National
5ജി സ്‌പെക്ട്രം വില കുറയ്ക്കണം: ആവശ്യവുമായി ടെലികോം കമ്പനികള്‍
എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.
ന്യൂഡല്‍ഹി| സ്‌പെക്ട്രം വില കുറയ്ക്കണമെന്ന ആവശ്യവുമായി ടെലികോം കമ്പനികളുടെ സംഘടനയായ സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ. സംഘടന ടെലികോം വകുപ്പിന് മുന്നിലാണ് ഈ ആവശ്യം വെച്ചിരിക്കുന്നത്. 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില പാതിയിലധികം കുറയ്ക്കണമെന്നാണ് ആവശ്യം. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ ഐഡിയ തുടങ്ങിയ കമ്പനികളെല്ലാം ഉള്‍പ്പെട്ടതാണ് സെല്ലുലാര്‍ ഓപറേറ്റേര്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ.
അടിസ്ഥാന വില 60-70 ശതമാനം കുറച്ചില്ലെങ്കില്‍ ലേലം വിജയകരമാവില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാഴ്ച മുന്‍പാണ് ഈ ആവശ്യം ഉന്നയിച്ച് സംഘടന കേന്ദ്രത്തിന് കത്തയച്ചത്. 2022 ഏപ്രില്‍-മെയ് മാസത്തിനിടയില്‍ 5ജി സ്‌പെക്ട്രം ലേലം നടത്താനാണ് ലക്ഷ്യമിടുന്നത്. വില കുറച്ചാല്‍ മാത്രമേ കൂടുതല്‍ ശക്തമായി ലേലത്തില്‍ പങ്കെടുക്കാനാവൂ എന്നാണ് കമ്പനികളുടെ വാദം.
അടിസ്ഥാന വില കുറച്ചില്ലെങ്കില്‍ ഇനിയുമൊരിക്കല്‍ കൂടി സ്‌പെക്ട്രം വാങ്ങാന്‍ ആളുണ്ടാവില്ലെന്ന് വൊഡഫോണ്‍ ഐഡിയ മാനേജിങ് ഡയറക്ടര്‍ രവീന്ദര്‍ തക്കാര്‍ പറഞ്ഞു. ഇപ്പോള്‍ 5ജി സ്‌പെക്ട്രം 3.3-3.6 ഗിഗാ ഹെര്‍ട്‌സ് ബാന്റിന്റെ അടിസ്ഥാന വില യൂണിറ്റിന് 492 കോടി രൂപയാണ്. ലോകത്ത് തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണിതെന്നാണ് കമ്പനികളുടെ വിമര്‍ശനം.