Articles
നാഗാലാൻഡ്: വിധിയെഴുത്തും വെല്ലുവിളിയും
ഫെബ്രുവരി 27ന് നാഗാലാന്‍ഡ് പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോള്‍ അത് ഇന്ത്യയുടെ വടക്കു കിഴക്കന്‍ രാഷ്ട്രീയത്തിൻ്റെ ഭാവി തീരുമാനിക്കുന്നതിലും ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക അധിനിവേശ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിലും ഒരുപോലെ നിര്‍ണായകമായേക്കാവുന്ന തിരഞ്ഞെടുപ്പ് ദിവസമായി ചരിത്രത്തില്‍ മാറാനിടയുണ്ട്.
2023ല്‍ അസ്സംബ്ലി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളില്‍ ഒന്നാണ് വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡ്. ഫെബ്രുവരി 27ന് നാഗാലാന്‍ഡ് പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോള്‍ അത് ഇന്ത്യയുടെ വടക്കു കിഴക്കന്‍ രാഷ്ട്രീയത്തിൻ്റെ ഭാവി തീരുമാനിക്കുന്നതിലും ഹിന്ദുത്വത്തിൻ്റെ സാംസ്‌കാരിക അധിനിവേശ സാധ്യതകളെ പരിപോഷിപ്പിക്കുന്നതിലും ഒരുപോലെ നിര്‍ണായകമായേക്കാവുന്ന തിരഞ്ഞെടുപ്പ് ദിവസമായി ചരിത്രത്തില്‍ മാറാനിടയുണ്ട്. ഇന്ത്യ സ്വതന്ത്രമായ അന്ന് മുതല്‍ വിഘടനവാദത്തിൻ്റെ ശബ്ദം ശക്തമായി ഉയര്‍ന്നു തുടങ്ങിയ പ്രദേശമാണ് ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖല. ഭൂമിശാസ്ത്രപരമായും സാംസ്‌കാരികപരമായും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായ സവിശേഷതകള്‍ അവകാശപ്പെടുന്ന ഈ മേഖലയില്‍, വിഘടനവാദവും ഗോത്ര പ്രശ്‌നവും അതിര്‍ത്തി-കുടിയേറ്റ പ്രശ്‌നങ്ങളും സൈനിക അക്രമങ്ങളും ഒരുപോലെ ഇന്ത്യന്‍ ജനാധിപത്യത്തിന് വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. കേവലമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചര്‍ച്ചകള്‍ക്കപ്പുറം ഭീകരമായ അളവില്‍ മനുഷ്യാവകാശ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്ന അവസരം കൂടിയാണ് ഇവിടത്തെ തിരഞ്ഞെടുപ്പ് വേദികള്‍.
സ്വാതന്ത്ര്യം നേടി 75 വര്‍ഷം കഴിഞ്ഞിട്ടും പരിഹരിക്കപ്പെടാത്ത ഈ പ്രശ്‌നങ്ങള്‍ക്ക് മുകളിലാണ് നാഗാലാന്‍ഡ് രാഷ്ട്രീയം ഇപ്പോഴും ഭ്രമണം ചെയ്യുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളിലെ തന്ത്രപരമായ സമീപനം കൊണ്ടാണ് കോണ്‍ഗ്രസ്സ് നാഗാലാന്‍ഡില്‍ അടിത്തറ ഉണ്ടാക്കിയതും ഏറെക്കാലം പിടിച്ചുനിന്നതും. സംസ്ഥാനത്ത് എണ്‍പതുകളില്‍ വേരുറപ്പിച്ചു തുടങ്ങിയ കോണ്‍ഗ്രസ്സിന് മൃഗീയ ഭൂരിപക്ഷത്തില്‍ 10 വര്‍ഷം തുടര്‍ച്ചയായി ഭരിക്കാനായിട്ടും രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തില്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് പിന്നാക്കം പോകേണ്ടി വന്നതും 2018ലെ അസ്സംബ്ലി ഫലം വന്നപ്പോള്‍ ഒരംഗം പോലും ഇല്ലാത്ത വിധം ആ പാര്‍ട്ടി അപ്രത്യക്ഷമായി പോയതും അവരുടെ സംഘടനാപരമായ പോരായ്മ ഒന്നുകൊണ്ട് മാത്രമായിരുന്നില്ല. നാഗാലാന്‍ഡിൻ്റെ സവിശേഷമായ രാഷ്ട്രീയ സ്വഭാവത്തിൻ്റെ സങ്കീര്‍ണത കൂടി അടയാളം വെക്കാന്‍ പാകത്തില്‍ നാഗാലാന്‍ഡ് രാഷ്ട്രീയം മാറുന്നതിൻ്റെ ചരിത്രം കൂടി ഈ രാഷ്ട്രീയ പതനത്തില്‍ നിന്ന് വായിച്ചെടുക്കാനാകും.
