Connect with us

Education

പ്ലസ്ടു കഴിഞ്ഞാൽ പാടം പഠിക്കാം

കാർഷിക മേഖലയിൽ പ്രധാനമായും രണ്ട് തലങ്ങളിലാണ് കോഴ്‌സുകൾ ഉള്ളത്

Published

|

Last Updated

പ്ലസ് ടു വിന് ശേഷം ബി എസ്‌ സി അഗ്രികൾച്ചർ കോഴ്‌സിന് ചേരണം എന്നാണ് ആഗ്രഹം. കോഴ്‌സിനെ കുറിച്ചും കോളജുകളെ കുറിച്ചും കൂടുതലറിയാൻ ആഗ്രഹമുണ്ട്
| ഷിഫാന ഫാത്വിമ, അൽ അമീൻ പബ്ലിക് സ്‌കൂൾ, ഇടപ്പള്ളി

ലോകം വ്യാവസായികവത്കരണത്തിൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യ ആത്യന്തികമായി ഒരു കാർഷിക സമ്പദ് വ്യവസ്ഥയായതിനാൽ കൃഷിക്ക് വളർന്നുവരുന്ന വ്യാപ്തിയുണ്ട്. ജീവൻ്റെ നിലനിൽപ്പിന് കൃഷി ഒഴിച്ചുകൂടാനാവാത്ത ഒരു മേഖല തന്നെയാണ്. കൂടിവരുന്ന ജനസംഖ്യ ഭക്ഷണത്തിൻ്റെ ആവശ്യകതയും വർധിപ്പിക്കുന്നു. ജനസംഖ്യയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഭക്ഷ്യ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള കാർഷിക ഗവേഷണങ്ങളുടെയും സാങ്കേതികവിദ്യയുടെയും ആവിർഭാവവും വികാസവും അനിവാര്യമാണ്.

സസ്യ പോഷക പരിപാലനവും സംരക്ഷണവും, കാലാവസ്ഥാ പഠനം, വിളകളുടെ പരിപാലനം, രോഗ കീട നിയന്ത്രണം, വിളകളുടെ വർഗീകരണം, വിള ഉത്പാദന തത്വങ്ങൾ, മണ്ണ് തയ്യാറാക്കൽ, ജലസേചനം ഇവയൊക്കെ കാർഷിക മേഖലയിലെ ജോലികളിൽപ്പെടുന്നു. കാർഷിക മേഖലയിൽ പ്രധാനമായും രണ്ട് തലങ്ങളിലാണ് കോഴ്‌സുകൾ ഉള്ളത്. ഒന്ന് കാർഷിക മേഖലയിലെ കൃഷിയുടെ അടിസ്ഥാന ശാസ്ത്ര സേവനങ്ങളും ഗവേഷണങ്ങളും ഉൾപ്പെടുന്ന അഗ്രികൾച്ചറൽ സയൻസ് ബിരുദം. ബി എസ്‌സി, എം എസ്‌സി അഗ്രികൾച്ചർ, ഗവേഷണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
രണ്ടാമതായി കാർഷിക സാങ്കേതികവിദ്യാ ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും നിർമാണവും രൂപകൽപ്പനയും ചെയ്യുന്നതിലൂടെ കാർഷിക പ്രവർത്തനങ്ങൾ എളുപ്പവും ക്ഷമതയും ഉള്ളതാക്കാൻ സഹായിക്കുന്ന കാർഷിക എൻജിനീയറിംഗ്. ബി ടെക്, എം ടെക് അഗ്രികൾച്ചർ എൻജിനീയറിംഗ് തുടങ്ങിയ കോഴ്‌സുകൾ ഈ ഗണത്തിൽ ഉൾപ്പെടുന്നു.

ഹയർ സെക്കൻഡറി തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി വിഷയങ്ങളോ ഫിസിക്‌സ്, കെമിസ്ട്രി മാത്‌സ് ഒപ്പം അഗ്രികൾച്ചറൽ വിഷയങ്ങളോ എടുത്ത് പഠിച്ചു പാസ്സായവർക്ക് കോഴ്‌സിന് ചേരാവുന്നതാണ്.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ സി എ ആർ) ഇന്ത്യയിലെ കാർഷിക മേഖലയിലെ ഗവേഷണവും വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നതിനുള്ള അപക്‌സ് ബോഡിയാണ്.

