Articles
പ്രതിപക്ഷ ഐക്യം വിദൂരത്തല്ല
രാഷ്ട്രീയ മുന്നണിയും പ്രതിപക്ഷ ഐക്യവും യാന്ത്രികമായി ഉണ്ടാകുന്നതല്ല. ജനകീയ പ്രശ്നങ്ങളുടെ പേരിലുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ മുന്നണി രൂപപ്പെടുന്നത്.
ദേശീയ രാഷ്ട്രീയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോജിച്ച പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്ന ചിത്രമാണ് തെളിഞ്ഞു വരുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഡി എം കെ ന്യൂഡല്‍ഹിയില്‍ വിളിച്ചു കൂട്ടിയ സാമൂഹിക നീതി കൂട്ടായ്മ. ഓള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ രണ്ടാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായാണ് ഐതിഹാസികമായ ഈ കൂട്ടായ്മ നടന്നത്. ഡി എം കെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ സ്ഥാപിച്ച ഓള്‍ ഇന്ത്യ സോഷ്യല്‍ ജസ്റ്റിസ് ഫോറത്തിന്റെ ഈ പരിപാടി ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ബി ജെ പി ഇതര കക്ഷികളുടെ വലിയ ഒരു കൂട്ടായ്മ രൂപവത്കരിക്കുന്നതിനുള്ള ആദ്യ പടിയായി വിലയിരുത്തപ്പെടുകയാണ്.
നമ്മുടെ രാജ്യത്തെ ഭൂരിപക്ഷത്തിനും സാമൂഹിക നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഭരണഘടനയില്‍ അടിവരയിട്ടു പറയുന്ന പിന്നാക്ക ജനവിഭാഗത്തിന്റെ അവകാശങ്ങള്‍ ഇപ്പോഴും നിഷേധിക്കപ്പെടുന്നു. ഭരണഘടനാ പരമായി നല്‍കേണ്ട ഇക്കൂട്ടരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കുന്ന കാര്യത്തിലല്ല, ഇവ ഏതെങ്കിലും നിലയില്‍ നിഷേധിക്കുന്നതിനാണ് ഭരണാധികാരികള്‍ വെമ്പല്‍ കാട്ടുന്നത്.
ഇന്ത്യയിലെ ദുര്‍ബല ജനവിഭാഗങ്ങളുടെ ക്ഷേമവും വികസനവും ലക്ഷ്യമിടുന്ന നിരവധി വ്യവസ്ഥകള്‍ നമ്മുടെ ഭരണഘടനയില്‍ തന്നെയുണ്ട്. എന്നാല്‍ ഈ വ്യവസ്ഥകളെല്ലാം ജല രേഖയായി തന്നെ ഇപ്പോഴും നില്‍ക്കുകയാണ്. ഇന്ത്യയിലെ പിന്നാക്ക വര്‍ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍. സാമൂഹികമായ വിവേചനവും സാമ്പത്തികമായ പിന്നാക്കാവസ്ഥയും അനുഭവിച്ചാണ് അവര്‍ ജീവിക്കുന്നത്. അതിനാല്‍ സമൂഹത്തിലെ മറ്റുള്ളവരോടൊപ്പം അവരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് ഇന്ത്യയുടെ ഭരണഘടനാ നിര്‍മാതാക്കള്‍ പ്രത്യേക ശ്രദ്ധ ചെലുത്തി. പട്ടിക ജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് പല അവകാശങ്ങളും ആനുകൂല്യങ്ങളും നല്‍കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായകരമായ വ്യവസ്ഥകള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.ഇന്ത്യയില്‍ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്ക് പുറമെ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയില്‍ നില്‍ക്കുന്ന മറ്റു ദുര്‍ബല വിഭാഗങ്ങളുമുണ്ട്. ഇവര്‍ മറ്റു പിന്നാക്ക വര്‍ഗങ്ങള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നമ്മുടെ രാജ്യത്ത് പിന്നാക്ക ജനവിഭാഗങ്ങളാണ് ജനസംഖ്യയില്‍ മഹാഭൂരിപക്ഷം. ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാരെ അടക്കം ഇതില്‍ ചേര്‍ത്താല്‍ ഏതാണ്ട് 80 ശതമാനവും പിന്നാക്ക ജനവിഭാഗങ്ങളാണ്. ഇക്കൂട്ടര്‍ക്ക് അനുവദിച്ചിട്ടുള്ള പരിമിതമായ സംവരണാനുകൂല്യങ്ങള്‍ അടക്കമുള്ളവയാണ് ഇപ്പോള്‍ വലിയ വെല്ലുവിളി നേരിടുന്നത്. ജാതി സംവരണം തന്നെ അവസാനിപ്പിക്കണമെന്ന അഭിപ്രായം പരമോന്നത കോടതിയിലെ ചില ജഡ്ജിമാരുടെ ഭാഗത്ത് നിന്ന് പോലും ഉണ്ടായിരിക്കുകയാണ്.
