Connect with us

National

തമിഴ്‌നാട് കളളക്കുറിച്ചി വിഷമദ്യ ദുരന്തം: മരണം 55 ആയി

ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു.

Published

|

Last Updated

ചെന്നൈ|തമിഴ്‌നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ മരണം 55 ആയി. ഇന്നലെ വൈകിട്ടും ഇന്ന് പുലര്‍ച്ചെയുമായി കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ജില്ലാ കളക്ടര്‍ അല്‍പസമയത്തിനകം ആശുപത്രി സന്ദര്‍ശിക്കും.

വ്യാജമദ്യ ദുരന്തത്തെച്ചൊല്ലി തമിഴ്‌നാട് നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിനം ബഹളത്തില്‍ മുങ്ങി. സഭ തുടങ്ങിയപ്പോള്‍ തന്നെ കറുത്ത വസ്ത്രമണിഞ്ഞ് പ്ലക്കാര്‍ഡുകളുമായി അണ്ണാ ഡിഎംകെ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. ഇവരെ സ്പീക്കര്‍ പുറത്താക്കി. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചതോടെ എംഎല്‍എമാരെ സ്പീക്കര്‍ തിരിച്ച് വിളിച്ചു. വ്യാജമദ്യദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് നേരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ സഭയില്‍ പറഞ്ഞു.

വിഷമദ്യ ദുരന്തം നിസ്സാരമല്ലെന്നും അന്വേഷണ റിപ്പോര്‍ട്ടുകള്‍ പൂഴ്ത്തി സര്‍ക്കാരിന് രക്ഷപ്പെടാനാകില്ലെന്നും മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. അടുത്ത ബുധനാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതേസമയം തമിഴകവെട്രി കഴകം അധ്യക്ഷനും സിനിമാ താരവുമായ വിജയ് തന്റെ പിറന്നാളാഘോഷങ്ങള്‍ റദ്ദാക്കി. ആ പണം കള്ളക്കുറിച്ചിയിലെ ഇരകളുടെ കുടുംബങ്ങള്‍ക്ക് നല്‍കണമെന്ന് ആരാധകരോട് വിജയ് ആവശ്യപ്പെട്ടു.

വിഷമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ഇന്നലെ അറസ്റ്റിലായിരുന്നു. നൂറിലധികം വിഷമദ്യ കേസുകളില്‍ പ്രതിയായ ചിന്നദുരൈയെയാണ് കടലൂരില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. വ്യാജമദ്യം നിര്‍മ്മിച്ചത് ചിന്നദുരൈ ആണെന്നാണ് സിബിസിഐഡിയുടെ കണ്ടെത്തല്‍.സംഭവത്തില്‍ ഗോവിന്ദരാജ്, ദാമോദരന്‍, വിജയ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

ദുരന്തമുണ്ടായ കരുണാപുരം കോളനിയില്‍ വ്യാജ മദ്യ വില്‍പന വ്യാപകമായതോടെ സിസിടിവി സ്ഥാപിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. മദ്യവില്‍പ്പന നടത്തുന്ന സംഘം അവ നശിപ്പിക്കുകയായിരുന്നു. ഇക്കാര്യം പോലീസില്‍ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. പുതിയ സിസിടിവി സ്ഥാപിക്കുന്നതിനൊപ്പം മേഖലയില്‍ മുഴുവന്‍ സമയവും പോലീസ് നിരീക്ഷണം വേണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.