Kerala
55 ലക്ഷം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്ന കേസ്; വെള്ളാപ്പള്ളി നടേശന്റെ ആവശ്യം തള്ളി ഹൈക്കോടതി
എസ്എന്‍ കോളജ് കനക ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച തുകയില്‍ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്.
കൊച്ചി| കൊല്ലം എസ്.എന്‍ കോളജ് ഫണ്ട് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന് തിരിച്ചടി. കേസിലെ ആദ്യ കുറ്റപത്രത്തില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഉത്തരവിട്ടത്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം തള്ളിയാണ് കോടതിയുടെ ഉത്തരവ്.
എസ്എന്‍ കോളജ് കനക ജൂബിലി ആഘോഷങ്ങള്‍ക്കായി പിരിച്ച തുകയില്‍ നിന്ന് 55 ലക്ഷം രൂപ വെള്ളാപ്പള്ളി നടേശന് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കേസ്. കേസില്‍ തുടരന്വേഷണം നടക്കുന്നതോടെ എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട മുഴുവന്‍ പദവികളില്‍ നിന്നും വെള്ളപ്പാള്ളി മാറി നില്‍ക്കേണ്ടി വരും. എസ്.എന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഏതെങ്കിലും കേസില്‍ പ്രതിയായാല്‍ മാറി നില്‍ക്കണമെന്ന് കോടതി ട്രസ്റ്റ് ബൈലോ ഭേദഗതി വരുത്തിയിരുന്നു. ഇതോടെയാണ് വെള്ളാപ്പള്ളി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരിക.
രണ്ട് തുടരന്വേഷണങ്ങളാണ് കേസില്‍ നടന്നിരുന്നത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം ക്രൈം ബ്രാഞ്ചാണ് കേസില്‍ ഒരു അന്വേഷണം നടത്തിയത്. വെള്ളപ്പാള്ളി ആവശ്യമുന്നയിച്ചതോടെ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പൊലീസ് നടത്തിയ മറ്റൊരു അന്വേഷണവും നടന്നു.
സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ വെള്ളപ്പാള്ളിക്കെതിരെ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് പ്രകാരം കേസ് തുടരരുതെന്ന് വെള്ളാപ്പള്ളി കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തില്‍ വെള്ളാപ്പള്ളിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.