Connect with us

Editorial

ഹിന്ദുത്വ ഫാസിസത്തിന് ഊര്‍ജം പകരുന്ന വിധി

ഓരോ മതസ്ഥരും പവിത്രവും പരിശുദ്ധവുമായി ഗണിക്കുന്നതാണ് അവരുടെ ആരാധനാലയങ്ങള്‍. പരസ്പരം അത് മാനിക്കുന്നതാണ് ഇന്ത്യന്‍ പൈതൃകം. അതിന് കോട്ടം തട്ടുന്ന, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ദുഷ്ടബുദ്ധികളുടെ ചെയ്തിക്ക് വളം വെച്ചു കൊടുക്കുന്ന വിധിപ്രസ്താവം ഹൈക്കോടതിയില്‍ നിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി.

Published

|

Last Updated

മുസ്‌ലിം പള്ളിയില്‍ കയറി ജയ് ശ്രീറം വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തില്ലത്രെ. ദക്ഷിണ കന്നഡയിലെ ഐട്ടൂര്‍ ഗ്രാമത്തിലെ പള്ളിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ അതിക്രമിച്ചു കയറി ജയ് ശ്രീറം വിളിച്ച കേസിലാണ് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് എം നാഗപ്രസന്നയുടെ ഈ വിധിപ്രസ്താവം. 2023 സെപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദുത്വ തീവ്രവാദികളായ കീര്‍ത്തന്‍ കുമാറും സച്ചിന്‍ കുമാറും രാത്രിയില്‍ പള്ളിയില്‍ അതിക്രമിച്ചു കയറി ജയ് ശ്രീറാം വിളിക്കുകയും പള്ളിക്കകത്തുണ്ടായിരുന്ന വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്കെതിരെ അതിക്രമിച്ചു കയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍ വകുപ്പുകള്‍ അനുസരിച്ച് പോലീസ് കേസെടുത്തു. ഹിന്ദുക്കളും മുസ്‌ലിംകളും സൗഹാര്‍ദത്തോടെ ജീവിക്കുന്ന പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് പ്രതികള്‍ക്കനുകൂലമായ കോടതിയുടെ നിലപാട്. പൊതുസ്ഥലമായ പള്ളിയില്‍ കയറുന്നത് അതിക്രമമായി കണക്കാക്കാനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതി, പ്രതികള്‍ക്കെതിരെ പോലീസ് ചുമത്തിയ കേസുകള്‍ റദ്ദാക്കുകയും ചെയ്തു.

1992ല്‍ അയോധ്യയില്‍ ഹിന്ദുത്വ ഭീകരര്‍ മസ്ജിദ് തകര്‍ത്ത അതേ സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് അനുകൂലമായി വിധി പുറപ്പെടുവിച്ച ജുഡീഷ്യറിയില്‍ നിന്ന് ഇത്തരമൊരു വിധിപ്രസ്താവം വന്നതില്‍ പുതുമയില്ല. സംഘ്പരിവാര്‍ സ്വാധീനം വ്യക്തമാക്കുന്നതാണ് സമീപ കാലത്തെ പല കോടതി വിധികളും. ഹൈന്ദവരുടെ ആരാധ്യനായ ശ്രീരാമന്‍ വിജയിക്കട്ടെ എന്ന് അര്‍ഥം വരുന്ന ‘ജയ് ശ്രീറാം’ ഭക്തിനിര്‍ഭരമായ ജപവും മുദ്രാവാക്യവുമായാണ് ഉത്ഭവിച്ചതെങ്കിലും ഇന്നത് ഹൈന്ദവ വര്‍ഗീയ മുദ്രാവാക്യമായും ഹിന്ദുത്വ ഫാസിസ അധിനിവേശത്തിന്റെ മുന്നറിയിപ്പായുമാണ് ഉപയോഗപ്പെടുത്തുന്നത്. 2020 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയിലെ ശഹീന്‍ബാഗില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളും കുട്ടികളും അടങ്ങുന്ന ജനക്കൂട്ടത്തിനു നേരെ കപില്‍ ഗജ്ജാര്‍ എന്ന ഹിന്ദുത്വ തീവ്രവാദി ഓട്ടോമാറ്റിക് പിസ്റ്റള്‍ ഉപയോഗിച്ച് നിറയൊഴിച്ചത് ജയ് ശ്രീറാം വിളിച്ചു കൊണ്ടായിരുന്നു. പോലീസ് കൈയില്‍ വിലങ്ങു വെച്ചപ്പോള്‍ ‘ഈ രാജ്യത്ത് ഹിന്ദുക്കള്‍ മാത്രമേ വിജയിക്കുകയുള്ളൂ’വെന്നായിരുന്നു കപില്‍ ഗജ്ജാര്‍ വിളിച്ചു പറഞ്ഞത്.

