Featured
വലിപ്പം ചോരാത്ത വലിയങ്ങാടി
കുരുമുളകും ഇഞ്ചിയും കൊപ്രയും കച്ചവടം ചെയ്യുന്ന വലിയങ്ങാടി വിസ്തൃതമായൊരു വ്യാപാരസാമ്രാജ്യം തന്നെയായിരുന്നു കെട്ടിപ്പൊക്കിയത്. കടപ്പുറത്തോട് ചേര്‍ന്ന പാണ്ടികശാലകളില്‍ എപ്പോഴും..
പണ്ട് പണ്ടത്തെ ഒരു കഥയാണ്, കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിയുടെ സത്യസന്ധതയും നീതിബോധവും വിളക്കിച്ചേര്‍ത്ത ഒരു പുരാണ കഥ. ഒരിക്കല്‍ ഒരു അറബി മലബാറിന്റെ തീരത്തുള്ള ഓരോ നാട്ടുരാജാക്കന്മാരെയും സന്ദര്‍ശിച്ചു. തിരികെ പോകുമ്പോള്‍ രാജാക്കന്മാര്‍ക്ക് ഓരോ ഭരണി വീതം സൂക്ഷിക്കാനും നല്‍കി. ഭരണിയില്‍ അച്ചാര്‍ ആണെന്നാണ് പറഞ്ഞിരുന്നത്. നാട്ടിലേക്ക് പോയ അറബി കുറച്ചു കാലത്തിനുശേഷം മടങ്ങിയെത്തി. അയാള്‍ രാജാക്കന്മാരില്‍ നിന്നും ഭരണികള്‍ തിരിച്ചുവാങ്ങി. അറബി ഭരണി തുറന്ന് നോക്കിയപ്പോള്‍ എല്ലാറ്റിലും അച്ചാര്‍ ഉണ്ടായിരുന്നു. എന്നാല്‍ കോഴിക്കോട്ടെ നാടുവാഴിയായിരുന്ന സാമൂതിരി നല്‍കിയ ഭരണിയില്‍ മാത്രം സ്വര്‍ണ നാണയങ്ങളും. അതിശയപ്പെട്ട അറബി തെല്ലും വൈകാതെ സാമൂതിരിയുടെ അടുത്തെത്തി. “ഞാന്‍ എല്ലാ രാജാക്കന്മാര്‍ക്കും സ്വര്‍ണം നിറച്ച ഭരണി കൊടുത്തപ്പോള്‍ അവരെല്ലാം അച്ചാര്‍ ഭരണി തന്ന് എന്നെ പറ്റിച്ചു. എന്നാല്‍ താങ്കള്‍ മാത്രം എന്റെ സ്വര്‍ണഭരണി തിരിച്ചേല്‍പ്പിച്ചു. ഞാന്‍ കണ്ട ഏറ്റവും സത്യസന്ധനായ രാജാവ് നിങ്ങളാണ്.സത്യത്തിന്റെ ഈ തുറമുഖത്ത് കച്ചവടം ചെയ്യാന്‍ എന്നെ അനുവദിക്കാമോ? എന്നായി അറബിയുടെ ചോദ്യം. നിറഞ്ഞ മനസ്സോടെ സാമൂതിരി അതിനുള്ള അനുവാദവും നല്‍കി. കോഴിക്കോടിന്റെ വ്യാപാര ചരിത്രത്തിലേക്ക് വെട്ടം വീഴ്ത്തുന്ന കഥകള്‍ ഇതുപോലെ ധാരാളമുണ്ട്. കപ്പലുകള്‍ പുറംകടലില്‍ നങ്കൂരമിട്ടു കിടന്ന ഒരു കാലം അത്രയൊന്നും വിദൂരമല്ല. കടല്‍പ്പാലത്തിന്റെ അവശിഷ്ടങ്ങള്‍ തീര്‍ത്തും കടലെടുത്തുപോയിട്ടുമില്ല. സത്യസന്ധമായ വ്യാപാരത്തില്‍ മലബാറിന്റെ തുടക്കം കോഴിക്കോട് വലിയങ്ങാടിയില്‍ നിന്നാണെന്ന് പറയാം. വലിയങ്ങാടിയിലെ കച്ചവടത്തിന്റെ നേരും നെറിയും കോഴിക്കോടിന്റെ മണ്ണില്‍ അങ്ങനെ അലിഞ്ഞു കിടക്കുകയാണ്.
