Connect with us

Articles

ശതകോടീശ്വരന്മാരുടെ അമൃതകാലം

സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചിക ഉയരുന്നതാണ് രാജ്യത്തെ സ്ഥൂലസാമ്പത്തിക അടിത്തറയുടെ ഭദ്രത എന്ന് വിശ്വസിക്കുന്ന മുതലാളിത്ത സാമ്പത്തിക കാഴ്ചപ്പാടാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്.

Published

|

Last Updated

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സമയത്താണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലിമെൻ്റില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കുന്നത്. കൊവിഡ് മഹാമാരി പിടിമുറുക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ്ഘടന പ്രതിസന്ധിയില്‍ അകപ്പെട്ടിരുന്നു. ഉത്പാദിപ്പിച്ച ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുന്ന സ്ഥിതി നിലനിന്നിരുന്നു. രൂക്ഷമായ തൊഴിലില്ലായ്മ ആളുകളുടെ വാങ്ങല്‍ ശേഷി കുറച്ചതാണ് ഈ ചോദന പ്രതിസന്ധിക്ക് കാരണം. തുടര്‍ന്നുവന്ന മഹാമാരിയും, അതിനെ പ്രതിരോധിക്കാന്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പാക്കിയ ലോക്ക്ഡൗണും അസംഘടിത മേഖലയിലെ തൊഴിലും വരുമാനവും കുറയാന്‍ കാരണമായി.

തൊഴിലില്ലായ്മയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം. എന്‍ എസ് എസ് ഒയുടെ പീരിയോഡിക്ക് ലേബര്‍ സര്‍വേ 2020-21 വര്‍ഷത്തെ തൊഴില്‍ പങ്കാളിത്ത നിരക്ക് 41.6 ശതമാനം ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 57.5 ശതമാനവും സ്ത്രീകളുടേത് 25.1 ശതമാനവും ആണ് എന്നാണ് സര്‍വേ കണ്ടെത്തിയത്. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ തൊഴില്‍ പങ്കാളിത്ത നിരക്കാണ് ഇത്. സംഘടിത മേഖലയിലെ തൊഴില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ദുര്‍ബലമായ ചില ശ്രമങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇന്ന് കടന്നുപോകുന്ന തൊഴിലില്ലായ്മാ വളര്‍ച്ചക്ക് യാതൊരു പരിഹാരവും ഈ ബജറ്റ് നിര്‍ദേശിക്കുന്നില്ല.

ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് സ്തുത്യര്‍ഹമായ പങ്കുണ്ട്. എന്തൊക്കെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാലും കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയുടെ ഗ്രാമീണ മേഖലയുടെ വരുമാന ശോഷണം തടയുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ച പദ്ധതിയാണ് തൊഴിലുറപ്പ് പദ്ധതി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പദ്ധതി വിഹിതത്തില്‍ 25 ശതമാനം കുറവാണ് വരുത്തിയത്. 2022-23 വര്‍ഷത്തെ റിവൈസ്ഡ് എസ്റ്റിമേറ്റ് ആയ 89,400 കോടിയുടെ സ്ഥാനത്ത് കേവലം 6,000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതമായി ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വകയിരുത്തലാണ് ഈ മേഖലയില്‍ വരുത്തിയിട്ടുള്ളത്.
ദേശീയ ആരോഗ്യ മിഷനും വിദ്യാഭ്യാസ മിഷനും കൂടി കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് 76,700 കോടി രൂപയാണ്. ഇത് ദേശീയ വരുമാനത്തിൻ്റെ 4.84 ശതമാനമാണ്. എന്നാല്‍ ഉയര്‍ന്ന വിലക്കയറ്റം നിലനില്‍ക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തില്‍ വകയിരുത്തിയത് 75,700 കോടിയില്‍ പരം രൂപ മാത്രമാണ്. ഗ്രാമീണ മേഖലക്കും സബ്‌സിഡി ഇനത്തിലും കാര്‍ഷിക മേഖലക്കും വകയിരുത്തിയ തുകയില്‍ യാതൊരു മാറ്റവുമില്ല.

