്തിന് വലിയ പ്രാധാന്യമാണ് ഇസ്‌ലാം നൽകുന്നത്. പ്രവാചകന്മാരുടെ നിയോഗങ്ങളുടെ പ്രധാന ലക്ഷ്യവും അതുതന്നെയാണ്. ദുഷ്ചിന്തകളില്‍ നിന്നും ദുഷ്‌പ്രേരണകളില്‍ നിന്നും മനസ്സിനെ ശുദ്ധീകരിക്കാന്‍ കഠിന പ്രയത്‌നം ആവശ്യമാണ്. അതോടൊപ്പം ആത്മാര്‍ഥമായ പ്രാര്‍ഥനയുമുണ്ടാകണം. തിരുനബി(സ്വ) പഠിപ്പിച്ച പ്രാര്‍ഥനകളില്‍ മനസ്സിൻ്റെ നന്മക്ക് വേണ്ടിയുള്ള തേട്ടം ധാരാളമായി കാണാവുന്നതാണ്.

അവിടുത്തെ ഒരു പ്രാര്‍ഥനയുടെ ആശയം ഇങ്ങനെ സംഗ്രഹിക്കാം: ‘അല്ലാഹുവേ, അശക്തത, അലസത, ഭീരുത്വം, ലുബ്ധത, വാര്‍ധക്യം, ഖബറിലെ ശിക്ഷ എന്നിവയില്‍ നിന്ന് നിന്നോട് ഞാന്‍ കാവൽ തേടുന്നു. അല്ലാഹുവേ, എൻ്റെ മനസ്സിന് ദൈവഭയം നല്‍കുകയും അതിനെ സംസ്‌കരിക്കുകയും ചെയ്യേണമേ. അതിനെ സംസ്‌കരിക്കാന്‍ ഏറ്റവും നല്ലവൻ നീയാണ്. അതിൻ്റെ രക്ഷാധികാരിയും യജമാനനും നീ തന്നെയാണ്. അല്ലാഹുവേ, ഉപകരിക്കാത്ത അറിവ്, ദൈവഭയമില്ലാത്ത ഹൃദയം, എത്ര കിട്ടിയാലും മതിവരാത്ത മനസ്സ്, ഉത്തരം ലഭിക്കാത്ത പ്രാര്‍ഥന എന്നീ കാര്യങ്ങളില്‍ നിന്ന് നിന്നോട് ഞാന്‍ കാവല്‍ തേടുന്നു’. (മുസ്്ലിം)

Latest