Milad 2021
തിരുവസന്തം
വസന്തം ജീവന്റെയും പുനർജീവന്റെയും പുതുക്കലിന്റെയും പ്രതീകമായാണ് ഉപയോഗിക്കുന്നത്. ഇലകൾ പൊഴിഞ്ഞ മരങ്ങൾ തളിർക്കുന്നതും സസ്യങ്ങളും ചെടികളും പുഷ്പിക്കുന്നതും പൂത്തുലയുന്നതും പരിമളം പരത്തുന്നതും വസന്തത്തിലാണ്. സസ്യലോകത്തെ അത്യപൂര്‍വമായ സുന്ദരക്കാഴ്ചകളും പ്രകൃതിയുടെ മികച്ച മനോഹാരിതയും മിതശീതോഷ്‌ണ കാലാവസ്ഥയുമെല്ലാം വെളിപ്പെടുന്നത് വസന്തകാലത്താണ്.
വിശ്വാസിലോകം ആവേശത്തോടെ വരവേൽക്കുകയും ഈമാനിക ഊർജം സംഭരിക്കുകയും ചെയ്യുന്ന മാസമാണ് ഹിജ്‌റ കലണ്ടറിലെ ഒന്നാം വസന്തമെന്നർഥമുള്ള റബീഉൽ അവ്വൽ മാസം. പ്രവാചക പ്രേമത്തിന്റെ അതിരുകളില്ലാത്ത പ്രകടനങ്ങൾക്ക് ലോകം സാക്ഷിയാകുകയും പ്രകീർത്തന ശീലുകളാൽ അന്തരീക്ഷം മുഖരിതമാകുകയും ചെയ്യുന്ന മാസമാണത്. മനുഷ്യര്‍ മാത്രമല്ല, പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളും സചേതനങ്ങളും അചേതനങ്ങളുമെല്ലാം ഈ വസന്തകാലത്ത് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നു. കാരണം, കാലം കാത്തുവെച്ച സമ്മാനമായി, സന്മാർഗത്തിലേക്കുള്ള വഴിവിളക്കായി, തിരുപ്രകാശത്തിന്റെ ഒളിവ് ഉണ്ടായത് റബീഉൽ അവ്വല്‍ 12ന് തിങ്കളാഴ്ച പ്രഭാതത്തോടടുത്ത സമയത്താണ്.
അശാന്തിമുറ്റിയ ആറാം നൂറ്റാണ്ടിലെ ഇരുളടഞ്ഞ ജനതക്ക് സത്യത്തിന്റെയും ധർമത്തിന്റെയും വിജ്ഞാനത്തിന്റെയും സൂര്യതേജസ്സായി കടന്നുവന്ന വിശ്വപ്രവാചകരുടെ നിയോഗത്തെ അവാച്യമായ അനുഗ്രഹമായാണ് വിശുദ്ധ ഖുർആൻ വിശേഷിപ്പിക്കുന്നത്. “തീര്‍ച്ചയായും തങ്ങളില്‍ നിന്നുതന്നെയുള്ള ഒരു പ്രവാചകനെ സത്യവിശ്വാസികള്‍ക്കായി നിയോഗിച്ചതുമൂലം മഹത്തായ അനുഗ്രഹമാണ് അല്ലാഹു അവര്‍ക്ക് ചെയ്തിട്ടുള്ളത്. പ്രവാചകന്‍ അവര്‍ക്ക് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുകയും സംസ്‌കാരമുള്ളവരാക്കിത്തീര്‍ക്കുകയും ഗ്രന്ഥവും ജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിന് മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തില്‍ തന്നെയായിരുന്നു നിലകൊണ്ടിരുന്നത്. (ആലുഇംറാന്‍: 164)
