Kerala
ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍
നാല്‍പതിലേറെ ഉദ്യോഗാര്‍ഥികളില്‍ നിന്നായി കോടികള്‍ തട്ടി
ചാരുംമൂട്: ഓസ്ട്രേലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് നാല്‍പതിലേറെ ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയില്‍. കോയമ്പത്തൂര്‍ രത്തിനപുരി ഗാന്ധിജി റോഡില്‍ ശ്രീറാം ശങ്കരി അപ്പാര്‍ട്ട്മെന്റില്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന് വിളിക്കുന്ന ആര്‍ മധുസൂദന (42) നാണ് അറസ്റ്റിലായത്. ഓസ്ട്രേലിയയില്‍ സിമിക് ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയില്‍ സോഫ്റ്റ് സ്‌കില്‍ ട്രെയ്നര്‍മാരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ഷൈജു ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. വിദേശ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്തിരുന്ന ഇയാള്‍ എറണാകുളം അങ്കമാലി കേന്ദ്രീകരിച്ച് ഒ ഇ ടി ക്ലാസ്സുകള്‍ എടുത്തിരുന്നു. 2023ലാണ് അങ്കമാലി കേന്ദ്രീകരിച്ച് ഇയാള്‍ തട്ടിപ്പിപ്പ് ആരംഭിച്ചത്. ഓസ്ട്രേലിയയിലേക്ക് സോഫ്റ്റ് സ്‌കില്‍ ട്രെയ്നര്‍മാരെ ആവശ്യമുണ്ടെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കി. തുടര്‍ന്ന് പരസ്യം കണ്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭ്യസ്തവിദ്യരായ നിരവധി യുവതി യുവാക്കള്‍ ജോലിക്കായി അപേക്ഷിച്ചു.
ഇയാളുടെ കൂട്ടാളികളായ ചിലരാണ് ഉദ്യോഗാര്‍ഥികളെ ബന്ധപ്പെട്ടിരുന്നത്. ആകര്‍ഷകമായ ജോലിയും ശമ്പളവും ഓസ്ട്രേലിയയില്‍ സ്ഥിരം വിസയുമായിരുന്നു വാഗ്ദാനം. മധുസൂദനന്‍ കമ്പനി പ്രതിനിധി എന്ന ഭാവേനയാണ് ഓണ്‍ലൈന്‍ വഴി ഉദ്യോഗാര്‍ഥികളുമായി സംസാരിച്ചത്. തുടര്‍ന്ന് 2023ല്‍ തിരുവനന്തപുരത്തും എറണാകുളത്തുമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെച്ചു ഇന്റര്‍വ്യൂ നടത്തി. ചെന്നൈയില്‍ നിന്ന് വിമാനത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമെത്തി ആഢംബര കാറുകളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്ക് പോയ മധുസൂദനന്‍ ആഷ്ടണ്‍ മൊണ്ടീറോ എന്ന ഓസ്ട്രേലിയന്‍ പൗരനെന്ന് പറഞ്ഞാണ് ഉദ്യോഗാര്‍ഥികളെ പരിചയപ്പെട്ടത്. കൂട്ടാളികള്‍ ബോസ് എന്ന് വിളിക്കുന്ന ഇയാളുടെ വ്യക്തിപ്രഭാവത്തിലും ഇന്റര്‍വ്യൂവിലും ആകര്‍ഷിക്കപ്പെട്ട 40ഓളം പേര്‍ ഇയാള്‍ ആവശ്യപ്പെട്ടതുപ്രകാരം ഏഴ് ലക്ഷം രൂപ വീതം മദുസൂദനനും സംഘവും നല്‍കിയ ബേങ്ക് അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പണം കിട്ടിയ ശേഷം ഈ സംഘം അപ്രത്യക്ഷരായി. പണം നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പരാതികളില്‍ അങ്കമാലി, കാലടി , നെടുമ്പാശ്ശേരി, തൃശ്ശൂര്‍ ഈസ്റ്റ്, മൂവാറ്റുപുഴ, കരമന, നൂറനാട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നൂറനാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാത്.