Ongoing News
ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേട്ടവുമായി വിരാട് കോഹ്‍ലി
ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോഡും നേരത്തെ കോഹ്‍ലി നേടിയിരുന്നു
മുംബൈ | ഏകദിന ക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ചുറികൾ നേടിയ അന്താരാഷ്ട്ര ബാറ്റ്‌സ്മാൻ എന്ന റെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്‍ലി. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിലുള്ള റെക്കോർഡാണ് കോഹ്‍ലി മറികടന്നത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ക്രിക്കറ്റ് ലോകകപ്പ് 2023 സെമിഫൈനലിനിടെ ന്യൂസിലൻഡിനെതിരെയാണ് കോഹ്‍ലിയുടെ നേട്ടം.
കരിയറിലെ 50-ാം ഏകദിന സെഞ്ച്വറിയാണ് കോഹ്‍ലി നേടിയത്. 106 പന്തിൽ എട്ട് ഫോറും ഒരു സിക്‌സും സഹിതം കോഹ്‌ലി തകർപ്പൻ ഫോമിൽ എത്തി. 113 പന്തിൽ 117 റൺസെടുത്ത വിരാട് കോലി പുറത്തായി. മത്സരത്തിന് മുമ്പ്, സച്ചിനൊപ്പം 49 സെഞ്ചുറികളുമായി ഒപ്പത്തിനൊപ്പമായിരുന്നു കോഹ്‍ലി. 2023 ലോകകപ്പിൽ കോഹ്‌ലിയുടെ എട്ടാമത്തെ അർധസെഞ്ച്വറി കൂടിയാണിത്. .
നേരത്തെ സച്ചിന്റെ പേരിലുള്ള മറ്റൊരു ലോകകപ്പ് റെക്കോർഡും കോഹ്‍ലി തകർത്തിരുന്നു. ക്രിക്കറ്റ് ലോകകപ്പിന്റെ ഒരു എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻ എന്ന റെക്കോഡാണ് കോഹ്‍ലി നേരത്തെ നേടിയത്. 674 റൺസുകളാണ് കോഹ്‍ലി ലോകകപ്പിൽ ഇതുവരെ നേടിയത്. സച്ചിൻ 673 റൺസാണ് എടുത്തിരുന്നത്.
വാങ്കഡെ സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ടീം 48 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 366 റൺസെടുത്തു. ശ്രേയസ് അയ്യരും കെഎൽ രാഹുലുമാണ് ക്രീസിൽ.