Connect with us

feature

വരികളിൽ വിരിഞ്ഞ ഓണപ്പൂക്കൾ

ഒ എൻ വിയുടെ നീയില്ലാത്ത ഓണം, കടന്നുപോയ കടും കാലത്തിന്റെ ഓർമകൾക്ക് കാവ്യഭംഗി നൽകി ചുള്ളിക്കാട് രചിച്ച ഓർമകളുടെ ഓണം, കക്കാടിന്റെ നന്ദി തിരുവോണമേ നന്ദി... എന്നീ കവിതകൾ ഓണത്തെ കുറിച്ചുള്ള ഓർമകളുടെ നനവ് പടർത്തുന്ന ചിലതു മാത്രം. മഹാകവി ജി, ഇടശ്ശേരി, എം പി അപ്പൻ, വയലാർ, പി ഭാസ്കരൻ, സുഗതകുമാരി തുടങ്ങിയ കവികളുടെ ഭാവനാ വിലാസത്തെയും ഓണസങ്കൽപ്പം കവിതകളായി പരിണമിച്ചിരുന്നു. ഓണമെന്ന കാവ്യഭാവനയെ വരച്ചുകാട്ടാൻ ആധുനിക കവികളും പലവിധം ശ്രമിച്ചിട്ടുണ്ട്. ഇനിയും എത്രയോ രചനകൾ വരാനിരിക്കുന്നു. അതു തന്നെയാണ് ഓണസങ്കൽപ്പത്തിന്റെ മാഹാത്മ്യം...

Published

|

Last Updated

ഓണമെത്താത്ത വഴികളില്ല മലയാളത്തില്‍… ഓണപ്പൂക്കള്‍, ഓണപ്പുടവ, ഓണസദ്യ, ഓണക്കളികള്‍, ഓണത്തുമ്പി, ഓണനിലാവ്… ഇങ്ങനെ മണ്ണിലും വിണ്ണിലും നിറസാന്നിധ്യമാണ് ഓണം. ഓണത്താറും ഓണവില്ലും ഓണപ്പൊട്ടനും ഓണത്തല്ലും വരെയുണ്ട് മലയാളിയുടെ ഈ ആഘോഷ ദിനങ്ങള്‍ക്കു പെരുമ കൂട്ടാന്‍. വറുതിയുടെ കര്‍ക്കടകം പടിയൊഴിഞ്ഞെന്നും നിറവിന്റെ ചിങ്ങമെത്തിയെന്നും പൂക്കളാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്. പൂക്കളിലൂടെ തന്നെയാണ് ഓണം നാട്ടകങ്ങളിലേക്കെത്തുന്നത്. ഒപ്പം മാറ്റ് കൂട്ടാൻ ഓണപ്പാട്ടുകളും. പ്രാചീന കാലം മുതൽ ഓണപ്പാട്ടുകൾ തന്നെയാണ് ഓണാഘോഷത്തിന് അഴക് കൂട്ടുക. ഓണപ്പാട്ടുകളുടെ എണ്ണം എണ്ണിയാല്‍ ഒടുങ്ങാത്തത്രയാണ്……

മാവേലി നാട് വാണീടും കാലം
മാനുഷ്യരെല്ലാരുമൊന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം

എന്ന ഏറ്റവും പ്രസിദ്ധമായ ഓണപ്പാട്ട് മഹബലിചരിതം എന്ന പഴയ നാടൻ പാട്ടിലുള്ളതാണ്. പിന്നീടിങ്ങോട്ട് ആധുനിക കവിത്രയത്തിലെ ആശാനും ഉള്ളൂരും വള്ളത്തോളും ഓണക്കവിതകൾ എഴുതിയിട്ടുണ്ട്.
ഓണനാളിലെ വിശപ്പിനെപ്പറ്റി ഓണ സദ്യ എന്ന കവിതയിലൂടെ വള്ളത്തോൾ വരച്ചുകാട്ടിയത് മനോഹരമായ കാവ്യസ്യഷ്ടിയായിരുന്നു. വറുതിയുടെ ചുളിവു നിവർത്തി മാലോകർ മഹോത്സവത്തിലേക്ക് ഇറങ്ങുമ്പോൾ കൈയിലെ പൊടിയരിപ്പൊതി വഴിയിൽ വീണ് പാത മണ്ണിനും പരുന്തിനും ഓണ സദ്യയായി മാറിയത് വളരെ മനോഹരമായാണ് വള്ളത്തോൾ ഓണത്തെക്കുറിച്ച് പറഞ്ഞത്. ആശാനാകട്ടെ ഉൾനാട്ടിലെ ഓണവും പുഷ്പവാടിയിലെ ഈ പൂക്കാലവും എഴുതി ഓണക്കവിതകളുടെ മാറ്റ് കൂട്ടി.
ഓണത്തെക്കുറിച്ച് ആവർത്തിച്ചു പാടിയ രണ്ട് കവികളാണ് പി കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളി ശ്രീധരമേനോനും.
വാക്കുകളുടെ മഹാബലി എന്ന് വിശേഷിപ്പിക്കുന്ന കുഞ്ഞിരാമൻ നായർ തന്നെയാണ് ഏറ്റവും കൂടുതൽ ഓണക്കവിതകൾ എഴുതിയിട്ടുള്ളത്. അദ്ദേഹത്തിന് ഓണം സജീവമായ ഒരു സാന്നിധ്യവും കേരളീയ ഗ്രാമീണതയുടെ പ്രതീകവുമാണ്. ഓണക്കാലത്തെ കേരള പ്രകൃതിയുടെ മനോഹാരിത എത്ര വർണിച്ചാലും അദ്ദേഹത്തിന് മതിയാവുകയില്ല. ഓണസദ്യ, ഓണ നിലാവ്, ഓണത്തല്ല് തുടങ്ങിയ കവിതകളിലൂടെ കൊഴിഞ്ഞുപോയ സുവർണയുഗത്തിന്റെ സ്മൃതികളാണ് ഉണർത്തുന്നത്.