കോര്‍പറേറ്റ് മേഖലക്ക് നല്‍കുന്ന നികുതി ഇളവ് അടക്കമുള്ള പ്രോത്സാഹനങ്ങള്‍ വാരിക്കോരി നല്‍കിയിട്ടും സ്വകാര്യ നിക്ഷേപം കാര്യമായി വര്‍ധിച്ചിട്ടില്ല. രാജ്യത്തിൻ്റെ മൂലധന ചെലവ് ദേശീയ വരുമാനത്തിൻ്റെ 2.68 ശതമാനത്തില്‍ നിന്ന് 3.33 ശതമാനമായി ഉയരും എന്നാണ് ധനമന്ത്രി പ്രത്യാശിക്കുന്നത്. ഇത് സ്വകാര്യ മൂലധനം ക്രൗഡ് ഇന്‍ ചെയ്യുമെന്നും പറയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ദേശീയ വരുമാനത്തിൻ്റെ 32.3 ശതമാനം ആയിരുന്ന മൂലധന ചെലവ് 27 ശതമാനമായി കുറയുകയാണ് ചെയ്തത്.

ആഗോള ധനമൂലധനത്തിൻ്റെ കുത്തൊഴുക്ക് കൊറോണ കാലഘട്ടത്തില്‍ ഉണ്ടായി എന്നത് സത്യമാണ്. കൊറോണയെ നേരിടാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങള്‍ പണത്തിൻ്റെ പ്രദാനം ( money supply) വര്‍ധിപ്പിച്ചപ്പോള്‍ ആ രാജ്യങ്ങളിലെ പലിശ നിരക്കില്‍ കുറവ് വന്നു. സ്വതവേ കുറഞ്ഞ പലിശനിരക്കില്‍ നിന്ന് വേണ്ടത്ര വരുമാനം ലഭിക്കില്ല എന്നുകണ്ട ലാഭ മോഹികളായ ധനമൂലധന നിക്ഷേപകര്‍ വികസ്വര രാജ്യങ്ങളില്‍ താത്കാലികമായി അവരുടെ മൂലധനം പാര്‍ക്ക് ചെയ്യുക മാത്രമാണ് ചെയ്തിരിക്കുന്നത്. അനുകൂല കാലാവസ്ഥ വന്നാല്‍ ഏതുസമയവും ഒരു മൂലധന കുത്തൊഴുക്ക് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് തള്ളിവിടാവുന്ന വിധത്തില്‍ ദുര്‍ബലം ആക്കിയിട്ടുണ്ട് എന്നതാണ് സത്യം.

കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ യഥാര്‍ഥ വേതനം മഹാമാരിക്ക് മുമ്പുള്ള കാലഘട്ടത്തിലെ യഥാര്‍ഥ വേതനത്തേക്കാള്‍ 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സെൻ്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കോണമി (CMIE) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മൊത്തം ചോദനം കുറയുന്നതിന് കാരണമായിട്ടുണ്ട്. മൊത്തം ചോദനത്തിലുള്ള കുറവ് സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലേക്ക് നയിക്കും. മതിയായ രീതിയില്‍ സ്വകാര്യ നിക്ഷേപം ഉയരാത്ത പശ്ചാത്തലത്തില്‍ ഉയര്‍ന്ന രീതിയിലുള്ള പൊതുചെലവ് വര്‍ധനവ് മാത്രമാണ് ഈ പ്രതിസന്ധി തരണം ചെയ്യാനുള്ള ഏക മാര്‍ഗം.