കാതങ്ങള്‍ക്കപ്പുറത്തു നിന്നും കപ്പലിറങ്ങിയവരേ ഹൃദയം കൊണ്ടാണ് ഈ നാട് സ്വീകരിച്ചത്. ഉരുക്കളിലും പത്തേമാരികളിലും കോഴിക്കോടിന്റെ തേങ്ങയും കുരുമുളകും ചൂടിയും മരത്തടികളും കടലു കടന്നു. വലിയങ്ങാടിയെന്ന കച്ചവടത്തിന്റെ പറുദീസയില്‍ പട്ടും പവിഴവും അരിയും പലവ്യഞ്ജനവും അടക്കയും നാളികേരവും കൊണ്ട് നിറഞ്ഞു. ഒരു കാലത്ത് ലോകത്തിലെ സമ്പന്ന നഗരങ്ങളില്‍ ഒന്നായിരുന്നു കോഴിക്കോട്. നാനാദിക്കില്‍ നിന്നും പെരുമ കേട്ടറിഞ്ഞ കച്ചവടക്കാര്‍ കോഴിക്കോട് തീരത്തെത്തി. ഭാഷയിലും വേഷത്തിലും വ്യത്യസ്തരായവര്‍ ഈ മണ്ണില്‍ സ്ഥിരം സന്ദര്‍ശകരായി. കോഴിക്കോടിന്റെ കച്ചവടപ്പെരുമ താമസിയാതെ ലോകമാകെ പടര്‍ന്നു പന്തലിച്ചു. തീരത്തണയുന്ന ഉരുവും യാനങ്ങളും നഗരത്തിലെത്തുന്ന കാളവണ്ടികളും അക്കാലത്തെ സ്ഥിരം കാഴ്ചകളായിരുന്നു. മുന്‍കാലങ്ങളില്‍ വാഗണില്‍ റെയില്‍വേ ഗുഡ്‌ഷെഡില്‍നിന്നും വലിയങ്ങാടിയില്‍ എത്തുന്ന അരി അവിടെ നിന്നും ലോറിയിലും ട്രോളിയിലും കാളവണ്ടികളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റിപ്പോകുന്നത് നിത്യ കാഴ്ചയായിരുന്നു. സമ്പന്നമായ കോഴിക്കോടിന്റെ തിലകക്കുറിയായിരുന്ന വലിയങ്ങാടിക്ക് ഓര്‍ത്തെടുക്കാനും അഹങ്കരിക്കാനും പ്രതാപത്തിന്റെ കഥകള്‍ ഇനിയുമേറെയുണ്ട്.