ഹിന്ദുത്വ ഭീകരതയെയും ഹിന്ദുത്വ മേല്‍ക്കോയ്മയെയും അടയാളപ്പെടുത്തുന്ന മുദ്രാവാക്യമായി പരിണമിച്ചിരിക്കുകയാണ് നിലവില്‍ ജയ് ശ്രീറാം. ബി സി ഏഴാം നൂറ്റാണ്ടിനും മൂന്നാം നൂറ്റാണ്ടിനും ഇടയില്‍ എഴുതപ്പെട്ടതായി അനുമാനിക്കപ്പെടുന്ന സംസ്‌കൃത ഇതിഹാസത്തിലെ നായകന്‍ ശ്രീരാമന്‍ നീതിമാനും സമാധാനപ്രിയനും സ്നേഹത്തിന്റെ പ്രതീകവുമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാല്‍ രാമന്റെ ആരാധകരും അനുയായികളുമെന്നവകാശപ്പെടുന്നവര്‍ ‘ജയ് ശ്രീറാം’ എന്നാക്രോശിച്ച് മുസ്‌ലിം പള്ളികളിലും ക്രിസ്തീയ ആരാധനാലയങ്ങളിലും അതിക്രമിച്ചു കയറി വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുന്നതാണ് കാണാനാകുന്നത്. ഭരണഘടന മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കവെ, ഹൈന്ദവേതര മതസ്ഥരെ ഭീഷണിപ്പെടുത്തിയും ആയുധം ചൂണ്ടിയും ‘ജയ് ശ്രീറാം’ വിളിപ്പിക്കുന്നത് പതിവു സംഭവമാണ്. ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ക്രൂരമര്‍ദനത്തിനും അക്രമത്തിനും ഇരയായവര്‍ നിരവധി. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിച്ച ഗോഡ്സെയുടെ തോക്കില്‍ നിന്ന് ഉയര്‍ന്ന വെടിയൊച്ചയെയാണ് ഹിന്ദുത്വ ഫാസിസ്റ്റുകള്‍ മുഴക്കുന്ന ‘ജയ് ശ്രീറാം’ വിളി അനുസ്മരിപ്പിക്കുന്നത്.

അമര്‍ത്യാ സെന്‍, രാമചന്ദ്ര ഗുഹ, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങി രാജ്യത്തെ പ്രമുഖരും പ്രശസ്തരുമായ 49 സാംസ്‌കാരിക നായകര്‍ ചേര്‍ന്ന് 2019ല്‍ പ്രധാനമന്ത്രിക്ക് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു. ‘ജയ് ശ്രീറാം’ എന്ന പദം രാജ്യത്ത് ഒരു കൊലവിളിയായി മാറിയിരിക്കുകയാണ്. ഈ കൊലവിളി ഇന്ത്യന്‍ ജനാധിപത്യത്തിന് കനത്ത മുറിവേല്‍പ്പിക്കുന്നു. നിസ്സഹായരും നിഷ്‌കളങ്കരുമായ ആളുകള്‍ക്ക് ഭീഷണിയായി മാറിയിരിക്കുന്നു. ജയ് ശ്രീറാമിനെ കൊലവിളിയാക്കി മാറ്റുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു പ്രസ്തുത നിവേദനത്തിലെ മുഖ്യ ആവശ്യം.

