Connect with us

Pathanamthitta

പട്ടയഭൂമിയിലെ പ്ലാവും ആഞ്ഞിലിയും മുറിക്കാം: മന്ത്രി എ കെ ശശീന്ദ്രന്‍

അനുവാദം വനം വകുപ്പിന്റെ ഫീല്‍ഡ് പരിശോധനക്ക് ശേഷമെന്നും മന്ത്രി

Published

|

Last Updated

ചിറ്റാര്‍(പത്തനംതിട്ട) | പട്ടയഭൂമിയിലുള്ള ആഞ്ഞിലി, പ്ലാവ് എന്നിവ മുറിക്കുന്നതിന് വനം വകുപ്പിന്റെ ഫീല്‍ഡ് പരിശോധനക്ക് ശേഷം അനുവാദം നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വനസൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനതലത്തില്‍ ഇതു സംബന്ധിച്ചുള്ള അവ്യക്തത മാറ്റാൻ നടപടികള്‍ സ്വീകരിച്ചു വരുന്നു. റവന്യു, വനം, നിയമ വകുപ്പുകള്‍ സംയുക്തമായി ഇക്കാര്യത്തില്‍ ഉന്നതതല നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. നിയമ വകുപ്പില്‍ നിന്ന് ഇത് വനം വകുപ്പിലേക്ക് ഉടന്‍ ലഭിക്കും. അതിനനുസൃതമായി മെയ് ആദ്യവാരം നടക്കുന്ന കാബിനറ്റില്‍ അനുമതിക്കായി സമര്‍പ്പിക്കും. ക്യാബിനറ്റ് അനുമതി ലഭ്യമായാലുടന്‍ പുതുക്കിയ ഉത്തരവ് ഇറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങള്‍ക്കെതിരെ വനം വകുപ്പിന്റെ വന്യജീവി പ്രതിരോധ പ്രവര്‍ത്തനം സുതാര്യമാക്കും. മുമ്പ് പലപ്പോഴും സുതാര്യമായിരിന്നില്ല. ചിലര്‍ക്ക് തോന്ന്യാസങ്ങള്‍ ചെയ്യാനുള്ള ഒരിടമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാറി. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകളെ കൂടി പങ്കാളികളാക്കിക്കൊണ്ടുള്ള പദ്ധതികള്‍ ഇതിനായി ആസൂത്രണം ചെയ്യും. വന സംരക്ഷണം മറന്നുകൊണ്ടുള്ള ജന സേവനവും ജനങ്ങളെ പാടേ അവഗണിച്ചുകൊണ്ടുള്ള വന സംരക്ഷണവും സര്‍ക്കാര്‍ അജൻഡയല്ല. വന്യ ജീവി ആക്രമണത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക മെയ് പതിനഞ്ചിനകം കൊടുത്തു തീര്‍ക്കും. ആക്രമണത്തില്‍ പരുക്കേവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുമുള്ള നഷ്ടപരിഹാരം ഈ മാസം മുപ്പതിനകം കൊടുത്തു തീര്‍ക്കും. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്ന ആവശ്യം സര്‍ക്കാറിന് മുന്നിലുണ്ട്. മുഖ്യമന്ത്രി തന്നെ ഇതേ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ ബന്ധപ്പെട്ട മറ്റ് വകുപ്പുകള്‍ കണക്കാക്കി അറിയിക്കുന്ന തുകയാണ് വനം വകുപ്പ് നഷ്ടപരിഹാരമായി നൽകുന്നത്. നഷ്ടപരിഹാര തുക സംബന്ധിച്ച് പ്രൊപ്പോസല്‍ തയ്യാറാക്കി നല്‍കുന്നതിന് മുഖ്യമന്ത്രി കൃഷി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് തയ്യാറാകുന്ന മുറക്ക് ധാരണയിലെത്തി തുക വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ കൈക്കൊള്ളാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ആദിവാസി ഊരുകള്‍, സെറ്റില്‍മെന്റുകള്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുവാന്‍ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

വന സൗഹൃദ സദസ്സില്‍ ലഭ്യമായ പരാതികളില്‍ 15 ദിവസത്തിനകം ജനങ്ങള്‍ക്ക് പ്രാഥമിക മറുപടി നല്‍കും. 30 ദിവസത്തിനുള്ളില്‍ അന്തിമ തീരുമാനമുണ്ടാകണമെന്നും മന്ത്രി വനം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

Latest