ഭൗതിക ലോകത്തെ വിടവാങ്ങലിനു ശേഷം പതിനാല് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇത്രയേറെ അപദാനങ്ങളും സ്‌നേഹാദരവുകളും ഏറ്റുവാങ്ങി നിത്യവസന്തമായി ജ്വലിച്ചുനിൽക്കുന്ന ഒരു നേതാവിനെ, തിരുനബി(സ)യെയല്ലാതെ മറ്റൊരാളെയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. ശ്രേഷ്ഠമായ സർവ സ്വഭാവ ഗുണങ്ങളും പൂര്‍ണാര്‍ഥത്തില്‍ അവിടുത്തെ ജീവിതത്തിൽ മേളിച്ചിരുന്നു. പൂർവ പ്രവാചകന്മാരുടെ മികവുറ്റ സ്വഭാവ മഹിമകളാൽ സമ്പന്നമായ അവിടുത്തെ ജീവിതത്തിൽ നിന്നും പകർത്താൻ ഉദാത്തമായ അനേകം മാതൃകകളുണ്ട്. ഖുർആൻ പറയുന്നു: “തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്’ (അഹ്‌സാബ്: 21)
വിശുദ്ധ ഇസ്്ലാമിന്റെ ദർശനങ്ങളെ ആധികാരികവും പ്രായോഗികവുമായ രീതിയിൽ അന്ത്യനാൾ വരെയുമുള്ള മനുഷ്യർക്ക് മാതൃകയാക്കാവുന്ന വിധത്തിൽ അവിടുന്ന് ജീവിച്ചുകാണിച്ചു കൊടുത്തു. സൽസ്വഭാവത്തിന്റെ പൂർത്തീകരണത്തിനായി അല്ലാഹു നിയോഗിച്ച അന്ത്യ പ്രവാചകരുടെ സ്വഭാവസവിശേഷതകളെ, കൂടെ സഹവസിച്ച പത്നിമാരും അനുചരന്മാരും വളരെ കൃത്യമായി വിവരിച്ചിട്ടുണ്ട്. തിരുനബി(സ)യെ ജീവിത കാലത്ത് ദർശിക്കാൻ ഭാഗ്യം ലഭിക്കാതെ പോയ ഒരു അനുയായിയുടെ അന്വേഷണത്തിന് അവിടുത്തെ പ്രിയ പത്നി ആഇശാബീവി(റ) മറുപടി നൽകിയത് അവിടുന്ന് വിശുദ്ധ ഖുര്‍ആനിന്റെ ആൾരൂപമെന്നാണ്. വിശാലമായ അർഥതലങ്ങളുള്ള ഈ പ്രഖ്യാപനം മാത്രം മതി തിരുനബി(സ)യുടെ മഹത്വം മനസ്സിലാക്കാൻ. കാരണം, ഖുർആൻ ജീവിതത്തിന്റെ സമസ്ത മേഖലകളിലും മാറ്റം ചെലുത്താൻ ശക്തമാണെന്നതിന് ചരിത്രവും വർത്തമാനവും സാക്ഷിയാണ്. വിശുദ്ധ ഖുർആനിന്റെ വശ്യത, മാസ്മരികത, മാധുര്യം എന്നിവ മരവിച്ച മനസ്സുകളെ തരളിതമാക്കാനും നന്മയുടെ വസന്തം വിരിയിക്കാനും സാധിക്കുന്ന പോലെ തിരുവചനങ്ങളുടെ അനുരണനങ്ങളും അത്ര സ്വാധീനമുള്ളതാണ്. വിശുദ്ധ ഖുർആൻ അന്ത്യനാൾ വരെയുള്ള അവസാനത്തെ ആള്‍ക്കും അനുഭവിക്കാൻ കഴിയുന്ന ഒരു മുഅ്ജിസത്തെന്നപോലെ തിരുനബി(സ)യുടെ ദർശനങ്ങളും ലോകാവസാനം വരെ നിലനിൽക്കുകയും വഴി കാട്ടുകയും ചെയ്യും. ലോകത്ത് കാണുന്ന സർവ വൈജ്ഞാനിക മുന്നേറ്റങ്ങളുടെയും സാങ്കേതിക മികവുകളുടെയും ശാസ്ത്ര പുരോഗതികളുടെയും സാമൂഹിക ഉണര്‍വുകളുടെയും വേരുകള്‍ അന്വേഷിക്കുമ്പോൾ അതെല്ലാം വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും ചെന്നുചേരുന്നതായി കാണാവുന്നതാണ്.
