First Gear
0001 നമ്പറിന് 6 ലക്ഷം വരെ നൽകേണ്ടിവരും; വിഐപി നമ്പറുകൾക്ക് വിലകൂട്ടി മഹാരാഷ്‌ട്ര
2013ന് ശേഷം ആദ്യമായാണ് മഹാരാഷ്‌ട്രയിൽ വിഐപി നമ്പറുകൾക്ക് വില വർധിപ്പിക്കുന്നത്
ഇരുചക്രവാഹനങ്ങൾക്ക് ഉൾപ്പെടെ വിഐപി നമ്പറുകൾക്ക് വിലകൂട്ടി മഹാരാഷ്‌ട്ര. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ നഗരങ്ങളിലും മഹാരാഷ്ട്രയിലെ മറ്റ് വലിയ നഗരങ്ങളിലും ഇനി മുതൽ ഇഷ്‌ടപ്പെട്ട വിഐപി നമ്പറുകൾക്ക് ആറു ലക്ഷം രൂപ വരെ അടിസ്ഥാന വിലയായി നൽകേണ്ടിവരും.
നിലവിലിത് 4 ലക്ഷം രൂപയാണ്. 2013ന് ശേഷം ആദ്യമായാണ് മഹാരാഷ്‌ട്രയിൽ വിഐപി നമ്പറുകൾക്ക് വില വർധിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 0001 എന്ന നമ്പറിന് ഇനി 6 ലക്ഷം രൂപയായിരിക്കും അടിസ്ഥാന വില. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ ലേലം ചെയ്യും. സീരീസിന് പുറത്തുള്ള വിഐപി പ്ലേറ്റുകൾക്ക്, 18 ലക്ഷം രൂപ വരെയും ഇനി വില നൽകേണ്ടിവരും.
ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്ക്, ഔറംഗബാദ്, കോലാപ്പൂർ, നാസിക്, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ യുണീക് രജിസ്ട്രേഷൻ നമ്പറുകളുടെ ഫീസ് 50,000 രൂപയിൽ നിന്ന് ഒരു ലക്ഷം രൂപയായി ഉയരും.
ഏറ്റവും ജനപ്രിയമായ 16 നമ്പറുകളുടെ രജിസ്‌ട്രേഷൻ ഫീസ് നാല് ചക്ര വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപയായും ഇരുചക്ര വാഹനങ്ങൾക്ക് 25,000 രൂപയായും ഉയർത്തിയിട്ടുണ്ട്. നേരത്തെ യഥാക്രമം 70,000 രൂപയും 15,000 രൂപയുമായിരുന്നു ഫീസ്. മഹാരാഷ്‌ട്രയ്‌ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളിലും വിഐപി നമ്പറുകൾക്ക് വില കൂട്ടിയേക്കും.