കുരുമുളകും ഇഞ്ചിയും കൊപ്രയും കച്ചവടം ചെയ്യുന്ന വലിയങ്ങാടി വിസ്തൃതമായൊരു വ്യാപാരസാമ്രാജ്യം തന്നെയായിരുന്നു കെട്ടിപ്പൊക്കിയത്. ഒരു കാലത്ത് കോടിക്കണക്കിന് രൂപയുടെ കച്ചവടമാണ് അങ്ങാടിയില്‍ അനുദിനം നടന്നിരുന്നത്. കടപ്പുറത്തോട് ചേര്‍ന്ന പാണ്ടികശാലകളില്‍ എപ്പോഴും തിരക്കായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് കാര്‍ഷിക വിഭവങ്ങളുമായി കൃഷിക്കാരും ചെറുകിട വ്യാപാരികളായ ഇടനിലക്കാരും ഇവിടെയെത്തി. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ ജനനിബിഡമായി. കൊപ്രയുടെ ഗുണനിലവാരം പരിശോധിച്ചും കുരുമുളകിന്റെ ഉണക്കം നോക്കിയും ഇഞ്ചിയുടെ മേന്മ വിലയിരുത്തിയും വ്യാപാരികള്‍ സദാ ജാഗരൂകരായി. കൊപ്രക്കളത്തിലും പാണ്ടികശാലകളിലും ജോലിക്ക് വേണ്ടി ഗ്രാമങ്ങളില്‍ നിന്നുപോലും ആളുകളെത്തി. എന്നാല്‍ പിന്നീടു വന്ന ഷോപ്പിംഗ് മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും കണ്ണഞ്ചിപ്പിക്കുന്ന സൗധങ്ങളായി ഉയര്‍ത്തിക്കെട്ടിയ ആധുനിക വാണിജ്യ സംസ്‌കാരത്തിന് മുന്നില്‍ വലിയങ്ങാടിയെ പോലുള്ള കച്ചവട കേന്ദ്രങ്ങള്‍ക്ക് പ്രസക്തി കുറഞ്ഞുവന്നു. പതിയെ പതിയെ ഓടുമേഞ്ഞ പഴമ മണക്കുന്ന പാണ്ടികശാലകള്‍ പലതും തകര്‍ന്നു തുടങ്ങി. മച്ചും മരഗോവണിയും തുറക്കുമ്പോള്‍ കരയുന്ന വാതിലുകളും ഓര്‍മകളിലേക്ക് മാഞ്ഞു. അതിനു മുമ്പുതന്നെ തുറമുഖം എന്ന നിലയില്‍ കോഴിക്കോടിന്റെ പ്രതാപം മങ്ങിയിരുന്നു. പത്തേമാരികളും കപ്പലുകളും നേരത്തെ രംഗംവിട്ടു. കൊച്ചി, മംഗലാപുരം തുറമുഖങ്ങള്‍ സജീവമായതോടെയാണ് നമ്മുടെ കച്ചവടപ്പെരുമക്കും മങ്ങലേറ്റത്. കോഴിക്കോടന്‍ പ്രതാപത്തിലേക്ക് കപ്പലിറങ്ങിയ കാലത്തിന് വയസ്സേറി. ഹല്‍വയില്ലാതായ ഹല്‍വ ബസാറും പട്ടിന്റെ നൂലിഴ പോലുമില്ലാത്ത പട്ടുതെരുവും വലിയങ്ങാടിയില്‍ ഇന്നും നിലകൊള്ളുകയാണ്.
പഴയകാല ചാക്ക് കച്ചവടക്കാരുടെ കേന്ദ്രമായിരുന്നു വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റ്. കോഴിക്കോട്ടെ വ്യാപാര കേന്ദ്രങ്ങളിലേക്ക് പലചരക്ക് സാധനങ്ങള്‍ കൊണ്ടുവന്നിരുന്ന ചാക്കുകളെല്ലാം നേരെ ഗണ്ണി സ്ട്രീറ്റിലേക്കാണ് എത്തിയിരുന്നത്. ഇവിടെ നിന്നും ഇവയുടെ കേടുപാടുകള്‍ തുന്നിയെടുത്ത് പുതിയതാക്കി വില്‍ക്കുകയാണ് ചെയ്യുന്നത്. ഇത് പല സംസ്ഥാനങ്ങളിലേക്കും കയറ്റി അയച്ചു. എന്നാല്‍, തൊഴിലാളികളുടെ എണ്ണം കുറഞ്ഞതും ചകിരിച്ചാക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക് ചാക്കുകള്‍ വിപണി കൈയടക്കിയതോടെ ഇവിടെയുണ്ടായിരുന്ന ചാക്കുകടകളില്‍ പലതും എന്നന്നേക്കുമായി പൂട്ടേണ്ടി വന്നു. ഇപ്പോള്‍ പേരിന് മാത്രമാണ് ഇവിടെ കടകള്‍ ഉള്ളതെന്ന് വര്‍ഷങ്ങളായി ഇവിടെ തൊഴിലെടുക്കുന്ന മുഹമ്മദ് കോയ പറയുന്നു. അരിയും തേങ്ങയുമായിരുന്നു വലിയങ്ങാടിയുടെ ജീവന്‍. അതുകൊണ്ട് തന്നെ പാണ്ടികശാലക്കും പലചരക്ക് കടകള്‍ക്കും വലിയങ്ങാടിയുമായി ഇഴപിരിക്കാനാകാത്ത ബന്ധമാണെന്ന് നാല്‍പ്പത്തി മൂന്ന് വര്‍ഷമായി ഇവിടെ കച്ചവടം ചെയ്യുന്ന ഗോപിനാഥ് പറയുന്നു.
സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നഗരത്തില്‍ ഇടം പിടിച്ചതോടെ പലവ്യഞ്ജന കടകള്‍ പലതും അടച്ചുപൂട്ടി. പകരം ഡ്രൈ ഫ്രൂട്ട്സ് കടകള്‍ അങ്ങാടിയില്‍ സ്ഥാനം പിടിച്ചു. കച്ചവട രീതി മാറിയെങ്കിലും തളരാതെ പിടിച്ചുനില്‍ക്കുന്നത് തങ്ങളെപോലുള്ള പഴയകാല കച്ചവടക്കാര്‍ മാത്രമാണ്. പുതിയ തലമുറയിലെ ആരും കച്ചവടത്തിനായി മുന്നോട്ട് വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയങ്ങാടിയുടെ ചരിത്രത്തോളം പഴക്കമുള്ള തേങ്ങാ ബസാറും ഇന്ന് നാളികേര കച്ചവടത്തിന്റെ നഷ്ടത്തിലും ലാഭത്തിലും നാളെയെന്തെന്ന ആശങ്കയില്‍ മുന്നോട്ടുപോവുകയാണ്.
വലിയങ്ങാടിയെ കുറിച്ച് പഴമക്കാര്‍ പറയുന്നൊരു ചൊല്ലുണ്ടായിരുന്നു “ഇവിടെ കിട്ടാത്തത് തേടി ഈ ദുനിയാവില്‍ അലഞ്ഞിട്ട് കാര്യമില്ലെന്ന് ‘. ആ പഴയകാല പെരുമകള്‍ ഒന്നും തന്നെ ഇന്ന് കാണാനില്ലെങ്കിലും കോഴിക്കോടിന്റെ പ്രധാന വ്യാപാര കേന്ദ്രം ഇപ്പോഴും വലിയങ്ങാടി തന്നെയാണ്. ഭാഷയും വേഷവും വ്യത്യസ്തരായവര്‍ പലരും ഈ മണ്ണില്‍ തന്നെ തുടരുകയാണ്. ചന്ദക്കുറിയണിഞ്ഞവനും നിസ്‌കാര തഴമ്പുള്ളവനും ഗുജറാത്തിയും പാഴ്‌സിയും ജൈനതും ഇവിടെ ഒന്നാണ്. ഇബ്‌നുബത്തൂത്ത എന്ന അറബി സഞ്ചാരി കോഴിക്കോടിന്റെ വ്യാപാര പാരമ്പര്യത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. അറബിയും ഇറാനിയും തുര്‍ക്കികളും ഇവിടെ വ്യാപാരബന്ധത്തിനായി എത്തിയിട്ടുണ്ട്. ഇബ്‌നുബത്തൂത്തയുടെ കാലത്ത് ഇബ്രാഹിം ഷാ ബന്ദര്‍ എന്ന ബഹറൈന്‍കാരനും നഖുദാമിസ്‌കാല്‍ എന്ന അറബിയുമായിരുന്നു വലിയങ്ങാടിയിലെ എണ്ണം പറഞ്ഞ വ്യാപാരികള്‍. അടുത്തകാലം വരെ ആന്ധ്ര, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന 50ല്‍പരം ലോറികള്‍ എത്തിയിരുന്നു. ബര്‍മയില്‍നിന്നും നേപ്പാളില്‍ നിന്നും അരി എത്തിയിരുന്നു. സാമൂതിരിയും അറബികളും തമ്മിലുള്ള വ്യാപാരബന്ധം വലിയങ്ങാടിയുടെ വളര്‍ച്ചക്ക് വലിയ പ്രോത്സാഹമാണ് നല്‍കിയത്.