പ്രാദേശിക സ്വത്വവും അതിന് മുകളില്‍ കെട്ടി ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രശ്‌നങ്ങളുമാണ് എല്ലാ കാലത്തും നാഗാലാന്‍ഡില്‍ ചര്‍ച്ചയായിട്ടുള്ളത്. ദേശീയ പ്രശ്‌നങ്ങള്‍ ഒരുകാലത്തും ഈ പ്രദേശത്തെ ജനങ്ങളുടെ രാഷ്ട്രീയത്തെയോ തിരഞ്ഞെടുപ്പിനെയോ സ്വാധീനിച്ചിരുന്നില്ല എന്നതാണ് സത്യം. സൈനികര്‍ക്ക് പ്രത്യേക അധികാരം നല്‍കിയിരുന്ന അഫ്‌സ്പ നിയമവും അത് മൂലം പ്രദേശത്ത് ഉണ്ടായ സംഘര്‍ഷങ്ങളും നോര്‍ത്ത് ഈസ്റ്റിനെ ഒരു കണ്ണീർക്കയമാക്കി മാറ്റുമ്പോള്‍ പോലും അവര്‍ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സുമായി ഇടക്കാലത്ത് സഖ്യത്തിലേര്‍പ്പെട്ടു എന്നതും കൗതുകകരമാണ്.
രണ്ടായിരത്തിന് ശേഷമാണ് നാഗാലാന്‍ഡ് ഈ രാഷ്ട്രീയ സ്വഭാവത്തോട് ശക്തമായി പുറം തിരിഞ്ഞു തുടങ്ങിയത്. അതിന് മുഖ്യമായ കാരണം, 2003 മുതല്‍ സംസ്ഥാനത്ത് അധികാരം കൈയാളി തുടങ്ങിയ നാഗാ പീപ്പിള്‍സ് ഫ്രണ്ട് വാജ്പയ് സര്‍ക്കാറിൻ്റെ കാലത്ത് ബി ജെ പിയുമായി സഖ്യം ചേര്‍ന്നതായിരുന്നു. പിന്നീട് സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് വിരുദ്ധ ചേരി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുന്നതും സംസ്ഥാന രാഷ്ട്രീയത്തിൻ്റെ സ്വഭാവം തന്നെ കീഴ്‌മേല്‍ മറിഞ്ഞു തുടങ്ങുന്നതും ഈ സഖ്യത്തോടെയാണ്. നാഗാലാന്‍ഡിലെ പ്രാദേശിക പ്രശ്‌നങ്ങളില്‍ സംഘ്പരിവാര്‍ അവരുടെ പ്രഖ്യാപിത അജന്‍ഡകള്‍ മറച്ചുവെച്ച് കൊണ്ട് കോണ്‍ഗ്രസ്സ് വിരുദ്ധത മാത്രം മുന്നില്‍ നിര്‍ത്തി പുതിയൊരു രാഷ്ട്രീയത്തെ രൂപപ്പെടുത്തിയെടുത്തു. ഇതേ തന്ത്രം തന്നെയാണ് മറ്റു വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ബി ജെ പി സ്വീകരിച്ചത്. തുടര്‍ച്ചയായി അധികാര രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതെ നിലകൊള്ളുമ്പോഴും അവര്‍ പുതിയ രാഷ്ട്രീയ ബദല്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. ഹിന്ദുത്വയെ സവര്‍ക്കറുടെ ഹിന്ദുത്വയില്‍ നിന്ന് പുതിയൊരു ഫ്രെയ്മിലേക്ക് മാറ്റി അവതരിപ്പിക്കുന്നതില്‍ വിജയിച്ചു എന്നതാണ് മോദി-അമിത് ഷാ യുഗത്തില്‍ നാഗാലാന്‍ഡില്‍ കാണാന്‍ കഴിയുന്ന പ്രധാന മാറ്റം. വിഘടനവാദികളെ കേള്‍ക്കാനും അവരുടെ രാഷ്ട്രീയ പ്രശ്‌നങ്ങളുമായി സംവദിക്കാനും അതിനോട് മൃദു സമീപനം കൈക്കൊള്ളാനും കഴിഞ്ഞു എന്നതാണ് കേന്ദ്രം ഭരിച്ച മുന്‍ സര്‍ക്കാറുകളില്‍ നിന്ന് നരേന്ദ്ര മോദിയുടെ സര്‍ക്കാറിനെ വ്യത്യസ്തമാക്കുന്നത്.
ഇതാണ് നാഗാലാന്‍ഡിലെ ജനങ്ങള്‍ക്കിടയിലും ബി ജെ പിക്ക് വലിയ സ്വാധീനം ഉറപ്പിക്കാന്‍ സാധിച്ച പ്രധാന ഘടകം. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച സംസ്ഥാനത്ത് 87 ശതമാനം ക്രിസ്ത്യന്‍ മതവിഭാഗം താമസിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മതപരമായോ സാംസ്‌കാരികമായോ ഹിന്ദുത്വത്തിന് അത്ര പെട്ടെന്ന് വിധേയപ്പെടാനുള്ള സാമൂഹിക-രാഷ്ട്രീയ സാഹചര്യം ഇവിടെയില്ല. എന്നിരുന്നാല്‍ പോലും 2018ലെ അസ്സംബ്ലി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ നാഗാ പീപ്പിള്‍സ് ഫ്രണ്ടിനെ (എന്‍ പി എഫ്) അധികാരത്തിന് പുറത്തിരുത്തി നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗ്രസ്സീവ് പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്ന് അധികാരത്തിലേറി എന്നതാണ് നാഗാലാന്‍ഡിലെ ബി ജെ പിയുടെ രാഷ്ട്രീയ ശക്തിയുടെ ഏറ്റവും വലിയ തെളിവ്.
2018 വരെ നാഗാലാന്‍ഡില്‍ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ട് ബി ജെ പിയുമായി സഖ്യമുപേക്ഷിച്ചതോടെയാണ് മുന്‍ മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പിളരുന്നത്. ശേഷം റിയോയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച രാഷ്ട്രീയ പാര്‍ട്ടിയായിരുന്നു നാഷനല്‍ ഡെമോക്രാറ്റിക് പ്രോഗസ്സീവ് പാര്‍ട്ടി. കഴിഞ്ഞ അസ്സംബ്ലി തിരഞ്ഞെടുപ്പില്‍ 60 അംഗ സഭയില്‍ എന്‍ പി എഫ് 26 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ ഡി പി പിക്ക് 18 സീറ്റും ബി ജെ പിക്ക് 12 സീറ്റുമായിരുന്നു ലഭിച്ചത്. എന്നാല്‍ ഭരണം പിടിച്ചതോടെ എന്‍ പി എഫിൻ്റെ എം എല്‍ എമാര്‍ കൂട്ടത്തോടെ റിയോക്കൊപ്പം ചേര്‍ന്നു. ഇതോടെ എന്‍ പി എഫിൻ്റെ സഭയിലെ അംഗസംഖ്യ 26ല്‍ നിന്ന് നാലിലേക്ക് ചുരുങ്ങുകയും ചെയ്തു.
