Pathanamthitta
എലിപ്പനി; യഥാസമയം ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ്
പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് അപകടമാണ്.
പത്തനംതിട്ട | മരണകാരണമായേക്കാവുന്ന രോഗമായ എലിപ്പനിക്ക് വിദഗ്ധ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സ എടുക്കുന്നതും ശരിയായ പ്രതിരോധശീലങ്ങള്‍ പാലിക്കേണ്ടതും ഒരുപോലെ പ്രധാനമാണ്. പനി,തലവേദന,കഠിനമായക്ഷീണം,പേശിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. കടുത്തക്ഷീണം, നടുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ മാത്രമായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എലിപ്പനി ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങളില്‍ സമ്പര്‍ക്കം, തൊഴില്‍സാഹചര്യങ്ങള്‍ എന്നിവ ഡോക്ടറെ അറിയിക്കണം.
പനി, പേശിവേദന തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍സ്റ്റോറുകളില്‍ നിന്നും വേദനസംഹാരികള്‍ വാങ്ങിക്കഴിക്കുന്നത് അപകടമാണ്.
രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെത്തി ചികിത്സതേടുക. കുറയുന്നില്ല എങ്കില്‍ വീണ്ടും ഡോക്ടറെ കാണണം. മലിനമായ മണ്ണിലും വെള്ളത്തിലും ഇറങ്ങാന്‍ ഇടയായിട്ടുണ്ടെങ്കില്‍ അക്കാര്യവും വ്യക്തമാക്കണം. എലിയുടെ മാത്രമല്ല നായ, പൂച്ച ,കന്നുകാലികള്‍ എന്നിവയുടെ ഒക്കെ മൂത്രത്തിലൂടെ എലിപ്പനിയുടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കൈകാലുകളിലെ മുറിവുകളിലൂടെയും കണ്ണിലെയും വായിലെയും നേര്‍ത്ത തൊലിയിലൂടെയും രോഗാണുക്കള്‍ക്ക് ശരീരത്തില്‍ കടക്കാനാകും. പാദങ്ങളില്‍ വിണ്ടു കീറല്‍, നഖംവെട്ടിയ ശേഷം ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ എന്നിവയിലൂടെയും രോഗാണുക്കള്‍ പ്രവേശിക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, തൊഴുത്ത്വൃത്തിയാക്കുക, വാഹനങ്ങള്‍കഴുകുക, കൃഷിപ്പണി, നിര്‍മ്മാണപ്രവൃത്തി, പെയിന്റിംഗ്പണി എന്നിവ കഴിഞ്ഞ് വയലിലും മറ്റുംകെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മുഖംകഴുകുക, പണിയായുധങ്ങള്‍ കഴുകുക, മലിനമായവെള്ളം വായില്‍ കൊള്ളുക തുടങ്ങിയവ എലിപ്പനിക്ക് കാരണമാകാം. വൃത്തിഹീനമായ മണ്ണിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും കളിക്കുന്നതിലൂടെ കുട്ടികള്‍ക്കും രോഗബാധയ്ക്കുള്ള സാധ്യതയുണ്ട്.
വിനോദത്തിനായി മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍, പാടത്ത് പുല്ല് ചെത്തുന്നവര്‍, അടുക്കളത്തോട്ടം, പൂന്തോട്ട നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പെടുന്ന അമ്മമാര്‍ എന്നിവര്‍ക്കും രോഗസാധ്യതയുണ്ട്. ജോലിക്കിറങ്ങുന്നവര്‍ കയ്യുറ, ഗംബൂട്ടുകള്‍ എന്നീ സുരക്ഷാമാര്‍ഗങ്ങള്‍ ഉപയോഗിക്കണം. തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ,ശുചീകരണ തൊഴിലാളികള്‍, ഹരിത കര്‍മസേന, വര്‍ക്ഷോപ്പ് ജീവനക്കാര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവര്‍ ജാഗ്രതപാലിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സി സൈക്ലിന്‍ ഗുളിക കഴിക്കണം. എലിപ്പനിപോലെയുള്ള ജന്തുജന്യ രോഗങ്ങള്‍ ഒഴിവാക്കാന്‍ മാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിതകുമാരി പറഞ്ഞു.