Business
ബുർജീൽ ഹോൾഡിംഗ്സിന്റെ അറ്റാദായത്തിൽ 61.7 ശതമാനം വർധന
ബുർജീൽ മെഡിക്കൽ സിറ്റിയുടെ വരുമാനം 145.6% വർധിച്ചു
അബുദാബി | അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ ഡി എക്സ്) ലിസ്റ്റ് ചെയ്ത മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ബുർജീൽ ഹോൾഡിംഗ്സിന്റെ ഒൻപത് മാസത്തെ സാമ്പത്തിക ഫലം പ്രഖ്യാപിച്ചു. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ ആകെ വരുമാനത്തിലുണ്ടായത് വൻ വളർച്ചയാണ്. 2.83 ബില്യൺ ദിർഹമാണ് ഈ കാലയളവിലെ ആകെ വരുമാനം. മുൻ വർഷത്തേക്കാൾ 17% വർധനവ്. അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് 61.7% ഉയർന്ന് 205.1 മില്യൺ ദിർഹമായി.
ബുർജീൽ ഹോൾഡിംഗ്സിന്റെ മുൻനിര സ്ഥാപനമായ ബുർജീൽ മെഡിക്കൽ സിറ്റി (ബി എം സി) യുടെ വരുമാനത്തിൽ 145.6% വളർച്ചയാണ് രേഖപ്പെടുത്തിയത്. അർബുദ പരിചരണം, വൃക്ക മാറ്റിവയ്ക്കൽ എന്നിവയുൾപ്പെടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി പരിചരണത്തിന്റെ ഭാഗമായാണ് ബി എം സിയുടെ വരുമാന വളർച്ച. ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ എന്നിവയടക്കമുള്ള വിഭാഗങ്ങളിലെ മികച്ച പ്രകടനത്തിന്റെ കൂടി ഭാഗമായി പലിശ, നികുതി, മൂല്യത്തകർച്ച, അമോർട്ടൈസേഷൻ എന്നിവയ്ക്ക് മുമ്പുള്ള വരുമാനം (EBITDA) 13.2% വർധിച്ച് 608.4 മില്യൺ ദിർഹമായി. ബുർജീൽ മെഡിക്കൽ സിറ്റിയും മറ്റു പ്രധാന ആശുപത്രികളും കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുകയും നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിട്ടും EBITDA 21.5% സ്ഥിരം മാർജിനിൽ നിലനിർത്താനായത് ഗ്രൂപ്പിന് നേട്ടമായി.