Uae
അബൂദബിയില്‍ 1,81,000 വിദ്യാര്‍ഥികളെ എത്തിക്കാന്‍ 6,000 ബസുകള്‍
4,960 ഡ്രൈവര്‍മാരെയും 5,960 ബസ് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
അബൂദബി | പുതിയ അധ്യയന വര്‍ഷത്തില്‍ 6,010 സ്‌കൂള്‍ ബസുകള്‍ ഒരുക്കുമെന്ന് എമിറേറ്റ്സ് ട്രാന്‍സ്‌പോര്‍ട്ടിലെ സ്‌കൂള്‍ ഓപറേഷന്‍സ് ഡയറക്ടര്‍ അമര്‍ ജുമാ അല്‍ ശെഹി പറഞ്ഞു. 1,81,000 വിദ്യാര്‍ഥികളെ എത്തിക്കുന്നതിനായാണ് ഇവ സര്‍വീസ് നടത്തുക. 4,960 ഡ്രൈവര്‍മാരെയും 5,960 ബസ് സൂപ്പര്‍വൈസര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പൂര്‍ത്തിയാക്കിയതായും പരിശീലനവും ബോധവത്കരണ പരിപാടികളും നടത്തിയെന്നും അല്‍ ശെഹി പറഞ്ഞു.
ബസുകള്‍ക്കുള്ളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് സ്മാര്‍ട്ട് സംവിധാനം നടപ്പിലാക്കുന്നുണ്ട്. ദിവസവും വിദ്യാര്‍ഥികളുടെ എണ്ണം നിരീക്ഷിക്കുകയും സ്‌കൂളില്‍ എത്താത്തതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ് ഒരു പ്രത്യേകത. ബസിനുള്ളിലെ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഓപറേഷന്‍ റൂമുമായി മറ്റ് ട്രാക്കിംഗ് ഉപകരണങ്ങളും ബന്ധിപ്പിച്ചിട്ടുണ്ട്.
ഡ്രൈവറുടെ വേഗത, ദിശകള്‍, ബസില്‍ വിദ്യാര്‍ഥി ചെലവഴിക്കുന്ന സമയം എന്നിവ നിരീക്ഷിക്കും. വിദ്യാര്‍ഥിയുടെ ബസ് സമയം സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് പരമാവധി 60 മിനുട്ടില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കും.
ഫെഡറല്‍ ട്രാഫിക് കൗണ്‍സില്‍, ജനറല്‍ കമാന്‍ഡ് ഓഫ് പോലീസ് എന്നിവയെ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് ആഗസ്റ്റ് 26ന് അപകട രഹിത ദിനം ആചരിക്കുന്നുണ്ട്. കാമ്പയിനില്‍ പ്രതിജ്ഞാബദ്ധരായവര്‍ക്ക് നാല് ബ്ലാക്ക് ട്രാഫിക് പോയിന്റുകള്‍ കുറയ്ക്കുന്നതിന്റെ പ്രയോജനം നേടാനും അവസരമുണ്ടാകും.