പൊതു ചെലവ് വര്‍ധനക്കുള്ള ഒരു ഉദ്യമവും ഈ ബജറ്റില്‍ ഇല്ല. മാത്രമല്ല അതിനുള്ള ശ്രമത്തെപോലും തടയുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാറിൻ്റെ പ്രവര്‍ത്തനം.
ഇന്ത്യയില്‍ പൊതുചെലവ് ഏറ്റവും കൂടുതല്‍ വര്‍ധിപ്പിക്കാനുള്ള ബാധ്യത സംസ്ഥാനങ്ങളുടെ മാത്രമാണെന്ന ഭാവമാണ് കേന്ദ്രത്തിൻ്റെത്. എന്നാല്‍ സംസ്ഥാനങ്ങളുടെ ചെലവ് വര്‍ധിച്ചാല്‍ സംസ്ഥാനങ്ങളുടെ ധനകമ്മി ഉയരും എന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളുടെ ധനകമ്മി 3.5 ശതമാനമായി നിജപ്പെടുത്താനാണ് ധനമന്ത്രി ബജറ്റില്‍ നിര്‍ദേശിച്ചത്. ഉടനെ തന്നെ കേന്ദ്രത്തിൻ്റെ ധനകമ്മി 2022-23 വര്‍ഷം 6.3 ശതമാനം ആണെന്നും ഇത് 2025-26ഓട് കൂടി 4.5 ശതമാനമായി കുറക്കാന്‍ ശ്രമിക്കുമെന്നും ധനമന്ത്രി പറയുന്നു. അതായത് കേന്ദ്രത്തിന് വലതുപക്ഷ ധനമൗലികവാദം അടിച്ചേല്‍പ്പിച്ച എഫ് ആര്‍ ബി എം നിയമത്തില്‍ നിന്ന് വ്യതിചലിച്ച് കൊണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്താം.

എന്നാല്‍, കൊവിഡ് മഹാമാരിയെയും പ്രകൃതി ദുരന്തങ്ങളെയും മുന്നില്‍ നിന്ന് നേരിട്ട സംസ്ഥാനങ്ങളുടെ പൊതുചെലവുകള്‍ക്ക് ധനകാര്യ മൗലികവാദം കൊണ്ട് കൂച്ചുവിലങ്ങ് ഇടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കോ ഓപറേറ്റീവ് ഫെഡറലിസത്തിൻ്റെ വക്താക്കള്‍ എന്ന് സ്വയം അവകാശപ്പെടുമ്പോഴും ബാധ്യതകളും ചെലവുകളും സംസ്ഥാനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന മഹാമാരിയുടെ കാലത്തെ സമീപനം തന്നെയാണ് ഇപ്പോഴും മോദി സര്‍ക്കാര്‍ പിന്തുടരുന്നത്.

ജി എസ് ടി നടപ്പാക്കിയതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍, മദ്യം തുടങ്ങിയവയില്‍ നിന്ന് മാത്രമാണ് സംസ്ഥാനങ്ങള്‍ തനത് വരുമാനം കണ്ടെത്തേണ്ടത്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മുകളില്‍ കേന്ദ്രം വലിയ തോതില്‍ എക്സൈസ് ഡ്യൂട്ടിയും സെസ്സും ചുമത്തുന്നുണ്ട്. സംസ്ഥാനങ്ങളുമായി പങ്കുവെക്കേണ്ടതില്ലാത്ത സെസ്സ് വര്‍ധിപ്പിക്കുന്നത് വലിയൊരു ധനമാര്‍ഗമായി കേന്ദ്ര സര്‍ക്കാര്‍ കാണുന്നു. ധനകാര്യ കമ്മീഷനുകളുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് നികുതി വിഹിതം ലഭിക്കുന്നത്. മാനദണ്ഡങ്ങളില്‍ വരുന്ന മാറ്റം കേരളത്തിൻ്റെ വികസനത്തിന് വിഘാതമാകുന്ന വിധത്തില്‍ വലിയ വിഭവ ദൗര്‍ലഭ്യം ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെയാണ് ജി എസ് ടി നടപ്പാക്കിയതു മൂലം സംസ്ഥാനങ്ങള്‍ അനുഭവിക്കുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ കേന്ദ്രം നല്‍കിയിരുന്ന ജി എസ് ടി നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്. ഇതുമൂലം ഏകദേശം 9,000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടാകുന്നത്.