ഐ സി എ ആറിന് കീഴിൽ 63 സ്റ്റേറ്റ് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റികളും മൂന്ന് സെൻട്രൽ അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റികളും നാല് ഡീംഡ് യൂനിവേഴ്‌സിറ്റികളും ഉൾപ്പെടുന്നു. ഇവയുടെ കീഴിലായി 115 ഓളം അംഗീകൃത സ്ഥാപനങ്ങൾ നിലവിലുണ്ട്.

പ്രവേശനം
ഐ സി എ ആറിന് കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ 15 ശതമാനം ദേശീയതല സീറ്റുകളിലേക്ക് കൗൺസിൽ പ്രത്യേകമായി നടത്തുന്ന ആൾ ഇന്ത്യ എൻട്രൻസ് എക്‌സാമിനേഷൻ യു ജി വഴിയാണ് പ്രവേശനം.

കേരളത്തിൽ കേരള അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയിൽ നാല് കോളജുകളാണുള്ളത്. കോളജ് ഓഫ് അഗ്രികൾച്ചർ വെള്ളായണി തിരുവനന്തപുരം, കോളജ് ഓഫ് ഹോർട്ടികൾച്ചർ വെള്ളാനിക്കര തൃശൂർ, കോളജ് ഓഫ് അഗ്രികൾച്ചർ പടന്നക്കാട് കാസർകോട്, കോളജ് ഓഫ് അഗ്രികൾച്ചർ അമ്പലവയൽ വയനാട് എന്നിവയാണ് അവ.

ഈ കോളജുകളിലേക്കുള്ള സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കുള്ള പ്രവേശനം നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – നീറ്റ് മാർക്കിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഓഫ് എൻട്രൻസ് എക്‌സാമിനേഷൻ കേരള തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രകാരമാണ്. ബി ടെക് അഗ്രികൾച്ചർ എൻജിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം കേരള എൻജിനീയറിംഗ് എൻട്രൻസ് എക്‌സാമിനേഷൻ മുഖാന്തരമാണ്.

 

ഞാൻ ഡിഗ്രി ചെയ്ത് കൊണ്ടിരിക്കുന്നു. എനിക്ക് logistics ചെയ്യാൻ താത്പര്യം ഉണ്ട്. അപ്പോൾ ഡിഗ്രി കഴിഞ്ഞിട്ട് M B A in logistics ചെയ്യുന്നത് ജോലി സാധ്യത ഉള്ളതാണോ? | മുഹമ്മദ് നാദാപുരം

ഉത്പാദന പ്രവർത്തനത്തിന് വേണ്ട അസംസ്‌കൃത പദാർഥങ്ങളെയും ചരക്കുകളെയും സേവനങ്ങളെയും ഉത്പാദനം നടക്കുന്ന ഇടങ്ങളിൽ നിന്ന് മറ്റൊരു ഇടത്തേക്കോ ഉപഭോക്താവിലേക്കോ എത്തിക്കുന്നത് വരെയുള്ള പല പ്രവർത്തനങ്ങളെയും ഏകോപിപ്പിച്ച് നിയന്ത്രിക്കുന്ന ജോലിയാണ് ലോജിസ്റ്റിക്‌സ് മാനേജ്‌മെൻ്റ്. നിർമാതാക്കൾ, വിതരണക്കാർ, ഉപഭോക്താക്കൾ എന്നിവരെ വിപണന മേഖലയിൽ കൂട്ടിയോജിപ്പിക്കുന്ന കണ്ണികളാണ് ലോജിസ്റ്റിക്‌സ് അഥവാ സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് ഉദ്യോഗസ്ഥർ. ഉത്പാദനം മുതൽ വിതരണം വരെ വേണ്ട സേവനങ്ങളായ മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, വെയർ ഹൗസിംഗ്, പാക്കേജിംഗ്, ട്രാൻസ്‌പോർട്ടേഷൻ, സെക്യൂരിറ്റി ഇവയൊക്കെ ജോലി മേഖലകളിൽപ്പെടുന്നു. കൊച്ചി വല്ലാർപാടം പദ്ധതി, വിഴിഞ്ഞം പദ്ധതികൾ വഴിയൊക്കെ കേരളത്തിലും ധാരാളം ജോലികൾക്ക് സാധ്യതകൾ ഉണ്ട്. ഓൺലൈൻ വ്യാപാര മേഖലയിലെ വമ്പിച്ച മുന്നേറ്റവും വ്യോമയാന രംഗത്തെ കുതിപ്പുമെല്ലാം ഈ രംഗത്ത് സാധ്യതകൾ തുറന്നിടുന്നു.

