Kerala
പാഠ്യ പദ്ധതി പരിഷ്കരണം: പുതിയ പാഠ പുസ്തകങ്ങൾക്ക് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.
തിരുവനന്തപുരം | പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്.
കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാവുകയാണെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 10 വർഷത്തിലേറെയായി ഇന്ന് നിലനിൽക്കുന്ന പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും ആണുള്ളത്. 2007 ൽ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചതിന് ശേഷം സമഗ്രമായ മാറ്റത്തിനു വിധേയമാകുന്നത് ഇപ്പോഴാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 16 വർഷമായി അറിവിന്റെ തലത്തിൽ വന്ന വളർച്ച, ശാസ്ത്ര സാങ്കേതിക രംഗത്ത് വന്ന കുതിപ്പ്, വിവരവിനിമയ രംഗത്ത് സാങ്കേതികമായി വന്ന മാറ്റങ്ങൾ, സമൂഹത്തിന് വിവര സാങ്കേതിക രംഗത്ത് തുറന്നു കിട്ടുന്ന പ്രാപ്യത, അവസരങ്ങൾ തുടങ്ങിയവയെല്ലാം പാഠ്യ പദ്ധതിയിൽ പ്രതിഫലിക്കേണ്ടതുണ്ട്. കൂടാതെ ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ പശ്ചാത്തലം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. ജനാധിപത്യവും മത നിരപേക്ഷതയും അടിത്തറയാക്കി കൊണ്ടുള്ള നവകേരള സങ്കൽപനങ്ങൾ യാഥാർത്ഥ്യമാക്കാനുള്ള കേരളീയ അന്വേഷണങ്ങൾക്ക് സ്‌കൂൾ വിദ്യാഭ്യാസം പിന്തുണ നൽകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
പൊതുവേ വരുന്ന പരിവർത്തനങ്ങൾക്ക് അനുഗുണമായി വിദ്യാഭ്യാസരംഗത്തും മാറ്റങ്ങൾ എങ്ങിനെയാകണം എന്ന അന്വേഷണം ആവശ്യമാണ്. എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഒരുക്കിക്കൊണ്ടുള്ള ഗുണതാ വിദ്യാഭ്യാസ വികാസം എന്ന വെല്ലുവിളി ഏറ്റെടുക്കൽ തുടങ്ങിയവയെല്ലാം നിലവിലുള്ള പാഠ്യപദ്ധതി കാലോചിതമായി പരിവർത്തിപ്പിക്കേണ്ടതിന്റെ അനിവാര്യത വ്യക്തമാകുന്നു.
വളരെ സമയമെടുത്ത് തികച്ചും ജനകീയവും സുതാര്യവും ആയി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസനയം 2020 ലെ മാർഗ നിർദേശങ്ങൾക്ക് പകരം ജനകീയമായ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിൽക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് നാം കടന്നു പോയത്. ആദ്യഘട്ടം എന്ന നിലയ്ക്ക് സ്‌കൂൾ വിദ്യാഭ്യാസത്തിലെ വിവിധ മേഖലകളെ സംബന്ധിച്ചുള്ള നിലപാട് രേഖകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ആയതിലേക്ക് വിദ്യാഭ്യാസ വിദഗ്ധരെയും സർവകലാശാലകളിലെ പ്രൊഫസർമാരെയും അധ്യാപകരെയും ഉൾപ്പെടുത്തി 26 ഫോക്കസ് ഗ്രൂപ്പുകൾ രൂപീകരിച്ചു.
ഈ ഫോക്കസ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ നിലപാട് രേഖകൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടത്തി. ഈ പൊസിഷൻ പേപ്പറുകൾ തയാറാക്കുന്നതിന് മുമ്പുതന്നെ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വരൂപിക്കുന്നതിനായി ‘കേരള പാഠ്യപദ്ധതി ചട്ടക്കൂടുകൾ സമൂഹ ചർച്ചയ്ക്കായുള്ള കുറിപ്പുകൾ’ എന്ന കൈപ്പുസ്തകം എസ്.സി.ഇ.ആർ.ടി. തയാറാക്കി പ്രസിദ്ധീകരിച്ചു.
പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായ സ്വരൂപീകരണത്തിനായി വ്യത്യസ്തമാർന്ന ഇടപെടലുകളാണ് നടത്തിയിട്ടുള്ളത്. സ്‌കൂൾ, ഗ്രാമപഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപറേഷൻ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കുകയും സംഘാടക സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ, പഞ്ചായത്ത്/മുൻസിപ്പൽ, കോർപ്പറേഷൻ തലത്തിലും ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും ജനകീയ അഭിപ്രായ ശേഖരണത്തിനു വേണ്ടി വിപുലമായ ചർച്ചകൾ നടത്തുകയും ചെയ്തു. പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനത്തിൽ മുതിർന്നവരുടെ അഭിപ്രായങ്ങൾ തേടിയതിന് ഒപ്പം കുട്ടികളുടെ അഭിപ്രായങ്ങളും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ശേഖരിച്ചിട്ടുണ്ട്. ഇതിനായി കുട്ടികൾക്കുള്ള ചർച്ചാക്കുറിപ്പും പ്രസിദ്ധീകരിച്ചു.
ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തിലധികം കുട്ടികൾ ഈ പ്രക്രിയയുടെ ഭാഗമായി. കൂടാതെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരു ടെക് പ്ലാറ്റ് ഫോമും ഒരുക്കി. ജനകീയ ചർച്ചകളിലൂടെ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സംസ്ഥാന തലത്തിൽ ക്രോഡീകരിച്ച് അതത് വിഷയ മേഖലകളുമായി ബന്ധപ്പെട്ട ഫോക്കസ് ഗ്രൂപ്പുകൾ പരിഗണിക്കുകയും അവയുടെ കൂടി അടിസ്ഥാനത്തിൽ നിലപാട് രേഖ
തയ്യാറാക്കുകയും ചെയ്തു.
അതോടൊപ്പം സ്‌കൂൾതലത്തിൽ കുട്ടികൾ നടത്തിയ പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളും വിശകലനം ചെയ്ത് നിർദേശങ്ങൾ പരിഗണിക്കുകയുണ്ടായി. ജനകീയ ചർച്ചകൾ സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് പ്രസിദ്ധീകരിച്ചു. കൂടാതെ കുട്ടികളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ”ഞങ്ങൾക്കും പറയാനുണ്ട്” എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചു. ഇതെല്ലാം പരിഗണിച്ച് തയ്യാറാക്കിയ നിലപാട് രേഖയിലെ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട് രൂപീകരിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.
പ്രീസ്‌കൂൾ വിദ്യാഭ്യാസം, സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, തുടർ വിദ്യാഭ്യാസവും മുതിർന്നവരുടെ വിദ്യാഭ്യാസവും എന്നീ മേഖലകളിൽ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളാണ് തയാറാക്കിയത്. പാഠ്യപദ്ധതി ചട്ടക്കൂടുകളും വ്യത്യസ്ത തലത്തിലുള്ള ചർച്ചകൾക്ക് വിധേയമാക്കി കൊണ്ടാണ് പാഠ്യപദ്ധതി രൂപീകരിച്ചിട്ടുള്ളത്. ഇത്തരത്തിൽ തയ്യാറാക്കിയ നാല് പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാനത്തിൽ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെ വിവിധ വിഷയങ്ങളുടെ സിലബസ് ഗ്രിഡ് തയ്യാറാക്കി.
പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ അടിസ്ഥാന സമീപനത്തിന് അനുസൃതമായ തീമുകൾ പരിഗണിച്ചാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്. തയ്യാറാക്കിയ നൂറ്റി എഴുപത്തി മൂന്ന് ടൈറ്റിലുകളിൽ ഓരോ ടൈറ്റിലിനും അഡൈ്വസർ, ചെയർപേഴ്‌സൺ, രണ്ട് വിദഗ്ധർ, എട്ട് പാഠപുസ്തക രചയിതാക്കൾ എന്നിവർ ഉൾപ്പെട്ട പാഠപുസ്തക രചനാസമിതി രൂപീകരിക്കുകയുണ്ടായി. ഈ സമിതിയുടെ നേതൃത്വത്തിലാണ് പാഠപുസ്തക രചനാ പ്രവർത്തനങ്ങൾ നടന്നത്.
മുൻകൂട്ടി നിശ്ചയിച്ച വിവിധ ശില്പശാലകളിലൂടെയാണ് പാഠപുസ്തക രചന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്. ഓരോ ടൈറ്റിലിനും 4 രചനാശില്പശാലകളും രണ്ട് എഡിറ്റിംഗ് ശില്പശാലകളും ഒരു സൂക്ഷ്മ പരിശോധന ശില്പശാലയും ആദ്യഘട്ടത്തിൽ നടത്തുകയുണ്ടായി. തുടർന്ന് ഓരോ വിഷയത്തിന്റെയും വിദഗ്ധരെ ഉൾപ്പെടുത്തിക്കൊണ്ട് എക്‌സ്‌പേർട്ട് കമ്മിറ്റി രൂപീകരിക്കുകയും തയ്യാറാക്കിയ പാഠപുസ്തകങ്ങൾ എക്‌സ്‌പേർട്ട് കമ്മിറ്റി സൂക്ഷ്മമായി പരിശോധിക്കുകയും ഉണ്ടായി. ഇങ്ങിനെ പരിശോധിക്കുമ്പോൾ ജെൻഡർ പരിഗണനകളും വിലയിരുത്തലിന് വിധേയമാക്കിയിട്ടുണ്ട്.
