Book Review
ചരിത്രത്തിന്റെ നൂതന വായന
നിർമിത ബുദ്ധി അധീഷത്വം സ്ഥാപിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ നോവൽ ആഖ്യാനങ്ങളിലും പുതിയ രീതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തിന്റെ തലവര മാറ്റിയെഴുതാൻ പാകത്തിന് പുതിയ കണ്ടുപിടിത്തങ്ങൾ പാകപ്പെട്ടിട്ടുണ്ട്.
നിർമിത ബുദ്ധി അധീശത്വം സ്ഥാപിച്ച ഈ കാലഘട്ടത്തിൽ നമ്മുടെ നോവൽ ആഖ്യാനങ്ങളിലും പുതിയ രീതികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. സാഹിത്യത്തിന്റെ തലവര മാറ്റിയെഴുതാൻ പാകത്തിന് പുതിയ കണ്ടുപിടിത്തങ്ങൾ പാകപ്പെട്ടിട്ടുണ്ട്. ആ ഗണത്തിലേക്ക് ചേർത്തുവായിക്കാവുന്നതാണ് രിസ്്വാൻ അബൂബക്കർ അദനിയുടെ “ഹബീബിനെ തേടി ഋതുമാറി വിരിഞ്ഞ പൂക്കൾ’ എന്ന നോവൽ.
പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ കാലഘട്ടമായ ആറാം നൂറ്റാണ്ടിലേക്ക് ന്യൂതന ആർട്ടിഫിഷ്യൽ ഉപകരണങ്ങൾ വഴി സഞ്ചരിച്ചെത്തിയ റസാന്റെയും മാതാവ് ഡോ. നൂറയുടെയും ത്രസിപ്പിക്കുന്ന ആഖ്യാനമാണ് ഈ നോവൽ. ന്യൂറോളജിയിൽ പാണ്ഡിത്യമുള്ള ഡോ. നൂറ ജീവിതത്തെ നേരിന്റെയും നന്മയുടെയും വഴിയിൽ ചിട്ടപ്പെടുത്താൻ ഏറെ ഔത്സുക്യം കാണിക്കുന്ന സ്ത്രീയാണ്. തന്റെ മകൻ റസാനും മാതാവിന്റെ വഴിയെയാണ് സഞ്ചരിക്കുന്നത്. ഒരു സന്ദർഭത്തിൽ റസാനും അമേരിക്കയിൽ സ്ഥിരതാമസമാക്കിയ കോട്ടയക്കാരി സിയന്നക്കും അമേരിക്കൻ ശാസ്ത്രജ്ഞൻ ഡേവിഡും സംഘവും വികസിപ്പിച്ചെടുത്ത പ്രത്യേകതരം ബൂട്ടുപയോഗിച്ച് (ടൈം ട്രാവലർ ) ചരിത്ര കാലങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവസരം ലഭിക്കുകയാണ്. കഠിന പരീക്ഷണങ്ങൾ വേണ്ടിവന്ന ഈ മിഷൻ സർവാത്മനാ ഏറ്റെടുക്കാൻ അവർ രണ്ടുപേരും സജ്ജരായി. അങ്ങനെ അവർ പ്രവാചകൻ മുഹമ്മദ് നബി (സ്വ) വരുന്നതിന്റെ ഇരുപത് വർഷം മുമ്പുള്ള അറേബ്യയിൽ ഭാവനാത്മകമായി എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്. പിന്നീട് നോവലിസ്റ്റ് ഇരുണ്ടയുഗ (dark age) ത്തിലെ കഥകൾ കഥനം ചെയ്ത് അക്കാലഘട്ടത്തെ അക്ഷരാർഥത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. അവിടെ ഇബ്നു അസദ് എന്ന ക്രൂര ഭരണാധിപന്റെയും ലൈല എന്ന ഹതഭാഗ്യയായ രാജകുമാരിയുടെയും ഹക്കീം എന്ന ക്രൂരനും വ്യാജനുമായ രാജകുമാരന്റെയും കഥകൾ നോവലിസ്റ്റ് പറഞ്ഞുവെക്കുന്നു. ജാഹിലിയ്യ കാലത്തെ ക്രൂര ശിക്ഷകളും സ്ത്രീകളെ മനുഷ്യരായി പോലും കാണാതെ, ജനിക്കുമ്പോൾ തന്നെ കുഴിച്ച് മൂടുകയും ചെയ്യുന്ന നിഷ്ഠൂര വിനോദങ്ങളും വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പറഞ്ഞുവെക്കുന്നുണ്ട്. അറേബ്യൻ ചരിത്രത്തിന്റെ വായന ഈ ആഖ്യാനത്തിലൂടെ കാണാനാകും.