ഈ മേഖലയിൽ പ്ലസ്ടുവിന് ശേഷം പോവാൻ പറ്റുന്ന സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മുതൽ ഡിപ്ലോമ, പി ജി ഡിപ്ലോമ, ബിരുദ ബിരുദാനന്തര കോഴ്‌സുകൾ വരെ ലഭ്യമാണ്. ബിരുദത്തിന് ശേഷം സ്‌പെഷ്യലൈസേഷനോടു കൂടിയ പി ജി ഡിപ്ലോമകളോ ബിരുദാനന്തര ബിരുദത്തിൽ സ്‌പെഷ്യലൈസേഷൻ ആയോ പഠനം പൂർത്തിയാക്കുന്നത് ഉയർന്ന ജോലി സാധ്യത ഒരുക്കുന്നു. പ്ലസ്ടു കഴിഞ്ഞവർക്ക് ലോജിസ്റ്റിക്സ് മാനേജ്മെൻ്റിൽ അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സുകളുണ്ട്. ബി കോം , ബി ബി എ, ബി ബി എം, ബി ബി എസ് പോലുള്ള കൊമേഴ്‌സ് ബിരുദങ്ങളിൽ ലോജിസ്റ്റിക്സ് പ്രധാന വിഷയമായുള്ള കോഴ്സുകളും ലഭ്യമാണ്.

പ്രമുഖ സ്ഥാപനങ്ങൾ
ഇന്ത്യൻ മാരിറ്റൈം യൂനിവേഴ്സിറ്റിയുടെ( https://www.imu.edu.in) ചെന്നൈ, കൊച്ചി, കൊൽക്കത്ത കേന്ദ്രങ്ങളിൽ ലോജിസ്റ്റിക്സ് പഠനത്തിന് അവസരം ഉണ്ട്. സെൻ്റർ ഓഫ് എക്സലൻ്റ്സ് ഫോർ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ ചെന്നൈ, ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് ചെന്നൈ, യൂനിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് എനർജി സ്റ്റഡീസ് (UPES) ഡെറാഡൂൺ, പൂണെയിലെ സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻ്റർനാഷനൽ ബിസിനസ്സ്, മുംബൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ്സ് സ്റ്റഡീസ് ആൻഡ് മാനേജ്മെൻ്റ്, കെ ജെ സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ്. ഡി വൈ പാട്ടീൽ യൂനിവേഴ്സിറ്റി നവി മുംബൈ, ഇൻ്റർനാഷനൽ സ്‌കൂൾ ഓഫ് ബിസിനസ്സ് ആൻഡ് മീഡിയയുടെ കൊൽക്കത്ത, ബെംഗളൂരു, പൂണെ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൊക്കെ ബിരുദധാരികൾക്ക് എം ബി എ കോഴ്‌സിൽ സ്‌പെഷ്യലൈസേഷൻ ആയി ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് പഠിക്കാനുള്ള അവസരങ്ങൾ ഉണ്ട്.

ബിരുദത്തിന് ശേഷം കുറഞ്ഞ കാലയളവിൽ വരുന്ന ഡിപ്ലോമ കോഴ്‌സുകൾ പഠിച്ച് ഈ മേഖലയിലെ ജോലികൾ നേടാം. ഏത് കോഴ്‌സ് ആയാലും സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ പ്രായോഗിക പരിശീലനവും പ്ലെയ്സ്‌മെൻ്റ് ലഭ്യതയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് ഉദയപൂർ, ലക്‌നോ, കോഴിക്കോട് എന്നിവിടങ്ങളിൽ വർക്കിംഗ് പ്രൊഫഷനലുകൾക്ക് സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് ഡിപ്ലോമ പ്രോഗ്രാം ലഭ്യമാണ്. കേരളത്തിൽ ഡി സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് കുട്ടിക്കാനം, ഡിപാർട്ട്‌മെൻ്റ് ഓഫ് മാനേജ്‌മെൻ്റ് സ്റ്റഡീസ് യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡിസ് ഇവിടങ്ങളിലും പഠനാവസരമുണ്ട്. കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT), മാനേജ്‌മെൻ്റ് ആറ്റിറ്റ്യൂട് ടെസ്റ്റ് (MAT), കോമൺ മാനേജ്‌മെൻ്റ് അഡ്മിഷൻ ടെസ്റ്റ് (CMAT) പോലുള്ള അഡ്മിഷൻ ടെസ്റ്റുകൾ വഴി ഉയർന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാം.

ചീഫ് കരിയർ കൗൺസിലർ, സിജി ചേവായൂർ

Latest