ചിത്രശലഭങ്ങൾക്കൊക്കെയിപ്പോ
പട്ടൊളി പുത്തനുടുപ്പ് കിട്ടി
താളത്തിൽ തുള്ളൽ പഠിക്കാനായി
താളും തകരയും നാടുവിട്ടു
പിള്ളേരെ മെല്ലെയുറക്കി മത്ത
വള്ളികളോണക്കളിക്കായൊരുങ്ങി

ജീവിതത്തിന്റെ കടലിന് കവിതയുടെ മഷിപാത്രമാക്കിയ വൈലോപ്പിള്ളിക്ക് ഓണം സമത്വ സങ്കൽപ്പത്തിന്റെ പൂർണതയാണ്. ഓണക്കളി, ഓണക്കാഴ്ച, ഓണക്കിനാവ്, ഓണത്തല്ല്, ഓണപ്പാട്ടുകാർ, ഓണമുറ്റത്ത്, പൂക്കാലം, പൂവിളി എന്നിങ്ങനെ ഓണത്തെ കേന്ദ്ര വിഷയമാക്കി വൈലോപ്പിള്ളി എഴുതിയത് നിരവധി കവിതകളാണ്. എത്ര പാട്ടുകൾ പാടി നമ്മൾ. എന്നാൽ ഓണത്തെപ്പറ്റി പാടിയ പാട്ടിൻ മാധുര്യം വേറെയൊന്നല്ലോ എന്നാണ് വൈലോപ്പിള്ളിയുടെ കാവ്യഭാഷ്യം. സമൃദ്ധിയുടെ ഉത്സവമായ ഓണം സമത്വ സങ്കൽപ്പത്തിന്റെ അടിത്തറയാണ്. അങ്ങനെയുള്ള ഒരു ആഘോഷത്തെക്കുറിച്ച് നിരന്തരം പാടുമ്പോൾ ആ സുന്ദര സങ്കൽപ്പത്തിന്റെ മറുപുറം കാണാതിരിക്കാൻ ആകില്ല എന്നതാണ് ഓണപ്പാട്ടുകൾ എന്ന കവിതയിലൂടെ വൈലോപ്പിള്ളി വരച്ചു കാണിക്കുന്നത്.

അരിമയിലോണപ്പാട്ടുകള്‍ പാടി
പെരുവഴിതാണ്ടും കേവലര്‍
എപ്പോഴുമരവയര്‍ പട്ടിണി പെറ്റവര്‍
കീറി പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍

മഹാബലി കഥക്ക് പുതിയ കാവ്യഭാഷ നൽകിയാണ് അക്കിത്തം ഓണത്തെക്കുറിച്ച് ബലിദശനം എന്ന കവിത എഴുതിയത്. കഷ്ടിച്ച് ഉപജീവനം നടത്തുന്ന ഒരുവന്റെ മുന്നിൽ വന്നു നിന്നു കൊണ്ട് സുഖമല്ലേ എന്ന് മഹാബലി ചോദിച്ചു. മറുപടി പറയാതെ മൂകനെ പോലെ ഇരുന്ന അയാളുടെ മനസ്സ് തന്റെ ബാല്യകാല മധുരങ്ങളിലേക്ക് തിരിച്ചുപോകുന്നതാണ് കവിത.

മകനെ മനസ്സിലാക്കുന്നു
ഞാൻ ഭാവ ദുഃഖം
മലനാട്ടിലാന്നോണം
പത്രപംക്തിയിൽ മാത്രം
പുള്ളുവക്കുടം വീണ
കൈക്കൊട്ടിക്കളി പാട്ട്
വില്ലടിയെല്ലാമിന്ന്
റേഡിയോകളിൽ മാത്രം

ഓണത്തെ കുറിച്ച് മഹത്തായ നിരവധിയായ കവിതകൾ ഇനിയുമുണ്ട്. ഒ എൻ വിയുടെ നീയില്ലാത്ത ഓണം, കടന്നുപോയ കടും കാലത്തിന്റെ ഓർമകൾക്ക് കാവ്യഭംഗി നൽകി ചുള്ളിക്കാട് രചിച്ച ഓർമകളുടെ ഓണം, കക്കാടിന്റെ നന്ദി തിരുവോണമേ നന്ദി… എന്നീ കവിതകൾ ഓണത്തെ കുറിച്ചുള്ള ഓർമകളുടെ നനവ് പടർത്തുന്നതാണ്. മഹാകവി ജി, ഇടശ്ശേരി, എം പി അപ്പൻ, വയലാർ, പി ഭാസ്കരൻ, സുഗതകുമാരി തുടങ്ങിയ കവികളുടെ ഭാവനാ വിലാസത്തെയും ഓണസങ്കൽപ്പം കവിതകളായി പരിണമിച്ചിരുന്നു. ഓണമെന്ന കാവ്യഭാവനയെ വരച്ചുകാട്ടാൻ ആധുനിക കവികളും പലവിധം ശ്രമിച്ചിട്ടുണ്ട്. ഇനിയും എത്രയോ രചനകൾ വരാനിരിക്കുന്നു. അതു തന്നെയാണ് ഓണസങ്കൽപ്പത്തിന്റെ മാഹാത്മ്യം…

---- facebook comment plugin here -----

Latest