Kerala
വെടിക്കെട്ട് പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റയാൾ മരിച്ചു
വെടിക്കെട്ടുപ്പുര പ്രവര്‍ത്തിച്ചത് അനധികൃതമായി
വടക്കാഞ്ചേരി | കുണ്ടന്നൂര്‍ വെടിക്കെട്ട് നിര്‍മാണ ശാലയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്. കാവശ്ശേരി പുതുവീട്ടില്‍ ഷണ്‍മുഖ ഗുരുക്കളുടെ മകന്‍ കൃഷ്ണദാസ് എന്ന മണികണ്ഠന്‍ കാവശ്ശേരി (53 ) ഇന്നലെ രാവിലെ എട്ടോടെയാണ് മരണം സംഭവിച്ചത്. സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തില്‍ എക്‌സ്‌പ്ലോസിവ് വകുപ്പ് പ്രകാരം സ്ഥലം ഉടമ സുന്ദരാക്ഷന്‍, ലൈസന്‍സി ശ്രീനിവാസന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്‌ഫോടനത്തെ കുറിച്ച് കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഡെപ്യൂട്ടി കലക്ടര്‍ യമുനാ ദേവിയുടെ പരിശോധനയില്‍ വെടിക്കെട്ടുപ്പുര പ്രവര്‍ത്തിച്ചത് അനധികൃതമാണെന്ന് കണ്ടെത്തി. താത്കാലിക ഷെഡിലായിരുന്നു വെടിക്കെട്ട് നിര്‍മാണം. വെടിക്കെട്ടുപുരക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് ഡെപ്യൂട്ടി കലക്ടര്‍ യമുനാദേവി പറഞ്ഞു. വെടിക്കെട്ട് പുരയുടെ ലൈസന്‍സി ശ്രീനിവാസൻ്റെ ലൈസന്‍സ് റദ്ദാക്കിയതായും ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് നാടിനെ നടുക്കിയ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും വീടുകളിലേയും ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ പൊട്ടി ചിതറിയ നിലയിലാണ്. കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്‌ഫോടനത്തിൻ്റെ പ്രകമ്പനമുണ്ടായിരുന്നു. ഓട്ടുപാറ, അത്താണി, കുന്നംകുളം എന്നിവിടങ്ങളില്‍ വരെ കുലുക്കമുണ്ടായി. ഫയര്‍ ഫോഴ്‌സെത്തി ഏറെ നേരം പണിപ്പെട്ടാണ് വെടിക്കെട്ട് പുരയിലെ തീ നിയന്ത്രണ വിധേയമാക്കിയത്.
ഉഗ്ര ശബ്ദം കേട്ട് പലരും പ്രാണരക്ഷാര്‍ഥം ഇറങ്ങിയോടി. കരിമരുന്ന് സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ഷെഡില്‍ നാല് തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നത് ആശങ്ക പടര്‍ന്നിരുന്നു. മരിച്ച മണികണ്ഠന്‍ ഒഴികെയുള്ള മറ്റു മൂന്ന് പേര്‍ ജോലി കഴിഞ്ഞ് കുളിക്കാന്‍ പോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.
കുണ്ടന്നൂരില്‍ ഇതിന് മുമ്പും സമാന സംഭവത്തില്‍ ജീവനുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. തീ പിടുത്തത്തിന് കാരണമായത് കനത്ത ചൂടിൻ്റെ പ്രഹരമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ഒട്ടനവധി ക്ഷേത്രോത്സവങ്ങള്‍ക്ക് മാനത്ത് വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന കരിമരുന്ന് നിര്‍മാണം ഈ മേഖല കേന്ദ്രീകരിച്ചാണ് നടക്കുന്നത്.
മണികണ്ഠന്‍ അവിവാഹിതനാണ്. മാതാവ്: കമലം. സഹോദരങ്ങള്‍: മോഹനന്‍, ശെല്‍വരാജ്, സാവിത്രി, പത്മാവതി, രാജേശ്വരി, ലത, ഗീത. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടു പോയി സംസ്‌കരിക്കും.
അപകടത്തില്‍ വിശദമായ അന്വേഷണത്തിനാണ് പൊലീസ് തീരുമാനം. അശ്രദ്ധമായി വെട്ടിക്കെട്ട് സാധനങ്ങള്‍ കൈകാര്യം ചെയ്തത് അപകടത്തിന് വഴിവെച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നിരോധിത വെടിമരുന്നുകള്‍ ഉള്‍പ്പടെയുള്ള മറ്റു നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് വടക്കാഞ്ചേരി പോലീസ് പറഞ്ഞു.