സംവരണം ക്യത്യമായി നടപ്പാക്കാന്‍ ആദ്യം വേണ്ടത് ജാതി സെന്‍സസ് ആണ്. എന്നാല്‍ ഭരണാധികാരികള്‍ ജാതി സെന്‍സസിനെ ഭയക്കുകയാണ്. ഭരണ തലപ്പത്തുള്ള സവര്‍ണ വിഭാഗ പ്രതിനിധികള്‍, ജാതി സെന്‍സസ് നടപ്പാക്കിയാല്‍ അത് മുന്നാക്കക്കാരുടെ നിലവിലുള്ള അനര്‍ഹമായ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമെന്ന് ഭയക്കുകയാണ്. മുന്നാക്ക സമുദായക്കാര്‍ രാജ്യത്ത് വളരെ ന്യൂനപക്ഷമാണെന്ന യാഥാര്‍ഥ്യം ഇവര്‍ക്ക് നല്ലവണ്ണം ബോധ്യമുള്ള കാര്യമാണ്. ന്യൂഡല്‍ഹിയില്‍ ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരന്ന ഐതിഹാസികമായ ഈ യോഗം ബി ജെ പിയുടെ പിന്നാക്ക വിരുദ്ധ നിലപാട് തുറന്നു കാട്ടുന്നതിനും ജാതി സെന്‍സസ് മുഖ്യ വിഷയമായി ഉയര്‍ത്തിക്കാട്ടുന്നതിനും തീരുമാനിക്കുകയുണ്ടായി.
രാജ്യത്ത് ജാതി സെന്‍സസ് നടപ്പാക്കുന്നതിന് ശബ്ദമുയര്‍ത്താന്‍ ബി ജെ പി ഇതര നേതാക്കള്‍ മുന്നോട്ട് വരണമെന്ന് സ്റ്റാലിന്‍ യോഗത്തില്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ പട്ടിക ജാതി- പട്ടിക വര്‍ഗ- പിന്നാക്ക ജനവിഭാഗത്തിന്റെ ഉയര്‍ച്ചക്കായി എല്ലാവരും യോജിച്ച് മുന്നോട്ടു വരേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയെ ബി ജെ പി പട്ടാപ്പകല്‍ കൊലപ്പെടുത്തുന്നതിന്റെ ദൃഷ്ടാന്തമാണ് കര്‍ണാടകയിലെ നാല് ശതമാനം ന്യൂനപക്ഷ സംവരണം റദ്ദ് ചെയ്ത നടപടിയെന്ന് യോഗം വിലയിരുത്തിയിരുന്നു. സാമൂഹിക നീതി ഏതെങ്കിലും ഒരുസ്റ്റേറ്റിന്റെ മാത്രം പ്രശ്നമല്ല, രാജ്യത്തിന്റെ മൊത്തം പ്രശ്നമാണ്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മറ്റു ജാതീയമായ നീതി നിഷേധങ്ങളുമെല്ലാം ഇപ്പോഴും പിന്നാക്ക ജനവിഭാഗം നമ്മുടെ രാജ്യത്ത് അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ജാതി സെന്‍സസ് നടപ്പാക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ബി ജെ പി ഭരണകൂടത്തിനെതിരായ നീക്കങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക നീതിക്കു വേണ്ടിയുള്ള യോജിച്ച പ്രവര്‍ത്തനമെന്ന് ബിഹാര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി തേജസ്വി യാദവ് ഓര്‍മപ്പെടുത്തി. പിന്നാക്ക ജനവിഭാഗത്തിനെതിരായ ബി ജെ പി ഭരണകൂടത്തിന്റെ കടന്നാക്രമണങ്ങളെ അശോക് ഗെഹ്ലോട്ട്, ഹേമന്ത് സോറന്‍ എന്നിവര്‍ അപലപിച്ചു. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ജമ്മു കശ്മീര്‍ നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല, സി പി ഐ നേതാവ് ഡി രാജ, എം ഡി എം കെ നേതാവ് രാമദാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