ഇന്ത തെരുവോടെ മക്കള്‍
“മുപ്പത് വര്‍ഷമാ നാന്‍ തെരുവ് ആശപ്പെട്ട് വസിക്കതുണ്ട് അരിസി, പച്ചപയര്‍, മെളക് വത്തല്‍ നിളത്തില് കിടക്കിരെ. ഇന്ത സാധനങ്ങള്‍ എടുത്ത് മട്രവര്‍ക്ക് വിത്തിട്ട് കാസുണ്ടാക്കി വാള്‍കിറോം. പ്ലാസ്റ്റിക് ചാക്ക് വന്തപിറക് സാധനങ്ങള്‍ നിളത്തില് വിലാത്തത് കൊണ്ട് വ്യാപാരം സരിയിയി ഇലൈ’- വലിയങ്ങാടിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന പോണ്ടിച്ചേരി സ്വദേശിനിയായ രാജവല്ലിയുടെ വാക്കുകളാണിത്. വലിയങ്ങാടിയില്‍ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വിഭാഗവും ഉണ്ടിവിടെ. വര്‍ഷങ്ങളായി ഈ തെരുവിനെ മാത്രം ആശ്രയിച്ചു കഴിയുന്നവര്‍. ഉപജീവനത്തിനായി കടകളിലും റോഡരികിലും മറ്റും വീഴുന്ന ധാന്യങ്ങള്‍ പെറുക്കി അത് വൃത്തിയാക്കി മറ്റുള്ളവര്‍ക്ക് വിറ്റ് കാശുണ്ടാക്കുന്നവര്‍. എന്നാല്‍ ധാന്യങ്ങള്‍ പ്ലാസ്റ്റിക്കിലേക്ക് മാറിയതോടെ നിലത്തും കടയിലുമൊന്നും വീഴാതെയായി. അതോടെ ഇവരുടെ കച്ചവടവും കുറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കുടുംബവുമായി വന്നു കൂടിയവരാണ് ഇവരില്‍ പലരും. ഇപ്പോള്‍ കച്ചവടക്കാരുടെയും വലിയങ്ങാടിയിലെ മറ്റു തൊഴിലാളികളുടെയും സഹായത്താലാണ് കഴിഞ്ഞു കൂടുന്നത്. എന്നാല്‍ അങ്ങാടി വിട്ട് പോകാന്‍ ഇവര്‍ ഒരിക്കലും തയ്യാറുമല്ല. അത്രത്തോളം ഇവര്‍ ഈ അങ്ങാടിയോട് ചേര്‍ന്ന് കഴിഞ്ഞു.
