International
വെസ്റ്റ് ബേങ്കില്‍ ഇസ്‌റാഈല്‍ ആക്രമണം; ആറുപേര്‍ കൊല്ലപ്പെട്ടു
പത്തിലേറെ പേരെ ഇസ്റാഈല്‍ സേന അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വെസ്റ്റ് ബേങ്ക് | വെസ്റ്റ് ബേങ്ക് നഗരമായ ജെനിനിലെ അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ ആറ് ഫലസ്തീനികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായും ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പത്തിലേറെ പേരെ ഇസ്റാഈല്‍ സേന അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. വെസ്റ്റ് ബേങ്കിലെ തന്നെ നെബുലസിലും ആക്രമണം നടന്നു.
ആക്രമണം ഇസ്റാഈല്‍ സേന ഔദ്യോഗികമായി സ്ഥിരീകരിക്കുകയോ വിശദാംശങ്ങള്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇസ്റാഈല്‍ അധിനിവേശ പ്രദേശമായ ജെനിനില്‍ സൈനിക ഹെലികോപ്ടറുകള്‍ പ്രവേശിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഒരു സാമൂഹിക മാധ്യമം പുറത്തുവിട്ടിട്ടുണ്ട്.
യുദ്ധപ്രഖ്യാപനമാണ് ഇസ്‌റാഈല്‍ നടത്തിയിരിക്കുന്നതെന്ന് ഫലസ്തീന്‍ പ്രതികരിച്ചു. ആക്രമണത്തില്‍ യു എന്‍ഉം അറബ് രാജ്യങ്ങളും ആശങ്ക അറിയിച്ചു. ഈ വര്‍ഷം മാത്രം 68 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.