ദേശീയ രാഷ്ട്രീയം കൂടുതല്‍ സംഘര്‍ഷമയമാകുകയാണ്. സര്‍ക്കാറിനെയും അതിന്റെ നേതൃത്വത്തെയും വിമര്‍ശിക്കാനുള്ള ഭരണഘടനാപരമായ അവകാശം പോലും ഇപ്പോള്‍ ജനങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന് താത്പര്യമുള്ള അദാനിയെയും വിമര്‍ശിച്ചതിന്റെ പേരിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ കോടതി നടപടികള്‍ നേരിടുന്നത്. രാഹുല്‍ ഗാന്ധിയുടെ പാര്‍ലിമെന്റ് അംഗത്വം റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളില്‍ പുതിയ ഒരു ഉണര്‍വും ഐക്യനീക്കവുമെല്ലാം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വ്യാപകമായ കടന്നാക്രമണങ്ങളും ഹിന്ദുത്വ അജന്‍ഡയില്‍ ഊന്നി നിന്നുകൊണ്ടുള്ള സംഘ്പരിവാര്‍ നീക്കങ്ങളും രാജ്യത്തിന് പുറത്തുള്ള മാധ്യമങ്ങളുടെയും സാര്‍വദേശീയ ഏജന്‍സികളുടെയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ ഭരണകൂടത്തിന് ക്ഷീണമുണ്ടാക്കിയ ബി ബി സി പ്രക്ഷേപണം ഇതിന്റെ ഭാഗമായിരുന്നു.
ഡി എം കെ നേതാവ് സ്റ്റാലിന്‍ വിളിച്ചു കൂട്ടിയ സാമൂഹിക നീതി കൂട്ടായ്മ ദേശീയ രാഷ്ട്രീയത്തില്‍ നിശ്ചയമായും വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചേക്കും. പിന്നാക്ക ജനവിഭാഗങ്ങളുടെ താത്പര്യം സംരക്ഷിക്കുകയെന്നത് ഈ കൂട്ടായ്മയുടെ വലിയ ലക്ഷ്യമാണ്. രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന പിന്നാക്ക ജനതക്ക് നീതി നിഷേധിക്കപ്പെടുകയെന്നത് എന്നും നീറുന്ന പ്രശ്നമായി നിലനില്‍ക്കുന്നു. രാഷ്ട്രീയ മുന്നണിയും പ്രതിപക്ഷ ഐക്യവും യാന്ത്രികമായി ഉണ്ടാകുന്നതല്ല. ജനകീയ പ്രശ്നങ്ങളുടെ പേരിലുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഭാഗമായാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിപുലമായ മുന്നണി രൂപപ്പെടുന്നത്. സാമൂഹിക നീതിക്ക് വേണ്ടിയുള്ള ഡല്‍ഹി സമ്മേളനത്തിന്റെ തീരുമാനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങളും രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷ മുന്നണി രൂപപ്പെടാന്‍ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.