Connect with us

Kerala

പ്രഖ്യാപിക്കാന്‍ പോകുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല, സാമൂഹിക കൂട്ടായ്മ: പി വി അന്‍വര്‍ എംഎല്‍എ

മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും

Published

|

Last Updated

മലപ്പുറം |  മഞ്ചേരിയില്‍ ഇന്ന് പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ മാത്രമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. പിന്നീട് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള എന്ന പേരില്‍ സംഘടന രൂപീകരിക്കുന്നത് പി വി അന്‍വര്‍ സ്ഥിരീകരിച്ചു. മഞ്ചേരിയില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ സാധാരണക്കാരായ മനുഷ്യരുണ്ടാകും. തന്നെ സംബന്ധിച്ച് സാധാരണക്കാരായ മനുഷ്യരാണ് പ്രബല നേതാക്കള്‍.തദ്ദേശ തിരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി മത്സരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി

തമിഴ്നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമുള്ള പാര്‍ട്ടിയാണ് ഡിഎംകെ. ആ സാധാരണക്കാരായ ജനങ്ങള്‍ ഇതില്‍ പങ്കെടുക്കും. ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ തമിഴ്നാട്ടില്‍  പോയിരുന്നില്ല. താന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. എന്നാല്‍ ഡിഎംകെയുമായുള്ള സഖ്യസാധ്യത നിഷേധിക്കാന്‍ അന്‍വര്‍ തയ്യാറായില്ല

പുതിയ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനത്തിന് എന്തു പറ്റുമെന്നതടക്കമുള്ള കാര്യങ്ങള്‍ സമയമാകുമ്പോള്‍ ആലോചിക്കാം. ഈ വണ്ടി ഇങ്ങനെ പോകും. കയറ്റത്തിലൊക്കെ കട്ട വച്ച് മുന്നോട്ടുപോകും.  മനാഫ് മതേതര പ്രതീകമാണ്. അതുകൊണ്ടാണ് സമ്മേളന വേദിയിലെ ബോര്‍ഡുകളില്‍ ചരിത്ര- നവോത്ഥാന നായകര്‍ക്കൊപ്പം അര്‍ജുനും മനാഫും ഇടംപിടിച്ചത്. പാര്‍ട്ടി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ സങ്കീര്‍ണതകള്‍ ഉണ്ട്. ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്തിയ ശേഷം ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest