Connect with us

International

ഗസ്സയില്‍ 24 മണിക്കൂറിനിടെ 58 പേരെ കൂടി കൊന്നു; അഭയാര്‍ഥി ക്യാമ്പുകളിലും ബോംബുവര്‍ഷം

ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഗുരുതര പരുക്കേറ്റവരുടെ നിലയും ആശങ്കയില്‍

Published

|

Last Updated

ഗസ്സ | ഇസ്‌റഈല്‍ അധിനിവേശ സൈന്യത്തിന്റെ ഗസ്സ ആക്രമണത്തിന് അയവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 58 ഫലസ്തീനികളെ കൂടി ഇസ്‌റാഈല്‍ ബോംബിട്ട് കൊലപ്പെടുത്തി. ഗസ്സയുടെ തെക്ക് ഭാഗത്തുള്ള സുരക്ഷിത മേഖലയെന്ന് ഇസ്‌റാഈല്‍ അവകാശപ്പെടുന്ന അല്‍-മവാസിയിലെ അഭയാര്‍ഥി ക്യാമ്പുകളിലും നിഷ്ഠൂരം ബോംബുവര്‍ഷമുണ്ടായി.

സ്‌കൂളുകള്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള ആക്രമണങ്ങളും പതിവായിരിക്കുകയാണ്. ഫലസ്തീന്‍ അഭയാര്‍ഥികളുടെ യു എന്‍ ഏജന്‍സി തലവന്‍ ഇസ്‌റാഈല്‍ ക്രൂരതയെ ശക്തമായി അപലപിച്ചു. ആക്രമണം കടുപ്പിച്ചതോടെ ആശുപത്രികളില്‍ ഗുരുതരാവസ്ഥ നേരിടുന്ന ഓക്‌സിജനും ഇന്‍കുബേറ്ററുകളും ആവശ്യമുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 400ഓളം സാധാരണക്കാരുടെ നില ആശങ്കയിലായി. ചികിത്സാ സൗകര്യങ്ങളെല്ലാം താറുമാറായി.

ഏത് നിമിഷവും അധിനിവേശ സൈന്യത്തിന്റെ ആക്രമണം പ്രതീക്ഷിച്ചാണ് പരുക്കേറ്റവരുള്‍പ്പെടെ കഴിയുന്നത്. അതിശക്തമായ ആക്രമണങ്ങളിലൂടെ ആശുപത്രികളുടെ പ്രവര്‍ത്തനം ഇസ്്‌റാഈല്‍ തടസ്സപ്പെടുത്തുന്നതായി നോര്‍ത്ത് ഗസ്സയിലെ കമാല്‍ അദ്‍വാന്‍ ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗസ്സക്കെതിരായ ഇസ്‍റാഈല്‍ അധിനിവേശത്തില്‍ കുറഞ്ഞത് 45,317 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 107,713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായാണ് കണക്ക്.

അതിനിടെ, ലെബനാനിലും ഇസ്്‌റാഈല്‍ സൈന്യം ആക്രമണം രൂക്ഷമാക്കി. ക്ഫാര്‍ കില പട്ടണത്തില്‍ ബോംബുവര്‍ഷം തുടരുകയാണ്. കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

 

 

Latest