Connect with us

National

ഡോ. തുമ്പെ മൊയ്തീന് പുരസ്‌കാരം; കര്‍ണാടക സര്‍ക്കാര്‍ രാജ്യോത്സവ അവാര്‍ഡ് നല്‍കി ആദരിച്ചു

ഗള്‍ഫിലെ മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം, വ്യവസായം, സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി

Published

|

Last Updated

അബൂദബി | ഗള്‍ഫിലെ മെഡിക്കല്‍ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഗവേഷണം, വ്യവസായം, സാഹിത്യം, ശാസ്ത്രം, കായികം, കല, സാമൂഹിക സേവനം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഡോ. തുമ്പെ മൊയ്തീന് കര്‍ണാടക സര്‍ക്കാര്‍ രാജ്യോത്സവ അവാര്‍ഡ് നല്‍കി ആദരിച്ചു. കര്‍ണാടക സംസ്ഥാനത്തെ മംഗളൂരുവില്‍ നിന്നും യു എ ഇയില്‍ എത്തിയ തുമ്പെ മൊയ്തീന്‍ 1997-ല്‍ ആരംഭിച്ച ‘തുമ്പെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി’ ഗള്‍ഫിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖ സ്ഥാപനമാണ്. തുമ്പെ ഗ്രൂപ്പിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയില്‍ ആരോഗ്യ വിദ്യാഭ്യാസ പരിപാലന മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ ആരംഭിച്ചു.

കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ രാജ്യോത്സവ അവാര്‍ഡ് ബഹുമതിയാണെന്നും സര്‍ക്കാരിന്റെ അംഗീകാരത്തിന് നന്ദിയും സന്തോഷവുമുണ്ടെന്നും ഡോ. തുമ്പെ മൊയ്തീന്‍ പറഞ്ഞു. ഈ ബഹുമതി കമ്മ്യൂണിറ്റി സേവനത്തോടുള്ള തന്റെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ്. ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ പ്രൊഫഷണലുകളെ പരിശീലിപ്പിയ്ക്കുന്നതിനും, സാമൂഹിക പ്രതിബദ്ധതയോടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സേവനം നല്‍കുന്നതിലും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള മികച്ച എന്‍ ആര്‍ ഐ എന്ന നിലയില്‍ ഡോ. മൊയ്തീന്റെ പ്രചോദനാത്മകമായ യാത്ര 1998-ല്‍ അജ്മാനില്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിന് അവസരമേകി. യു എ ഇയുടെ ആരോഗ്യ പരിപാലന തൊഴിലാളികളില്‍ ഏകദേശം 60 ശതമാനം ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടിയവരാണ്. രാജ്യത്തെ മികച്ച സ്വകാര്യ മെഡിക്കല്‍ സ്ഥാപനമാണിത്. ഡോ. മൊയ്തീന്റെ നേതൃത്വത്തില്‍, യുണൈറ്റഡ് അറബ് എമിറേറ്റിലെ സ്വകാര്യ അക്കാദമിക് ഹോസ്പിറ്റലുകളുടെ ഏറ്റവും വലിയ ശൃംഖല ഉള്‍പ്പെടെ 26 വ്യത്യസ്ത മേഖലകളിലേക്ക് തുംബെ ഗ്രൂപ്പ് പ്രവര്‍ത്തനം വിപുലമാക്കി. 102 രാജ്യങ്ങളില്‍ നിന്നും 5,000-ലധികം വിദ്യാര്‍ഥികള്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി. 11 ദശലക്ഷത്തിലധികം രോഗികള്‍ക്ക് സേവനം നല്‍കി.

ഏഴ് എമിറേറ്റുകളിലായി 110-ലധികം സേവന കേന്ദ്രങ്ങള്‍, പ്രമുഖ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി സഹകരണം, എ ഐ പരിശീലന മേഖലയില്‍ ആരംഭിച്ച തുംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എ ഐ തുടങ്ങിയവയെല്ലാം തുമ്പെ ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ പടവുകളാണ്. വിഷന്‍ 2028ന്റെ ഭാഗമായി സഊദി അറേബ്യ, ഈജിപ്ത്, തുടങ്ങിയ ജി സി സി രാജ്യങ്ങളില്‍ തുമ്പെ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കും. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പുതിയ ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിയ്ക്കും. തുംബെ വെറ്ററിനറി ക്ലിനിക്, തുംബെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടിസം തുടങ്ങിയ പുതിയ സംരംഭങ്ങളും ആരംഭിക്കും.

2024-ല്‍ മംഗലാപുരം സര്‍വകലാശാലയില്‍ നിന്നുള്ള ഓണററി ഡോക്ടറേറ്റ്, 2022-ല്‍ മൈസൂര്‍ മഹാരാജാവില്‍ നിന്നുള്ള ‘വിശ്വ മാന്യ’ പുരസ്‌കാരം എന്നീ നിരവധി അംഗീകാരങ്ങള്‍ ഡോ. മൊയ്തീന് ലഭിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള മികച്ച എന്‍ ആര്‍ ഐ വ്യവസായി എന്ന നിലയില്‍ ‘കര്‍ണാടക രത്ന അവാര്‍ഡും’ ലഭിച്ചിട്ടുണ്ട്. ഭാവി തലമുറയിലെ സംരംഭകര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് ഡോ. തുമ്പെ മൊയ്തീന്റെ ജീവിതയാത്ര.

 

Latest