തിരുനബി (സ) യുടെ ജീവിതം തന്നെയായിരുന്നു അവിടുത്തെ സന്ദേശം. അഥവാ ജനങ്ങൾക്ക് എന്ത് സന്ദേശമാണോ നൽകാനുദ്ദേശിച്ചത് അതുപ്രകാരം ജീവിതം പൂർണമായും ക്രമീകരിച്ചു. സ്വകാര്യ ജീവിതവും പൊതുജീവിതവും തമ്മിൽ അന്തരമുണ്ടായിരുന്നില്ല. നബി(സ)യുടെ ജീവിതവും ദർശനങ്ങളും തത്വങ്ങളും ഏതൊരാൾക്കും പ്രയോഗിക ജീവിതത്തിൽ പകർത്താൻ പറ്റുന്നതാണ്.
ലാളിത്യപൂര്‍ണമായ ജീവിതമായിരുന്നു തിരുദൂതരു(സ)ടെത്. മറ്റുള്ളവരേക്കാൾ ഉന്നത സ്ഥാനമോ അധികാരമോ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. വിശാലമായ സാമ്രാജ്യത്തിന്റെ അധിപനായിരിക്കെ വളരെ ലളിതവും മാതൃകാപരവുമായ ജീവിതമാണ് നയിച്ചിരുന്നത്. വർഗ വർണ ഭാഷ ദേശ വൈജാത്യങ്ങൾക്കപ്പുറം എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമായിരുന്നു അവിടുത്തേത്. ചുരുക്കത്തിൽ മനുഷ്യ ജീവിതവുമായി പരിപൂര്‍ണാർഥത്തിൽ സമരസപ്പെടുന്ന സാർവ കാലികവും സാർവജനീനവും സമ്പൂർണവുമായ സന്ദേശങ്ങളാണ് തിരു ദർശനങ്ങൾ. കാലത്തിന്റെ കുത്തൊഴുക്കിൽ കാലഹരണപ്പെടാതെ നിത്യവസന്തമായി അത് പ്രോജ്വലിച്ച് നിൽക്കുക തന്നെ ചെയ്യും.
ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറ് പ്രമുഖ വ്യക്തികളെപ്പറ്റിയുള്ള മൈക്കൾ എച്ച് ഹാർട്ടിന്റെ “The Hundred: A Ranking of the most lnfluential Persons in History’ എന്ന കൃതിയിൽ തിരുനബി(സ)ക്ക് പ്രഥമസ്ഥാനം നൽകിയതിന്റെ കാരണം ഗ്രന്ഥകർത്താവുതന്നെ വിശദീകരിക്കുന്നുണ്ട്. മതകാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും തിരുനബി(സ) നേതാവാണ്. മതനായകനായിരിക്കെ രാഷ്ട്ര നിർമാണ പ്രക്രിയയിൽ നേതൃപരമായ പങ്ക് വഹിക്കുകയും തന്റെ ജീവിതം തന്നെ ദർശനങ്ങളായി അവതരിപ്പിക്കുകയും ചെയ്തതാണ് മുഹമ്മദ് നബി(സ)യെ മറ്റു ചരിത്ര പുരുഷന്മാരിൽ നിന്നും വ്യതിരിക്തമാക്കുന്നതെന്ന് മൈക്കൽ എച്ച് ഹാർട്ട് വ്യക്തമാക്കുന്നുണ്ട്.