Kerala
സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; തിരുത്ത് പ്രസിദ്ധീകരിച്ച് ആരോഗ്യ വകുപ്പ്
നേരത്തെ, മൂന്ന് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് വെബ്സൈറ്റിലുള്ള കണക്ക് തിരുത്തി പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് തിരുത്തി ആരോഗ്യ വകുപ്പ്. കൊവിഡ് ബാധിച്ചുള്ള ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ പുതിയ വെളിപ്പെടുത്തല്‍. നേരത്തെ, മൂന്ന് മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് വെബ്സൈറ്റിലുള്ള കണക്ക് തിരുത്തി പ്രസിദ്ധീകരിച്ചു.
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം വിലയിരുത്തി. തിരുവനന്തപുരത്തും എറണാകുളത്തുമാണ് കൂടുതല്‍ രോഗികള്‍ ഉള്ളത്. 1,026 ആക്ടീവ് കേസുകളില്‍ 111 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
കൊവിഡ് വൈറസിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുണ്ടോ എന്നറിയാന്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിക്കും. നേരിയ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും കൂടുതല്‍ രോഗികളെത്തിയാലുള്ള അവസ്ഥ കണക്കിലെടുത്ത് ഐ സി യു, വെന്റിലേറ്ററുകള്‍ മുതലവായ ഒരുക്കും.
മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ എത്തുന്നവരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.