ഇത് കേരളത്തിൻ്റെ മാത്രം പ്രശ്നമല്ല. സമീപ ഭാവിയില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാമ്പത്തിക അന്തരവും സംസ്ഥാനങ്ങളുടെ അകത്തുള്ള ജനങ്ങള്‍ തമ്മിലുള്ള അസമത്വവും വര്‍ധിപ്പിക്കും. അസമത്വം വര്‍ധിപ്പിക്കുന്ന വിധത്തിലുള്ള രാഷ്ട്രീയമായ പക്ഷപാതമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഈ സമീപനം തന്നെയാണ് 2023ലെ ബജറ്റിലും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത്.
തൊഴിലില്ലായ്മക്കൊപ്പം തന്നെ ഉയര്‍ന്ന വിലക്കയറ്റവും ജനങ്ങളെ ബാധിക്കുന്നുണ്ട്. മാന്ദ്യത്തിൻ്റെ കൂടെ ഉണ്ടായ ഉയര്‍ന്ന വിലക്കയറ്റം വരുതിയിലാക്കാന്‍ പണ ലഭ്യത കുറക്കാന്‍ റിസര്‍വ് ബേങ്ക് എടുത്ത നടപടികള്‍ ഉദ്ദേശിച്ച ഫലം കണ്ടെത്തിയില്ല. 2022-23 വര്‍ഷത്തെ സാമ്പത്തിക സര്‍വേ സൂചിപ്പിച്ച വില വര്‍ധനവ് നിരക്ക് 6.8 ശതമാനമാണ്. ഇത് ആര്‍ ബി ഐയുടെ ടാര്‍ഗറ്റ് റേറ്റിന് മുകളിലാണ്. ഉയര്‍ന്ന വില വര്‍ധനവ് ഉപഭോഗം കുറയുന്നതിന് കാരണമാകും. രാജ്യത്തെ സാധാരണക്കാരായ ജനങ്ങള്‍ ഈ ഉയര്‍ന്ന വിലവര്‍ധന നിയന്ത്രിക്കുന്നതിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

കൊവിഡിന് ശേഷമുള്ള സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിനെ സംബന്ധിച്ചും ലോക രാജ്യങ്ങളില്‍ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നതിനെ സംബന്ധിച്ചുമുള്ള ഉയര്‍ന്ന അവകാശവാദങ്ങള്‍ക്ക് അപ്പുറം രാജ്യത്തെ സാധാരണ ജനങ്ങള്‍ നേരിടുന്ന കാതലായ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യുന്നതിനുള്ള ശ്രമം കേന്ദ്ര സര്‍ക്കാറിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സ്റ്റോക്ക് മാര്‍ക്കറ്റിലെ സൂചിക ഉയരുന്നതാണ് രാജ്യത്തെ സ്ഥൂലസാമ്പത്തിക അടിത്തറയുടെ ഭദ്രത എന്ന് വിശ്വസിക്കുന്ന മുതലാളിത്ത സാമ്പത്തിക കാഴ്ചപ്പാടാണ് കേന്ദ്രസര്‍ക്കാറിനെ നയിക്കുന്നത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ബജറ്റ്. 2023 ബജറ്റിൻ്റെ നികുതി നിര്‍ദേശങ്ങള്‍ പുറത്തുവന്നപ്പോള്‍ സെന്‍സെക്‌സ് സൂചിക ഉയര്‍ന്നു എന്നത് തന്നെ ഈ ബജറ്റിൻ്റെ വര്‍ഗ സ്വഭാവം വെളിപ്പെടുത്തുന്നു.
ഈ അടുത്ത കാലത്ത് പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടും പ്രധാനമന്ത്രിയുടെ ചങ്ങാതിയായ അദാനിയുടെ കള്ളക്കളികളും ചില്ലറ നാണക്കേടല്ല കേന്ദ്ര സര്‍ക്കാറിന് ഉണ്ടാക്കിയിട്ടുള്ളത്. അദാനിയെ പോലുള്ള ശത കോടീശ്വരന്‍മാരുടെ അമൃതകാലമാണ് ഈ ബജറ്റ് വാഗ്ദാനം ചെയ്യുന്നത് എന്ന് വ്യക്തമാണ്. രാജ്യത്തെ ശതകോടീശ്വരന്മാരെ യാതൊരു സാമ്പത്തിക അച്ചടക്കത്തിനും വിധേയരാക്കാതെ ചങ്ങാത്ത മുതലാളിത്തത്തിലൂടെ വളര്‍ത്തി വലുതാക്കുകയും സാധാരണക്കാരുടെ ജീവിത പ്രയാസങ്ങള്‍ക്ക് നേരേ മുഖം തിരിച്ചു നില്‍ക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാറിൻ്റെ പതിവ് സമീപനത്തിന് ഉത്തമ ഉദാഹരണമാണ് 2023 വര്‍ഷത്തെ കേന്ദ്ര ബജറ്റ്.

---- facebook comment plugin here -----

Latest