ഇത്തവണ തിരഞ്ഞെടുപ്പില്‍ ബി ജെ പിയും എന്‍ ഡി പി പിയും സഖ്യമായാണ് മത്സരിക്കുന്നത്. എന്നാല്‍ എന്‍ പി എഫ് തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാനുള്ള സാധ്യത തുറന്നിട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ്സ് സംസ്ഥാനത്ത് ഒറ്റക്കാണ് മത്സരിക്കുന്നത്. എന്‍ ഡി എ സഖ്യം ഇത്തവണ നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് എന്ന പേരിലാണ് മത്സരിക്കുന്നത്. സഖ്യത്തില്‍ 40 സീറ്റില്‍ എന്‍ ഡി പി പിയും ഇരുപത് സീറ്റില്‍ ബി ജെ പിയുമാണ് മത്സരിക്കുന്നത്. എന്‍ പി എഫ് മുഖ്യ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നത് ബി ജെ പിയെ അല്ല എന്നതിനാല്‍ തന്നെ ബി ജെ പിക്ക് ഈ തിരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാകില്ല. നാഗാലാന്‍ഡിൻ്റെ ചരിത്രത്തിലെ ആദ്യ ബി ജെ പി മുഖ്യമന്ത്രിയെന്ന സുവര്‍ണാവസരവും ഇത്തവണ ബി ജെ പിക്ക് കൈയെത്തും ദൂരത്താണ്.
മതപരവും ഗോത്രപരവുമായ വൈജാത്യങ്ങള്‍ക്കപ്പുറം ഒറ്റ ഇന്ത്യ ഫ്രെയ്്മിനുള്ളിലേക്ക് നോര്‍ത്ത് ഈസ്റ്റിനെ കൂടി തന്ത്രപരമായി ഉള്‍ക്കൊള്ളിക്കാന്‍ ബി ജെ പിയുടെ രാഷ്ട്രീയത്തിന് കഴിയുന്നു എന്നതാണ് നാഗാലാന്‍ഡ് അടുത്ത കാലത്തായി പങ്കുവെക്കപ്പെട്ട ഏറ്റവും അപകടകരമായ സത്യം. എല്ലാ ഹിന്ദുക്കളെയും ഒറ്റ ഹിന്ദു എന്ന ലേബലില്‍ അഭിസംബോധന ചെയ്തു തുടങ്ങിയതും സംസ്ഥാനത്തെ ഹിന്ദു വോട്ടിനെ ഏകീകരിക്കുന്നതില്‍ സഹായിച്ചിട്ടുണ്ട്. സംഘ്പരിവാറിൻ്റെ ഒറ്റ ഇന്ത്യ എന്ന ഫ്രെയ്്മിനുള്ളിലേക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കൂടി അസാധാരണമായ കൈയടക്കത്തോടെ കൊണ്ടിരുത്താന്‍ ബി ജെ പിക്ക് കഴിയുന്നു എന്നിടത്താണ് വരാനിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഈ സംസ്ഥാനങ്ങളിലെ ആകെ ഭാവിയെ തന്നെ തീരുമാനിക്കുന്നതില്‍ നിര്‍ണായകമാകുന്നത്.
ആര്‍ എസ് എസിൻ്റെ തീവ്രതാ രാഷ്ട്രീയ ബുദ്ധിക്കപ്പുറം ബി ജെ പിക്ക് പ്രായോഗികതയില്‍ ഊന്നിയ പുതിയൊരു ഹിന്ദുത്വയെ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ കഴിയുമോ എന്നതാണ് നാഗാലാന്‍ഡ് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം ആകാംക്ഷയോടെയും അതിലേറെ ആശങ്കയോടെയും കാത്തിരിക്കുന്നത്.