ടൈം മിഷനിലെ ബൂട്ടിൽ സാങ്കേതികമായി തകരാറുകൾ വന്നപ്പോൾ അത് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഡോ. നൂറ മിഷനിൽ അംഗമാകുന്നത്. എന്നാൽ, ഡോ. നൂറ കൂടെ ആറാം നൂറ്റാണ്ടിൽ എത്തുന്നതോടെ കഥയുടെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു.
പിന്നീട് റസാനും സിയന്നയും ഡോ. നൂറയും നടത്തുന്ന ജാഹിലിയ്യാ കാലത്തെ രാഷ്ട്രീയ ഇടപെടലുകൾ കൂടെ കഥ ഇതൾ വിരിയിക്കുന്നു. അവസാനം ആറാം നൂറ്റാണ്ടിൽ നിന്നും സമകാലികത്തിലേക്ക് സിയന്നയും റസാനും വരുന്നുെണ്ടങ്കിലും ഡോ. നൂറ അവിടെ ബാക്കിയാവുകയാണ്.
സയൻസ് ഫിക്്ഷൻ എന്ന നോവൽ വിഭാഗത്തെ ഇസ്‌ലാമിക സാഹിത്യത്തിലേക്ക് ഉൾച്ചേർക്കുന്ന ശ്രമകരമായ രീതി രചയിതാവ് നിർവഹിക്കുന്നുണ്ട്.
“എല്ലാ വൃത്താന്തങ്ങൾക്കും സ്ഥിരതയുണ്ടെന്ന’ ഖുർആൻ ആശയം രചനക്ക് പ്രചോദനമേകിയെന്ന് രചയിതാവ് വ്യക്തമാക്കുന്നുണ്ട്. ശബ്ദങ്ങളും ചിത്രങ്ങളും അന്തരീക്ഷത്തിൽ നിന്നും ആഗിരണം ചെയ്ത് പിടിച്ചെടുക്കുകയും ശ്രോതാക്കളിൽ എത്തിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന് വരും ഭാവിയിൽ കഴിഞ്ഞകാല ഘട്ടത്തിൽ സംഭവിച്ച വൃത്താന്തങ്ങളെ ആ കാലഘട്ടത്തിൽ ജീവിക്കുന്നത് പോലെ നമ്മിലേക്ക് എത്തിക്കാൻ കഴിയുമെന്നതിൽ ശങ്കിക്കേണ്ടതില്ലല്ലോ. ആ തലത്തിൽ നിന്നും നോക്കുമ്പോൾ ഈ നോവൽ മുന്നോട്ടുവെക്കുന്ന ദാർശനിക കാഴ്ചപ്പാട് ഏറെ ചർച്ച ചെയ്യാത്തതും വരും ഭാവിയിൽ വിശകലനങ്ങൾക്ക് ഇടം കൂട്ടുന്നതുമായിരിക്കും.
തിരുനബി(സ്വ)യുടെ ജനനത്തിന് മുമ്പ് അറേബ്യ കണ്ട കലികാലത്തെ ആവിഷ്കരിക്കുന്നതോടൊപ്പം സന്ദർഭോചിതമായി നിരവധി പ്രവാചക കഥകളും ഭൂമിശാസ്ത്ര വിശകലനങ്ങളും പഠനങ്ങളും നോവലിൽ ഉൾചേരുന്നുണ്ട്. പ്രവാചക ചരിത്രത്തെ ഉചിതമായ രീതിയിൽ കോറിയിടുന്ന രീതിയിലാണ് നോവലിന്റെ ഘടന. നവ ലിബറൽ ചിന്തകളേയും ആശയത്തെയും ആമാശയ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരേയും നിഷിധമായി വിമർശിക്കുന്നുണ്ട്. ഭാവനയും ചരിത്രവും കൂട്ടിക്കലർത്തി സ്വതസിദ്ധമായ ആവിഷ്കാരമാണ് നോവലിനെ തികവുറ്റതാക്കുന്നത്. ഉറവ പബ്ലിക്കേഷനാണ് പ്രസാധകർ.