ഇല്ലാതാകുന്ന കുരുവിക്കൂട്ടങ്ങള്‍
ചണച്ചാക്കില്‍ നിന്നും വീഴുന്ന ധാന്യമണികള്‍ കൊത്തിപ്പെറുക്കുന്ന കുരുവിക്കൂട്ടവും ചരിത്രത്തിലേക്ക് പറന്നകന്നു. അങ്ങാടിയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന ഈ ഇത്തിരിക്കുഞ്ഞന്മാരെ ഓര്‍മയുണ്ടോ? അരിച്ചാക്കുകളിലും മറ്റും പാറന്നിരുന്ന് ധാന്യം ശേഖരിച്ച് കണ്ണ് ചിമ്മും വേഗത്തില്‍ പറന്നു നടക്കുന്ന അങ്ങാടിക്കുരുവികള്‍. ചിപ്പ് ചിപ്പ് ശബ്ദമായി വലിയങ്ങാടിയെ ജീവസുറ്റതാക്കുന്ന ഈ കുരുവിക്കൂട്ടത്തെ ഇന്ന് കാണാനില്ലെന്നു തന്നെ പറയാം. അടക്കാകിളി, അരിക്കിളി, ഇറക്കിളി എന്നീ പേരുകളിലാണ് ഇവ അറിയപ്പെട്ടിരുന്നത്. വലിയങ്ങാടിയിലെ പാണ്ടികശാലകളില്‍ കൂടൊരുക്കിയിരുന്ന കുരുവിക്കൂട്ടത്തിന്റെ താളം നിലച്ച മട്ടാണ്. വലിയങ്ങാടിയിലെ കച്ചവടം പോലെ തന്നെ വര്‍ഷങ്ങളുടെ പാരമ്പര്യവുമായാണ് കുരുവിക്കൂട്ടത്തിനുള്ളത്. മുന്പ് പതിനായിരക്കണക്കിന് ഉണ്ടായിരുന്ന അങ്ങാടിക്കുരുവികളുടെ എണ്ണം നന്നേ കുറഞ്ഞു ഇന്ന് പേരിന് മാത്രമായി. ചണച്ചാക്കുകള്‍ക്ക് പകരം പ്ലാസ്റ്റിക്ക് ചാക്കുകള്‍ വന്നെത്തിയതോടെ ഇവയുടെ അന്നം മുടങ്ങിയെന്നു വേണം പറയാന്‍. കെട്ടിടങ്ങള്‍ പലതും പുതിക്കിയതും തുറന്ന കടകള്‍ മാറി ചില്ലിട്ട കടകള്‍ വന്നതും മേലാപ്പു വന്നതുമെല്ലാം കൂടുവെക്കാനുള്ള സ്ഥലം ഇവര്‍ക്ക് നഷ്ടമായിത്തുടങ്ങി. പഴയ പ്രതാപമില്ലെങ്കിലും തലക്ക് മുകളിലൂടെ പാറിക്കളിക്കുന്ന കുരുവിക്കൂട്ടമാണ് വലിയങ്ങാടിയെ പൂര്‍ണതയിലെത്തിക്കുന്നതെന്ന് പറയാം.
മുഖം മിനുക്കുമോ?
വലിയങ്ങാടി കേന്ദ്രീകരിച്ച് ഫുഡ് സ്ട്രീറ്റ് സ്ഥാപിക്കാന്‍ ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്. പലചരക്കിന്റെയും മസാലകളുടെയും സുഗന്ധം നിറഞ്ഞുനില്‍ക്കുന്ന വലിയങ്ങാടിയില്‍ കോഴിക്കോടന്‍ രുചിയുടെ കൊതിപ്പിക്കുന്ന മണവും നിറയും. കോര്‍പറേഷന്റെ സഹകരണത്തോടെയാണ് ഭക്ഷ്യത്തെരുവ് ഒരുക്കുക. കടപ്പുറത്തെ വിനോദ കേന്ദ്രവുമായി യോജിപ്പിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങളാണ് വിനോദ സഞ്ചാരവകുപ്പ് തയ്യാറാക്കുന്നത്. നഗരത്തിലെ പ്രധാന ഭക്ഷ്യശാലകളുടെ ഇഷ്ടവിഭവങ്ങള്‍ ലഭിക്കുന്ന സ്റ്റാളുകള്‍ ഭക്ഷ്യത്തെരുവിലുണ്ടാകും. വലിയങ്ങാടിയിലെ പതിവ് കച്ചവടത്തിന് തടസ്സം വരാത്ത രീതിയിലാണ് പദ്ധതി ക്രമീകരിക്കുക. എന്നാല്‍ വാഹനങ്ങളുടെ പാര്‍ക്കിംഗിന് സൗകര്യമില്ലാത്തതും വലിയങ്ങാടിയില്‍ പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതുമെല്ലാം ഫുഡ് സ്ട്രീറ്റ് വന്നുകഴിഞ്ഞാല്‍ കച്ചവടത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. അതിനാല്‍ ഫുഡ് സ്ട്രീറ്റിനെതിരെ വ്യാപാരികളുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളും ശക്തമാണ്.