Connect with us

mathew kuzhalnadan

കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ തട്ടിയെടുത്ത പുറമ്പോക്ക് ഭൂമി വീണ്ടെടുക്കാന്‍ നടപടി വേഗത്തിലാക്കി

സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരായ തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട് പോകും.

Published

|

Last Updated

ഇടുക്കി |  കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്റെ ഭൂമി കൈയ്യേറ്റത്തിന് കൂച്ചു വിലങ്ങ്. കുഴല്‍ നാടന്‍ കൈവശം വച്ച ചിന്നക്കനാല്‍ വില്ലേജിലുള്ള 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ റവന്യൂ വകുപ്പ് വേഗത്തിലാക്കി.

ആധാരത്തില്‍ ഉള്ളതിനേക്കാള്‍ അധികം ഭൂമിയുണ്ടെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് മാത്യു കുഴല്‍നാടന്‍ ഈ ഭൂമി വാങ്ങിയതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റത്തിനെതിരായ തുടര്‍ നടപടികളുമായി വിജിലന്‍സും മുന്നോട്ട് പോകും.

2021 ലാണ് മൂന്ന് ആധാരങ്ങളിലായി ചിന്നക്കനാലിലെ ഒരേക്കര്‍ ഇരുപത്തിമൂന്ന് സെന്റ് സ്ഥലവും കെട്ടിടങ്ങളും മാത്യു കുഴല്‍നാടന്റെയും രണ്ട് പത്തനംതിട്ട സ്വദേശികളുടെയും പേരില്‍ വാങ്ങിയത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ കൂടുതല്‍ കാണിച്ചുവെന്നു സ്വയം ന്യായീകരിക്കാനാണു കുഴല്‍നാടന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന്റെ പ്രതികാരമായി തന്നെ വേട്ടയാടുകയാണെന്നും കുഴല്‍നാടന്‍ വാദിച്ചിരുന്നു.

എന്നാല്‍ വിജിലന്‍സ് ഭൂമി അളന്നതോടെ പ്രമുഖ അഭിഭാഷകന്‍ നടത്തിയ തട്ടിപ്പിന്റെ ചിത്രമാണു പുറത്തായത്. റവന്യൂ പുറമ്പോക്ക് ഭൂമിയായ 50 സെന്റ് അധികമായി കുഴല്‍ നാടന്റെ കൈവശമുണ്ടെന്നാണ് റവന്യൂ വകുപ്പിന്റെയും നിലപാട്.

അതിരുകള്‍ തിട്ടപ്പെടുത്തി അളന്നു തിരിച്ചു ശേഷം ഭൂമിവാങ്ങുകയെന്ന നാട്ടുനടപ്പൊന്നും താന്‍ പാലിച്ചില്ലെന്നാണ് കുഴല്‍ നാടനും പറയുന്നത്. അതിനാല്‍ അധിക ഭൂമി ഉണ്ടോ എന്ന് അറിയില്ലായിരുന്നു എന്നാണ് കുഴല്‍നാടന്റെ വാദം. ഇദ്ദേഹം സംരക്ഷണ ഭിത്തി കെട്ടിയത് അധികമുള്ള സര്‍ക്കാര്‍ ഭൂമിയിലാണ്. എന്നാല്‍ മുമ്പുണ്ടായിരുന്ന സംരക്ഷണ ഭിത്തി താന്‍ ബലപ്പെടുത്തുകയായിരുന്നു എന്നാണു കുഴല്‍നാടന്‍ പറയുന്നത്. 2008 മുതല്‍ മിച്ചഭൂമി കേസില്‍ ഉള്‍പ്പെട്ടതിനാല്‍ രജിസ്‌ട്രേഷന്‍ നടത്തരുതെന്നു ജില്ലാ കലക്ടര്‍ ഉത്തരവിട്ട സ്ഥലമാണ് കോണ്‍ഗ്രസ് നേതാവ് വാങ്ങിയത്.

ഇവിടെ കെട്ടിടത്തില്‍ ഹോം സ്റ്റേ നടത്താനുള്ള ലൈസന്‍സ് ചിന്നക്കനാല്‍ പഞ്ചായത്തില്‍ നിന്നു തരപ്പെടുത്തി യിട്ടുണ്ട്. റിസോര്‍ട്ട് നടത്താനുള്ള സൗകര്യമില്ലാത്തതിനാലാണ് ഹോം സ്റ്റേ ലൈസെന്‍സ് സംഘടിപ്പിച്ചത്.
ആധാരത്തില്‍ വില കുറച്ചു കാണിച്ച് ഭൂമി രജിസ്‌ട്രേഷന്‍ നടത്തിയെന്ന സി പി എം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയോടെയാണ് കുഴല്‍നാടന്റെ ചിന്നക്കനാലിലെ ഭൂമി ഇടപാടിന്റെ വസ്തുതകള്‍ പുറത്തുവന്നത്.

---- facebook comment plugin here -----

Latest