ഈ വിദഗ്ധസമിതിയുടെ അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പരിഗണിച്ച് ഒരുവട്ടം കൂടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിൽ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുകയുണ്ടായി. തുടർന്ന് സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടുന്ന കരിക്കുലം സബ് കമ്മിറ്റി ഓരോ വിഷയത്തിനും പ്രത്യേകമായി രൂപീകരിച്ചു. തയ്യാറാക്കിയ പാഠപുസ്തകങ്ങൾ കരിക്കുലം സബ് കമ്മിറ്റിയുടെ വിദഗ്ധ പരിശോധനയ്ക്കും അംഗീകാരത്തിനുമായി സമർപ്പിക്കുകയുണ്ടായി.
കരിക്കുലം സബ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചു കൊണ്ട് ഫൈനലൈസേഷൻ ശില്പശാലയിലൂടെ ആവശ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലാണ് പുസ്തകങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ഒന്നാം ക്ലാസ്സിലെ എല്ലാ പുസ്തകങ്ങൾക്കും പ്രവർത്തന പുസ്തകം അഥവാ ആക്ടിവിറ്റി ബുക്ക് തയ്യാറാക്കും. അഞ്ചാം ക്ലാസ്സു മുതൽ കലാ വിദ്യാഭ്യാസം തൊഴിൽ വിദ്യാഭ്യാസം എന്നിവയ്ക്ക് പാഠപുസ്തകങ്ങൾ ഉണ്ടാകും. ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ക്രമീകരണം നടപ്പിലാക്കിയത്.
പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കും. നിരവധി പ്രത്യേകതകൾ ഇത്തവണ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുണ്ട്. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്‌നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്‌സോ (POCSO) നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്.
5 മുതൽ 10 വരെ തൊഴിൽ വിദ്യാഭ്യാസം നൽകും. ടൂറിസം, കൃഷി, ഐ.റ്റി., ടെക്‌സ്റ്റൈൽ, നൈപുണ്യ വികസനം എന്നിവ ഉൾപ്പെടുന്നതാകും ഇത്. കുട്ടികളിൽ ചെറുപ്പം മുതലേ തൊഴിൽ മനോഭാവം വളർത്താൻ ഇത് ഉപകരിക്കും. പാഠപുസ്തകങ്ങൾ പരിഷ്‌കരിച്ചതുകൊണ്ടു മാത്രം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിപ്പിക്കാൻ കഴിയില്ല. അതിന് അനുസരിച്ചുള്ള ഗൗരവമായ പ്രവർത്തനങ്ങൾ ക്ലാസ്മുറികളിലും പുറത്തും നടക്കേണ്ടതുണ്ട്. അതിന് നേതൃത്വം നൽകേണ്ടത് നമ്മുടെ അധ്യാപകരാണ്.
പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും, തുടർന്ന് അധ്യാപകർക്ക് നല്ല പരിശീലനവും നൽകാനാണ് ഉദ്ദേശിക്കുന്നത്. പാഠപുസ്തകങ്ങളുടെ മുഴുവൻ ഡിജിറ്റൽ ടെക്സ്റ്റും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായി രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. ഇവ രണ്ടും സമയബന്ധിതമായി പൂർത്തീകരിക്കും.
ദേശീയതലത്തിൽ തന്നെ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി ശീവൻകുട്ടി പറഞ്ഞു. അക്കാദമിക രംഗത്തും അല്ലാതെയും ജനാധിപത്യ വിരുദ്ധമായ നടപടികൾ രാജ്യത്ത് സംഭവിക്കുമ്പോൾ അതിനെ അക്കാദമികമായി ചെറുക്കാൻ നാം ശ്രമിച്ചിട്ടുണ്ട്. അത് തുടരുകതന്നെ ചെയ്യും. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പരിഷ്‌കരണ പ്രവർത്തനങ്ങളാണ് കേരളം പിന്തുടരുക എന്ന് തുടക്കം മുതൽ തന്നെ നാം പ്രഖ്യാപിച്ചതാണ്.
സംസ്ഥാനത്ത് ആദ്യമായാണ് എല്ലാ പാഠപുസ്തകങ്ങളുടെ തുടക്കത്തിലും ഭരണഘടനയുടെ ആമുഖം അച്ചടിക്കുന്നത്. അത് കുട്ടികൾ ഉൾക്കൊള്ളാനാവശ്യമായ പ്രവർത്തനങ്ങൾ പാഠ്യപദ്ധതിയിലുണ്ടാകും. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളുന്നുവെന്നത് ഇത്തവണത്തെ സവിശേഷതയാണ്. അടുത്ത അധ്യയന വർഷത്തിനായി സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നതെന്നും മന്ത്രി.