നിരുപദ്രവകരമായ ഒരു മുദ്രാവാക്യമല്ല ജയ് ശ്രീറാം. അതിനു പിന്നില്‍ ചില പ്രത്യയശാസ്ത്രങ്ങളുണ്ട്. ഇതര മതസ്ഥരോടുള്ള വിദ്വേഷത്തിന്റെ, വംശീയ ഉന്മൂലനത്തിന്റെ, ചാതുര്‍വര്‍ണ്യത്തിന്റെ, ജാതിവ്യവസ്ഥയുടെ പ്രത്യയശാസ്ത്രങ്ങള്‍. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല നടത്തുന്നവരും പള്ളികളിലും ചര്‍ച്ചുകളിലും കയറി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരും ജയ് ശ്രീറാം വിളിക്കുന്നതിന്റെ പിന്നാമ്പുറമതാണ്. അമര്‍ത്യാ സെന്‍, രാമചന്ദ്ര ഗുഹ തുടങ്ങിയ ബുദ്ധിജീവികള്‍ക്ക് ഇത് മനസ്സിലാകുകയും ബോധ്യപ്പെടുകയും ചെയ്തിട്ടും എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിക്ക് മനസ്സിലാകാതെ പോയത്? ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ് കോടതി തീര്‍പ്പ്. രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയ സംഘര്‍ഷവും കലാപവും സൃഷ്ടിക്കാനും കച്ചകെട്ടിയിറങ്ങിയ ദുശ്ശക്തികള്‍ക്ക് ഇത് ഊര്‍ജം പകരും. മുസ്‌ലിം, ക്രിസ്തീയ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപകമായി കൈയേറ്റത്തിനും അക്രമത്തിനും വിധേയമാകുന്ന ഒരു സ്ഥിതിവിശേഷമാണ് രാജ്യത്ത് നിലവിലുള്ളത്. ജയ് ശ്രീറാം മുഴക്കിയാണ് അക്രമികളുടെ കടന്നു കയറ്റം. കോടതി ഉത്തരവ് അവര്‍ക്കൊരു പിടിവള്ളിയായി മാറും. പള്ളി പൊതുസ്ഥലമായതിനാല്‍ മറ്റു മതസ്ഥര്‍ക്ക് കടന്നു കയറി അവരുടെ ‘പ്രാര്‍ഥനാ’ വാക്യം ഉറക്കെ വിളിച്ചു പറയുന്നത് നിയമവിരുദ്ധമായി കാണാനാകില്ലെന്നാണല്ലോ കോടതി ബഞ്ചിന്റെ നിരീക്ഷണം. ഹിന്ദുമത വിശ്വാസിയല്ലാത്ത ഒരാള്‍ ക്ഷേത്രത്തില്‍ കടന്നുകയറി അവരുടെ പ്രാര്‍ഥനാ വചനം വിളിച്ചാലും ഇതേ കാഴ്ചപ്പാടായിരിക്കുമോ കോടതിയുടേത്? ഓരോ മതസ്ഥരും പവിത്രവും പരിശുദ്ധവുമായി ഗണിക്കുന്നതാണ് അവരുടെ ആരാധനാലയങ്ങള്‍. പരസ്പരം അത് മാനിക്കുന്നതാണ് ഇന്ത്യന്‍ പൈതൃകം. അതിന് കോട്ടം തട്ടുന്ന, ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ദുഷ്ടബുദ്ധികളുടെ ചെയ്തിക്ക് വളം വെച്ചു കൊടുക്കുന്ന വിധിപ്രസ്താവം ഹൈക്കോടതിയില്‍ നിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായിപ്പോയി.